മണി ആശാൻ്റെ ഇടിവെട്ട് പ്രസംഗം വീണ്ടും

അടിച്ചാൽ തിരിച്ചടിക്കണം ഇല്ലെങ്കിൽ പാർട്ടി തകരും

ടുക്കിയിലെ സിപിഎമ്മിന്റെ ഏറ്റവും മുതിർന്ന നേതാവും എം എൽ എ യുമായ മണി ആശാൻ ആള് ചില്ലറക്കാരനല്ല. നാക്ക് അനക്കിയാൽ നല്ല ഒന്നാന്തരം ഭരണിപ്പാട്ട് ഒഴുകിയെത്തുന്ന ശീലക്കാരനാണ് മണി ആശാൻ. ഒരു ഗുണമുണ്ട് മണി ആശാന്, ആശാൻറെ നിയമങ്ങളും കാര്യങ്ങളും ഒക്കെ ഉള്ളൂ, അതുകൊണ്ടുതന്നെ അടി ഇടി കൊല ഇതൊക്കെ ചുമ്മാ തട്ടി വിടാൻ മണി ആശാൻ മടിക്കാറില്ല. മുൻപ് വൺ ടു ത്രീ എന്ന് പറഞ്ഞാൽ മൂന്ന് രാഷ്ട്രീയ ശത്രുക്കളെ കൊന്ന കഥ അതേപോലെ സ്റ്റേജിൽ കയറി പ്രസംഗിച്ചപ്പോൾ, അത് കേസ് ആവുകയും അതിൻറെ പൊല്ലാപ്പിൽ കുടുങ്ങുകയും ഒക്കെ ചെയ്തതാണെങ്കിലും, മണിയാശാൻ അടങ്ങുന്ന ലക്ഷണം ഒന്നും പിന്നെയും കാണിച്ചിട്ടില്ല. ഇപ്പോൾ വീണ്ടും ഒരു അടി ഇടി പ്രസംഗം ആയിട്ടാണ്, മണിയാശാൻ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം, സിപിഎമ്മിന്റെ ഇടുക്കിയിലെ മറയൂർ പാർട്ടി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചപ്പോഴാണ്, മണിയാശാൻ പുതിയ ആയുധങ്ങൾ പ്രയോഗിച്ചത്. പാർട്ടി ശത്രുക്കൾ അടിച്ചാൽ ഇരട്ട ശക്തിയിൽ തിരിച്ചടിക്കണം, അത് നടന്നില്ലെങ്കിൽ പാർട്ടിയിൽ ഒരു പട്ടി പോലും ഉണ്ടാകില്ല എന്നാണ് മണി ആശാൻ പറഞ്ഞത്. മാത്രവുമല്ല, സ്റ്റേജിൽ ഇരുന്നിരുന്ന സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി സി വി വർഗീസിനെ ഒന്ന് പൊക്കി പറയാനും മണിയാശാൻ മടിച്ചില്ല. സഖാക്കളെ, നമ്മുടെ പാർട്ടി സെക്രട്ടറി വർഗീസ് അടിച്ചു നിരത്തുന്നതിൽ ആശാനാണ്. വർഗീസ് പലവട്ടം എതിർ രാഷ്ട്രീയക്കാരെ അടിച്ചു നിരത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഇടുക്കിയിൽ നമ്മുടെ പാർട്ടി ശക്തമായി നിൽക്കുന്നതും, പാർട്ടിയിൽ പ്രവർത്തകർ ഉള്ളതും എന്നുകൂടി ഉച്ചത്തിൽ പറഞ്ഞപ്പോൾ, ഏതായാലും കേട്ടിരുന്ന കുട്ടി സഖാക്കൾ നിർത്താതെ ആവേശത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു.

എം എം മണി എന്ന ഇടുക്കിയിലെ നേതാവ്, നാക്കിൽ വികട സരസ്വതി നിറഞ്ഞുനിൽക്കുന്ന ഒരാളാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. സ്റ്റേജിൽ കയറിയാൽ കഥകളി നടൻറെ അവസ്ഥയിലാണ് മണി ആശാൻ. ഓരോ വാചകം തട്ടിവിടുമ്പോഴും കൈ ഉയർത്തി ഒരുമാതിരി ലൈംഗിക ചുവയുള്ള ആംഗ്യങ്ങൾ നിർത്താതെ കാണിച്ചു കൊണ്ടിരിക്കും. മാത്രവുമല്ല, സാധാരണ നേതാക്കന്മാരായി വളർന്ന ഒരാളും പ്രയോഗിക്കാത്ത വാക്കുകൾപ്രസംഗത്തിൽ നിറയ്ക്കാനും മണിയാശാൻ മടിക്കാറില്ല. – പോടാ പുല്ലേ – തെണ്ടി – നാറി – അവൻ – മറ്റവൻ തുടങ്ങിയ തരംതാണ വാക്കുകളെല്ലാം പ്രസംഗത്തിൽ നിറയെ മണി ആശാൻ തട്ടിവിട്ടു കൊണ്ടിരിക്കും. ഇതൊക്കെ കേൾക്കുന്ന മലയോര മേഖലയിലെ പ്ലാന്റേഷൻ തൊഴിലാളികൾ, നിർത്താതെ കയ്യടിച്ചു കൊണ്ടിരിക്കും. മുന്നിലിരിക്കുന്ന ആൾക്കാരുടെ ആവേശം കൂടുന്തോറും, മണിയാശാൻ സിപിഎം ഒഴികെയുള്ള മറ്റു പാർട്ടിക്കാരെ നിർത്താതെ ചീത്ത വിളിക്കുകയും ചെയ്യും.

ഇതിനിടയിലാണ് മണി ആശാൻ ചില ഉപദേശങ്ങൾ കൂടി സഖാക്കളോട് പറയുക. നമ്മുടെ പാർട്ടിയുടെ ലക്ഷ്യം എന്നത്, ജനകീയ ജനാധിപത്യ വിപ്ലവം രാജ്യത്ത് നടപ്പാക്കുക എന്നതാണ്. കമ്മ്യൂണിസവും സോഷ്യലിസവും നാട്ടിൽ സ്ഥാപിച്ച് എടുക്കണം, അതിനു വേണ്ടിയുള്ള ഏത് സമരത്തിനും സഖാക്കൾ തയ്യാർ ആകണം. പാർട്ടിയിൽ നിന്നാൽ പോലീസിൻറെ തല്ലും കോടതി കേസും ഒക്കെ ഉണ്ടാകും. ഇതൊന്നും ഭയന്നിട്ട് കാര്യമില്ല, അങ്ങനെയുള്ളവൻ നമ്മുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തുടരേണ്ടതില്ല, ഇതൊക്കെ നേരിടാൻ നല്ല ധൈര്യമുണ്ടെങ്കിൽ പാർട്ടിയിൽ നിന്നാൽ മതി, അല്ലാത്തവരൊക്കെ വിട്ടുപോകുന്നതാണ് നല്ലത്.

ഇടുക്കിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കുന്നതും, വളർന്നതും, തല്ലി തോൽപ്പിച്ചു കൊണ്ടാണ്. ഇത് ആരും മറക്കരുത്, രാഷ്ട്രീയ ശത്രുക്കളുടെ തല്ലിനെ നേരിടാൻ, നമ്മുടെ സാധാരണ പ്രവർത്തകർക്ക് പാർട്ടി തന്നെ പരിശീലനം നൽകണമെന്ന്, ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മണി ആശാൻ അഭ്യർത്ഥിച്ചു. മറ്റൊരു ഉപദേശം കൂടി അദ്ദേഹം പറയുകയുണ്ടായി. നമുക്കെതിരെ അക്രമവുമായി വരുന്നവരെ സമാധാനപരമായി പിന്തിരിപ്പിക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്, എന്നാൽ ആക്രമണത്തിന് വരുന്നവർ അതിന് തയ്യാറായില്ലായെങ്കിൽ അടിച്ചു നിരത്തുകയല്ലാതെ വേറെ മാർഗ്ഗമില്ല, ഇതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാർഗം. ഈ മാർഗ്ഗത്തിലൂടെയാണ് പാർട്ടി ഇത്രയും കാലം പ്രവർത്തിച്ചത് എന്നും മണിയാശാൻ പറയുന്നു.