സതീശനെ വീഴ്ത്തി ചെന്നിത്തലയുടെ കുതിപ്പ്

കോൺഗ്രസ് പാർട്ടിയിൽ പുതിയ സംഘം ചേരൽ

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സർവ്വാധിപതിയായി, സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അടിച്ചു വീഴ്ത്തി മുൻപ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല മുന്നിലേക്ക് കുതിച്ചത്, പാർട്ടിക്കകത്ത് പുതിയ വിപ്ലവത്തിന് വഴി തുറന്നു. കുറച്ചുനാളായി സതീശൻ ഏകാധിപതിയെ പോലെ പാർട്ടിക്കുള്ളിൽ വിലസുകയായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതും, ബിജെപിയുടെ മുതിർന്ന നേതാവായ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നതും, പ്രതിപക്ഷ നേതാവ് സതീശൻറെ വലിയ നേട്ടമായി അദ്ദേഹം തന്നെ പറഞ്ഞിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയത്തിൻ്റെ, എല്ലാ ക്രെഡിറ്റും സ്വന്തമാക്കുവാനും സതീശൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം തകർന്നടിയുന്ന കാഴ്ചയാണ്, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ടായിരിക്കുന്നത്.

രമേശ് ചെന്നിത്തല, പെരുന്നയിൽ എൻ എസ് എസ് ൻ്റെ മന്നം അനുസ്മരണ ചടങ്ങിൽ പങ്കെടുത്തത്, അദ്ദേഹത്തിന്റെ നേട്ടമായി മാറി. തൊട്ടടുത്ത ദിവസം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ചെന്നിത്തലയെ മാന്യനും നല്ലവനും ആയ നേതാവ് ആയിട്ടും, ഭാവി മുഖ്യമന്ത്രി ആയിട്ടും പ്രസ്താവന നടത്തിയത് സതീശന് വലിയ തിരിച്ചടിയായി. മാത്രവുമല്ല, ഈ സംഭവത്തിൽ മുതലെടുപ്പ് നടത്തുവാൻ വേണ്ടി ചെന്നിത്തല പരമാവധി ശ്രമിക്കുകയും ചെയ്തു. എൻ എസ് എസ് നോട് മാത്രമല്ല എല്ലാ സമുദായങ്ങളുമായും തനിക്ക് നല്ല അടുപ്പവും ബന്ധവുമുണ്ട് എന്നും, അത് കോട്ടം വരാതെ നിലനിർത്താൻ താൻ ശ്രമിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞുവെച്ചപ്പോൾ., സാമുദായിക നേതൃത്വങ്ങളുമായി ഇത്തരത്തിൽ ഒരു ബന്ധവുമില്ല എന്ന് മാത്രമല്ല അവരെല്ലാം തള്ളിക്കളഞ്ഞ നേതാവാണ് സതീശൻ എന്ന ഒരു വ്യാഖ്യാനവും ചെന്നിത്തലയുടെ പ്രസ്താവനയിൽ കൂടി പുറത്തുവന്നിരുന്നു.

കേരളത്തിലെ കോൺഗ്രസിനകത്തുള്ള ഗ്രൂപ്പ് സമവാക്യങ്ങളിൽ വലിയ മാറ്റം വന്നതായിട്ടും, സതീശൻ ചെന്നിത്തല പോരിലൂടെ വ്യക്തമായിട്ടുണ്ട്. സതീശൻ ധിക്കാരിയും അഹങ്കാരിയും ആണെന്നത്, പൊതുവേ എല്ലാ നേതാക്കളും പറയുന്ന ആരോപണമാണ്. ചെന്നിത്തലയാവട്ടെ എല്ലാ വിഷയങ്ങളിലും, സമവായത്തിന്റെ ശൈലിയിലൂടെ ഇടപെടുകയും ചെയ്യുന്നു എന്ന വിലയിരുത്തലും ഉണ്ടായിട്ടുണ്ട്. ചെന്നിത്തല സതീശൻ പോര് മുതലെടുത്ത്, സതീശനെ ഒതുക്കാൻ കെപിസിസി പ്രസിഡണ്ട് സുധാകരനും, ദേശീയ നേതാവായ കെ.സി വേണുഗോപാലും മുന്നോട്ടുവന്നതാണ് പുതിയ കളം മാറ്റങ്ങൾക്ക് വഴിയൊരുക്കിയത്. ഈ രണ്ടു നേതാക്കളും, ചെന്നിത്തലയെ പുകഴ്ത്തുകയും പിന്താങ്ങുകയും ചെയ്യുന്ന നിലപാടാണ് എടുത്തത്. കേരളത്തിൻറെ ഭാവി മുഖ്യമന്ത്രിയായി ചെന്നിത്തല വരുന്നതിനുള്ള യോഗ്യതയെല്ലാം അദ്ദേഹത്തിനുണ്ട് എന്നാണ്, സുധാകരൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞത്. സുധാകരന്റെ നിലപാട് തള്ളിക്കളയാതെ ഒപ്പം നിൽക്കുന്ന സമീപനമാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പ്രകടിപ്പിച്ചത്.

ഇതിനിടയിലാണ് വലിയ തിരിച്ചടി എന്ന വിധത്തിൽ പ്രതിപക്ഷ നേതാവ് സതീശനെതിരെ, സാമുദായിക പ്രീണനത്തിന്റെ പുതിയ പരാതി പുറത്തുവന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മാത്രമല്ല, ലോകസഭാ തിരഞ്ഞെടുപ്പിൽ വടകരയിലും, സതീശനും ഷാഫി പറമ്പിലും ചേർന്നുകൊണ്ട് മത ഭീകരവാദ സംഘടനകളായ എസ് ഡി പി ഐ, അതുപോലെ ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി രഹസ്യ ബന്ധം ഉണ്ടാക്കുകയും, അവരുടെ വോട്ട് നേടിയെടുക്കുകയും ചെയ്തു എന്നും, ഇതിന് നേതൃത്വം കൊടുത്തത് സതീശൻ ആയിരുന്നു എന്നുമാണ് പുറത്തുവരുന്ന ആരോപണം. കോൺഗ്രസ് പാർട്ടിയും, യുഡിഎഫിലെ മറ്റൊരു മുഖ്യലക്ഷ്യയായ മുസ്ലിം ലീഗ് പാർട്ടിയും സതീശന്റെ ഈ ഭീകരസംഘടനബന്ധം എതിർത്തിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്നപ്പോൾ, വടകര മണ്ഡലത്തിൽ എസ് ഡി പി ഐ നേതാക്കൾ പരസ്യമായി പ്രകടനം നടത്തുകയും, ഷാഫി പറമ്പിലിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്തത്, ഈ രഹസ്യബന്ധത്തിന്റെ പേരിലായിരുന്നു എന്നും വിമർശകർ പറയുന്നുണ്ട്.

2021 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അവസരത്തിലെ യുഡിഎഫ് അല്ല ഇപ്പോൾ കേരളത്തിൽ എന്നും, ഏതു തെരഞ്ഞെടുപ്പും വിജയിച്ചു വരാനുള്ള വളർച്ച യുഡിഎഫ് നേടിയെന്നും, പുതിയ പാർട്ടി നേതൃത്വം പോലും യുഡിഎഫിലേക്ക് കടന്നു വരികയാണ് എന്നൊക്കെ, അഹങ്കാരത്തോടെ മാധ്യമപ്രവർത്തകരോട് സതീശൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലും കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും തലവൻ താനാണെന്നും, എല്ലാ നേട്ടങ്ങൾക്കും കാരണം തൻറെ പ്രവർത്തനങ്ങളാണെന്നും വരുത്തുകയായിരുന്നു സതീശന്റെ പ്രസ്താവന ലക്ഷ്യം.

കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ യുവ നേതാക്കളെ, സ്വന്തം ഗ്രൂപ്പിൽ ഒരുമിപ്പിച്ച് നിർത്തി, കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ മനപൂർവ്വമായി തഴയുന്നതിനുള്ള നീക്കങ്ങളാണ്, സതീശൻ കുറച്ചുകാലമായി നടത്തിവരുന്നത്. ഈ പോക്കിനെ മുതിർന്ന പല നേതാക്കളും വിമർശിക്കുകയും ചെയ്തിരുന്നു. കെപിസിസി പ്രസിഡൻറ് സുധാകരൻ, കഴിഞ്ഞകാലങ്ങളിൽ സതീശനുമായി സഹകരിച്ചു പോകുന്ന നിലപാട് എടുത്തിരുന്നു. എന്നാൽ സുധാകരനെയും വെട്ടി വീഴ്ത്തി, എല്ലാം കൈപ്പിടിയിൽ ഒതുക്കാനുള്ള സതീശന്റെ നീക്കങ്ങൾ തിരിച്ചറിഞ്ഞതോടുകൂടി, ഇപ്പോൾ സുധാകരനും ബന്ധം ഉപേക്ഷിച്ച് പുതിയ കൂട്ടുകെട്ടിന് തയ്യാറായിരിക്കുകയാണ്. സുധാകരന്റെ ഈ നീക്കം, എഐസിസി നേതാവായ കെ.സി വേണുഗോപാലിന്റെ മൗനാനുവാദത്തോടുകൂടിയാണെന്നും പറയപ്പെടുന്നുണ്ട്. രമേശ് ചെന്നിത്തലയെ മുന്നിൽ നിർത്തിക്കൊണ്ടുള്ള കളികളാണ്, ഈ രണ്ടു നേതാക്കളും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ചെന്നിത്തലയെ മുന്നിൽ നിർത്തി സതീശനെ വെട്ടി വീഴ്ത്തുക എന്ന തന്ത്രമാണ് സുധാകരൻ- വേണുഗോപാൽ സംഘം തുടങ്ങിവച്ചിരിക്കുന്നത്.

രമേശ് ചെന്നിത്തല തന്ത്രപരമായ മറ്റൊരു നീക്കവും ഇതിനിടയിൽ നടത്തിയിരുന്നു. പാർട്ടിയിൽ മാത്രമല്ല പാർലമെൻററി പാർട്ടി നേതൃത്വത്തിലും അഴിച്ചുപണിയും പുനസംഘടനയും നടത്തണം എന്ന ചെന്നിത്തലയുടെ പ്രസ്താവന, സതീശനെ പ്രതിപക്ഷ നേതാവിന്റെ പദവിയിൽ നിന്നും മാറ്റുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ഈ നീക്കത്തിന് മുതിർന്ന ജില്ല നേതാക്കളുടെ പിന്തുണയും ഉണ്ടെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ ഇപ്പോൾ തുടർന്നുവരുന്ന ധിക്കാരപരമായ പ്രവർത്തന ശൈലിയെ, കോൺഗ്രസ് ഹൈക്കമാൻ്റിനു മുന്നിൽ എത്തിക്കാനും ചില മുതിർന്ന എംപിമാരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്.

അടുത്ത ആഴ്ച കോൺഗ്രസ് പാർട്ടിയുടെ ദേശീയ സമ്മേളനം നടക്കുന്നുണ്ട്. ഈ സമ്മേളനത്തിൽ മുഖ്യമായും ചർച്ചയിൽ വരുക, വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പാർട്ടി കമ്മറ്റികളിൽ എല്ലാം പുനസംഘടന ഉണ്ടാവുക എന്നത് സംബന്ധിച്ച് ആയിരിക്കും. കോൺഗ്രസ് പ്രസിഡണ്ടും ഈ നിർദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത ഒരു വർഷം തെരഞ്ഞെടുപ്പുകളുടെ കാലമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ, പ്രതിപക്ഷ നേതാവായ സതീശന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ, യുഡിഎഫിന് പരാജയം ഉണ്ടാകും എന്ന് വെള്ളാപ്പള്ളി നടേശൻ തുറന്നു പറഞ്ഞതും, എൻ എസ് എസ് അഭിപ്രായം സമ്മതിക്കുന്നതും സതീശന് തിരിച്ചടിയായി മാറും എന്നതും, പറയുന്ന കാര്യമാണ്.