കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലും കേരളത്തിലെ ഇടതുമുന്നണിയുടെ സ്ഥാനാർഥികൾക്ക് വലിയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും രണ്ടിടത്തും വിജയിച്ചു ശക്തി തെളിയിക്കാം എന്ന് കരുതി മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎം, എല്ലാ അടവുകളും പയറ്റിയെങ്കിലും വലിയ തോൽവിയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വന്നത്. ലോകസഭ ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയമാണ് സിപിഎമ്മിനെയും ഇടതുമുന്നണിയെയും വലിയ നിരാശയിൽ വീഴ്ത്തിയത്. ലോകസഭാ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം അതിശക്തമായി ആഞ്ഞടിച്ചു എന്നാണ്, സിപിഎം പാർട്ടി സംസ്ഥാന കമ്മിറ്റി പോലും വിലയിരുത്തിയത്. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയും, പല അവസരത്തിലും നടത്തിയ അധികാരപരമായ ഇടപെടലുകളും പിണറായി വിജയനെ ജനങ്ങൾക്കിടയിൽ ശത്രു എന്ന രീതിയിൽ വിലയിരുത്താൻ അവസരം ഉണ്ടാക്കി. ഇപ്പോഴും സർക്കാർ വിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നു എന്ന വിലയിരുത്തലും സിപിഎമ്മിന് ഉണ്ട്.
സിപിഎം എന്ന പാർട്ടിയുടെ, നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ദേശീയ സമ്മേളനമായ പാർട്ടി കോൺഗ്രസ് അടുത്ത വർഷം നടക്കുകയാണ്. അതിന് മുന്നോടിയായിട്ടുള്ള താഴെ തലങ്ങളിലെ സമ്മേളനങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ബ്രാഞ്ച് ലോക്കൽ ഏരിയ കമ്മിറ്റികൾ യോഗങ്ങൾ പൂർത്തിയാക്കി ജില്ലാ സമ്മേളനങ്ങളിൽ എത്തിനിൽക്കുകയാണ്. ഈ എല്ലാ സമ്മേളനങ്ങളിലും പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിനെ കുറിച്ചും, നേതാക്കളുടെ വഴിതെറ്റിയ പ്രവർത്തനങ്ങളെക്കുറിച്ചും, സർക്കാരിൻറെ പിടിപ്പുകേടുകളെ പറ്റിയും അതിശക്തമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്. ചുരുക്കം ചില ജില്ലാ കമ്മിറ്റികൾ ആണ് ഇതിനകം നടന്നിട്ടുള്ളത്. നടക്കാനിരിക്കുന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും പാർട്ടിയുടെ ജില്ലാതല നേതാക്കൾ അടക്കം ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന ആശങ്കയും പാർട്ടി നേതാക്കൾക്ക് ഉണ്ട്.
ഇതിനിടയിലാണ് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ജില്ലകളിൽ വരെ സാധാരണ പ്രവർത്തകരും മറ്റു ഭാരവാഹികളും പാർട്ടിയിൽ നിന്നും രാജിവെച്ച്, മറ്റു പാർട്ടികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയും വന്നിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ സിപിഎം വലിയ പ്രതിസന്ധിയിലാണ്. മുൻ മന്ത്രിയും സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയുമായ ജി സുധാകരനെ, ജില്ലയിലെ ചില നേതാക്കൾ ചേർന്നുകൊണ്ട് വെട്ടി നിരത്താൻ ശ്രമിക്കുന്നതിനെതിരെ, പാർട്ടിയുടെ താഴെത്തട്ടിലെ കമ്മിറ്റികളിൽ പ്രവർത്തകർ വലിയ എതിർപ്പ് ഉയർത്തിയിരിക്കുകയാണ്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഷീബ രാജേഷ്, കഴിഞ്ഞദിവസം സമ്മേളനത്തിനിടയിൽ സുധാകരനെ എതിർത്ത നേതാക്കൾക്കെതിരെ പൊട്ടിത്തെറിക്കുകയും, ഇനിയും സുധാകര വിരുദ്ധ പ്രചാരണം നടത്തിയാൽ പാർട്ടി പദവികൾ രാജിവച്ച് മറ്റു പാർട്ടിയിലേക്ക് പോകും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതേ അനുഭവങ്ങൾ തന്നെയാണ് ഇപ്പോൾ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് ജില്ലയിലെ സ്ഥിതി. ഓരോ ദിവസവും സിപിഎമ്മിന്റെ പ്രാദേശിക കമ്മിറ്റികളിൽ നിന്നും പ്രവർത്തകർ കൂട്ടമായി രാജിവെച്ച് ബിജെപി അല്ലെങ്കിൽ കോൺഗ്രസ് പാർട്ടിയിലേക്ക് ചേർന്നു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ തേൻകുരിശി പഞ്ചായത്തിൽ ഭാരവാഹികൾ അടക്കം 200ലധികം പേർ കോൺഗ്രസിലേക്ക് ചേർന്ന സംഭവം ഉണ്ടായി. പത്തനംതിട്ട, തൃശ്ശൂർ,വയനാട് ജില്ലകളിലും സിപിഎമ്മിന് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. സിപിഎമ്മിന്റെ കരുത്തുള്ള കോട്ട എന്ന് പറയുന്ന കണ്ണൂരിൽ പോലും, വിഭാഗീയതയും വിമത പ്രവർത്തനവും ഓരോ ദിവസം കഴിയുന്തോറും ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ സംസ്ഥാനം ഒട്ടാകെ സർക്കാരിനെതിരായിട്ടും, പാർട്ടി നേതൃത്വത്തിന് എതിരായിട്ടും വിമർശനങ്ങൾ തുടരുന്ന സാഹചര്യത്തിൽ, സർക്കാരിൻറെ മുഖംമിനുക്കുന്നതിനുള്ള ആലോചനകളാണ് പാർട്ടി സെക്രട്ടറിയും ഇടതുമുന്നണി കൺവീനറും അടക്കമുള്ളവർ നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല പലതരത്തിലുള്ള ആരോപണങ്ങൾ തളർത്തിയിരിക്കുന്ന പിണറായി വിജയൻ, മുഖ്യമന്ത്രിപദം ഒഴിവായി മറ്റ് ആർക്കെങ്കിലും കൈമാറുന്നതിന് സന്നദ്ധത അറിയിച്ചതായിട്ടും വാർത്തകൾ വരുന്നുണ്ട്. പാർട്ടിക്ക് ഇപ്പോൾ ദേശീയ സെക്രട്ടറി ഇല്ല, താൽക്കാലിക ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ടുമായി പിണറായി വിജയൻ സ്ഥാനമാറ്റത്തിന്റെ ചർച്ച നടത്തിയതായി അറിയുന്നു.
2021 മേയ് മാസം ഇരുപതാം തീയതിയാണ്, രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്. അതുകൊണ്ടുതന്നെ, കാലാവധി പൂർത്തിയാക്കി നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ മാസത്തിൽ നടക്കേണ്ടതുണ്ട്. സർക്കാരിൻറെ അവസാന വർഷം, ഇപ്പോൾ നിലനിൽക്കുന്ന പരാതികളും പരിഭവങ്ങളും പരിഹരിച്ചുകൊണ്ട് മികച്ച ഭരണം എന്ന നിലയിലേക്ക്, ഇടതുമുന്നണി സർക്കാരിനെ മാറ്റിയെടുക്കുക എന്ന ആലോചന സിപിഎമ്മിനകത്ത് കുറേക്കാലമായി നടക്കുന്നുണ്ട്. 2026 മാർച്ച് മാസത്തിനു മുൻപ് മുഖ്യമന്ത്രിപദം പിണറായി വിജയൻ ഒഴിയുകയും, പകരമായി ഇപ്പോൾ മന്ത്രി ആയിട്ടുള്ള മുഹമ്മദ് റിയാസ് അല്ലെങ്കിൽ, മന്ത്രി പദവിയിൽ ഇരുന്ന, കേരളജനതയുടെ വലിയ താല്പര്യവും പ്രശംസയും നേടിയെടുത്ത, ഷൈലജ ടീച്ചറിനെയോ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്ന കാര്യമാണ് ആലോചനയിൽ ഉള്ളത്. ഇതിൽ ആര് പിണറായി വിജയൻ നിർദ്ദേശിച്ചാലും, മുഖ്യമന്ത്രിപദം ഒഴിയുന്ന നേതാവ് എന്ന പരിഗണനയിൽ പിണറായി വിജയൻറെ നാമനിർദേശം പാർട്ടിയിലും മുന്നണിയിലും അംഗീകരിക്കപ്പെടാനാണ് സാധ്യത. പിണറായി വിജയൻ തനിക്ക് താല്പര്യമുള്ള ആളിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചുകൊണ്ട് രാജിവെക്കുന്ന കാര്യമായിരിക്കും നടക്കുവാൻ സാധ്യത.
ചരിത്രം തിരുത്തി, കേരളത്തിൽ ഇടതുപക്ഷ മുന്നണി രണ്ടാം ഭരണത്തിന് അവസരം നേടിയപ്പോൾ ദേശീയതലത്തിൽ കേരള സർക്കാരിൻറെ കാര്യത്തിൽ വലിയ അഭിമാനമാണ് സിപിഎം പ്രവർത്തകരിൽ ഉണ്ടായിരുന്നത്. എന്നാൽ രണ്ടാം പിണറായി സർക്കാർ വലിയ പരാജയമാണ് എന്ന് എല്ലാ മേഖലയിലും പരസ്യമായി പറഞ്ഞു തുടങ്ങിയതോടെയാണ്, ഒരു മാറ്റം എന്ന കാര്യത്തിൽ നേതൃത്വം എത്തിയിരിക്കുന്നത്. പാർട്ടിയുടെ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് മുഖ്യമന്ത്രിമാറ്റത്തിന്റെ കാര്യത്തിൽ, പിണറായി വിജയനുമായി ആലോചന നടത്തി കഴിഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ഈ ചർച്ചയിൽ അവസാന ഒരു വർഷം പുതിയ ഒരാളെ മുഖ്യമന്ത്രിയാക്കി സർക്കാരിൻറെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കണം എന്ന ആശയത്തിൽ പിണറായി വിജയനും യോജിച്ചതായിട്ടാണ് അറിയുന്നത്.