പത്മജയുടെ ഗതികേടിലേക്ക് കെ.മുരളീധരനും

പാർട്ടിക്ക് പുറത്താകുന്ന അനാവശ്യ പ്രസ്താവനകൾ

കേരളത്തിൻറെ രാഷ്ട്രീയ ഭീഷ്മാചാര്യനും ജനകീയനും ആയിരുന്ന, കെ കരുണാകരന്റെ മക്കളായ മുരളീധരനും സഹോദരി പത്മജയും ഏറെക്കാലമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. സ്ഥാനമാനങ്ങൾ മോഹിച്ചുകൊണ്ട് പലതവണ മത്സരിച്ചു എങ്കിലും ഒരിക്കലും ജയിക്കാതെ വന്ന നിരാശ മൂലം അടുത്ത ഇടയ്ക്ക്, പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ ഒരു വർഷം അടുക്കാറായിട്ടും ബിജെപിയോ നേതാക്കളോ പത്മജയ്ക്ക് കാര്യമായ പരിഗണനയോ സ്ഥാനമാനമോ ഒന്നും കൊടുത്തില്ല.

ഏതാണ്ട് രണ്ടും കെട്ട അവസ്ഥയിലാണ് ഇപ്പോൾ പത്മജ. അങ്ങനെയുള്ള പത്മജയുടെ അതേ ഗതികേടിലേക്ക് സഹോദരനായ കെ മുരളീധരനും എത്തുമെന്നുള്ള അഭിപ്രായങ്ങൾ, ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാർട്ടിക്ക് അകത്ത്- തുറന്നു പറയേണ്ട കാര്യങ്ങൾ പോലും ഒരു നേതാവിനോടും ആലോചിക്കാതെ പുറത്തു പറയുന്നതും, അനവസരത്തിൽ അനാവശ്യ പ്രസ്താവനകൾ നടത്തി പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതും തുടരുന്ന സ്ഥിതിയിലാണ്, മുരളീധരനെതിരെ പാർട്ടിയുടെ കേരള നേതൃത്വവും കേന്ദ്ര നേതൃത്വവും നടപടികൾ എടുക്കാൻ ഒരുങ്ങുന്നു, എന്ന വാർത്തകൾ പുറത്തുവരുന്നത്. ചാനലുകാരുടെ മൈക്കും ലൈറ്റും അടുത്തകാലത്തായി മുരളീധരന് വലിയ ബലഹീനതയായി മാറിയിരിക്കുന്നു എന്നും, ചാനലിനെ കണ്ടാൽ എന്തും വിളിച്ചു പറയുന്ന, തരംതാണ സ്ഥിതിയിലേക്ക് മുരളീധരൻ മാറിയിരിക്കുന്നു എന്നുമാണ് കേരളത്തിലെ നേതാക്കൾ അഭിപ്രായപ്പെടുന്നത്.

2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ, വടകര മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു പോയ മുരളീധരൻ, 2024ലെ തെരഞ്ഞെടുപ്പിൽ അവിടെത്തന്നെ സ്ഥാനാർഥിയാകും എന്ന് ഉറപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്തിയിരുന്നതാണ്. എന്നാൽ അവസാന നിമിഷത്തിൽ പ്രതിപക്ഷ നേതാവ് സതീശനും മറ്റു ജില്ല നേതാക്കളും ഒത്തു കളിച്ചുകൊണ്ട് മുരളീധരനെ വടകരയിൽ നിന്നും ഓടിച്ച് തൃശ്ശൂരിൽ മത്സരിപ്പിക്കുകയായിരുന്നു. അവിടെ യുഡിഎഫിന്റെ സ്ഥാനാർഥിയായി മത്സരിച്ച മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോൺഗ്രസുകാർ തന്നെ, തന്നെ തോൽപ്പിക്കുവാൻ രംഗത്തിറങ്ങി എന്ന് തിരിച്ചറിഞ്ഞ മുരളീധരൻ അതിനുശേഷം യഥാർത്ഥത്തിൽ പാർട്ടിയിലെ വിമത ശബ്ദമായി മാറുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും തോൽവി ഉണ്ടാവുകയും ചെയ്തപ്പോൾ താൻ ഇനിയും ഒരു തെരഞ്ഞെടുപ്പിനും മത്സരിക്കുന്നില്ല എന്നും രാഷ്ട്രീയം തൽക്കാലം ഉപേക്ഷിക്കുകയാണ് എന്നും വരെ മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് പാർട്ടിയും മുസ്ലിം തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളും ആയിട്ടുള്ള രഹസ്യബന്ധം വലിയ ചർച്ചയായി നിലനിൽക്കുകയാണ്. മുസ്ലിം വിശ്വാസികൾക്കിടയിൽ പ്രവർത്തിക്കുന്ന, ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയും എസ് ഡി പി ഐ എന്ന സംഘടനയും കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ കോൺഗ്രസിലെ നേതാക്കളും പ്രതിപക്ഷ നേതാവും തള്ളിപ്പറഞ്ഞു. ഞങ്ങൾ ഒരു മുസ്ലിം സംഘടനയോടും വോട്ട് ചോദിച്ചിട്ടില്ല എന്നും ആരെങ്കിലുമൊക്കെ കോൺഗ്രസിനോടുള്ള താല്പര്യം കൊണ്ട് വോട്ട് ചെയ്തിട്ടുണ്ടാകാം എന്നുമൊക്കെയുള്ള മുടന്തൻ ന്യായങ്ങളാണ് കോൺഗ്രസ് നേതാക്കൾ തടി തപ്പാനായി പറഞ്ഞത്. ഈ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ, വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന്, എസ് ഡി പി ഐ പരസ്യമായി പിന്തുണ പറയുകയും വോട്ട് ചെയ്യുകയും ഫലം വന്നപ്പോൾ വിജയിച്ച ഷാഫിക്ക് വേണ്ടി പരസ്യമായി സിന്ദാബാദ് വിളിച്ച് ആഘോഷ പ്രകടനം നടത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇത്തരത്തിലുള്ള തർക്കങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.

ഇതിനിടയിലാണ് കെ മുരളീധരൻ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി അതുപോലെതന്നെ മുസ്ലിം വിശ്വാസികളുടെ പാർട്ടിയായ വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകൾ കോൺഗ്രസ് സ്ഥാനാർത്ഥിയായ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രാജശേഖരനെതിരെ മത്സരിച്ചപ്പോൾ ഈ പറയുന്ന സംഘടനകൾ വലിയതോതിൽ തനിക്ക് വോട്ട് ചെയ്തു എന്ന് പരസ്യമായി മുരളീധരൻ പ്രസ്താവന നടത്തിയത്. ഇതുമാത്രമല്ല, കഴിഞ്ഞ ഇടയ്ക്ക് നടന്ന പാലക്കാട് വയനാട് ഉപതിരഞ്ഞെടുപ്പുകളിലും, ഇത്തരത്തിലുള്ള മുസ്ലിം സംഘടനകളുടെ വോട്ടുകൾ, യുഡിഎഫിന്റെ സ്ഥാനാർഥികൾ ചോദിച്ചു വാങ്ങിയിട്ടുണ്ടെന്നും മുരളീധരൻ പ്രസ്താവന നടത്തി. മുരളീധരന്റെ ഈ തുറന്നു പറച്ചിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുകയാണ്. മുരളീധരനെ പോലെ മുതിർന്ന ഒരു കോൺഗ്രസ് നേതാവ് പറയുന്ന അഭിപ്രായത്തെ മറ്റു നേതാക്കന്മാർ എങ്ങനെ ന്യായീകരിക്കും എന്നറിയാതെ വിഷമിക്കുകയാണ്. കെപിസിസിയുടെ മുൻപ്രസിഡന്റ്, മുൻമന്ത്രി, മുൻ എം പി, രാഷ്ട്രീയകാര്യ സമിതി അംഗം തുടങ്ങി കേരളത്തിലെ പാർട്ടിയുടെ ഉന്നത പദവികളിൽ ഇരുന്നിട്ടുള്ള ഒരാൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചും, വോട്ട് വാങ്ങിയതിനെക്കുറിച്ചും പറയുമ്പോൾ, അതിന് സ്വാഭാവികമായും ആധികാരികത ഉണ്ടാകും. മുരളീധരന്റെ വാക്കുകളെ വെറുതെ തള്ളിക്കളയാൻ കഴിയില്ല എന്ന കാര്യവും, കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് അറിയാവുന്നതാണ്. ഇപ്പോൾ മുരളീധരൻ പറഞ്ഞു വെച്ചിട്ടുള്ള കാര്യങ്ങൾ സിപിഎം അടക്കമുള്ള കോൺഗ്രസ് വിരുദ്ധ പാർട്ടികൾക്ക്, അടുത്ത തെരഞ്ഞെടുപ്പിൽ ആയുധമായി ഉപയോഗിക്കാൻ കഴിയും എന്ന കാര്യവും മുതിർന്ന നേതാക്കൾ പറയുന്നുണ്ട്. ഇത്തരത്തിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ, വലിയ തരത്തിൽ പ്രതിസന്ധിയിൽ ആക്കിയ മുരളീധരന്റെ നിലപാടുകളെ എതിർത്തുകൊണ്ടും, മുരളീധരനെ ഇതേ രീതിയിൽ തുറന്നു വിടാൻ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടും, കേരളത്തിലെ എല്ലാ ഗ്രൂപ്പിലുംപെട്ട കോൺഗ്രസിന്റെ നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻ്റിന് പരാതി നൽകി കഴിഞ്ഞു. കഴിഞ്ഞദിവസം, കർണാടകയിലെ ബലെഗാവിൽ നടന്ന, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം, കേരള നേതാക്കൾ മുരളീധരനെതിരെ, പാർട്ടി പ്രസിഡണ്ടിനും രാഹുൽ ഗാന്ധിക്കും നേരിട്ട് തന്നെ പരാതി നൽകിയതായിട്ടും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഏതായാലും, കേരളത്തിൽ ഇപ്പോഴും പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമുള്ള ഒരു നേതാവാണ് മുരളീധരൻ. ഇതൊക്കെ കേരളത്തിലെ മറ്റു നേതാക്കൾക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മുരളീധരൻ പാർട്ടിയിൽ നിന്നും വരുന്ന അവഗണനകളെയും പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ തനിക്കെതിരെ നടത്തുന്ന രഹസ്യ നീക്കങ്ങളിലും പ്രതിഷേധിച്ചുകൊണ്ടാണ് നേതാക്കളെ തന്നെ കുടുക്കുന്ന വിധത്തിലുള്ള പ്രസ്താവനകൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത് . ഇപ്പോഴത്തെ സഹികെട്ട അവസ്ഥയിൽ, പ്രതിപക്ഷ നേതാവും മറ്റു ഗ്രൂപ്പ് നേതാക്കളും കെപിസിസി പ്രസിഡണ്ടും ഒരുമിച്ചു തന്നെ മുരളീധരനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കും എന്നാണ് അറിയുന്നത്. ചില നേതാക്കൾ മുരളീധരനെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുത്ത്, പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യണം എന്നു വരെ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടതായിട്ടും വാർത്തകൾ വരുന്നുണ്ട്.