ബിജെപിയിൽ പൊരിഞ്ഞ അടി

സുരേന്ദ്രൻ വിരുദ്ധർ രാജിവയ്ക്കുന്നു

കാലങ്ങളായി പണിയെടുത്തിട്ടും കാര്യമായ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഒന്നും നേടുവാൻ കഴിയാതെ, മുട്ടിൽ ഇഴഞ്ഞ് നീങ്ങുകയാണ് കേരളത്തിലെ ബിജെപി എന്ന പാർട്ടി. ദേശീയതലത്തിൽ അധികാരത്തിൽ വരുകയും, പല സംസ്ഥാനങ്ങളിലും ശക്തിയായി മാറുകയും ചെയ്യുന്നുണ്ട് എങ്കിലും, ബിജെപി എന്ന പാർട്ടിയുടെ കേരളത്തിലെ നേതാക്കളുടെ സ്വഭാവഗുണം കൊണ്ട്, ഒരു തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. അടുത്ത ഒരു വർഷത്തിനിടയിൽ, കേരളത്തിൽ പ്രധാനപ്പെട്ട രണ്ട് തെരഞ്ഞെടുപ്പുകൾ നടക്കാനുണ്ട്. ഈ തെരഞ്ഞെടുപ്പുകൾ നേരിടുന്നതിന്, പാർട്ടിയെ സജ്ജമാക്കാൻ നേതാക്കൾ പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, ഇതിനായി ചേരുന്ന നേതാക്കളുടെ യോഗങ്ങളിലെല്ലാം, തമ്മിലടി സ്ഥിരം പരിപാടിയായി മാറുകയാണ്.

സംഘടന തെരഞ്ഞെടുപ്പ് പൂർത്തീകരിക്കാൻ പോലും കഴിയാതെ വിഷമിക്കുകയാണ്, പാർട്ടിയുടെ കേരളത്തിലെ ഔദ്യോഗിക പക്ഷം. സംഘടനയുടെ തെരഞ്ഞെടുപ്പു കാര്യങ്ങളും ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുവാൻ വേണ്ടി, കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും, വരണാധികാരികളുടെയും ഓൺലൈൻ യോഗം പൂർത്തീകരിക്കാൻ കഴിയാതെ അവസാനിക്കുകയാണ് ഉണ്ടായത്. സുരേന്ദ്രൻ അനുകൂലികൾ ഒരുവശത്തും, എതിർക്കുന്നവർ മറുവശത്തും നിന്നുകൊണ്ട്, ഓൺലൈനിൽ കനത്ത ഭാഷയിൽ സംഘർഷം നടത്തുകയാണ് ഉണ്ടായത്. സുരേന്ദ്രൻ വിരുദ്ധരായ മുതിർന്ന നേതാക്കൾ, ഓൺലൈൻ യോഗത്തിൽ തന്നെ പ്രതിഷേധം അറിയിച്ചുകൊണ്ട്, യോഗം ബഹിഷ്കരിക്കുകയും ചെയ്തു. ഇതോടുകൂടി യോഗം തുടരുന്നതിൽ അർത്ഥമില്ല എന്ന്, കേന്ദ്ര നിരീക്ഷകരായി എത്തിയവർ അഭിപ്രായപ്പെട്ടതോടുകൂടി യോഗം അവസാനിപ്പിക്കുകയാണ് ചെയ്തത്.

സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗം എന്നോണം, ഈ വിഷയമാണ് യോഗത്തിൽ ആദ്യമായി ചർച്ചയ്ക്ക് വെച്ചത്. ഇതിൻറെ മുന്നോടിയായി, സംഘടനയുടെ കേരളത്തിലെ പ്രസിഡൻറ് പദവിയിലുള്ള സുരേന്ദ്രന്റെ കാലാവധി, അഞ്ചു വർഷമായി നീട്ടുന്നതിന്റെ തീരുമാനം യോഗത്തിന് എത്തിയ കേന്ദ്ര നേതാവ് പറഞ്ഞതോടുകൂടിയാണ്, തർക്കം രൂക്ഷമായത്. നിലവിൽ പാർട്ടിയുടെ ഭരണഘടന പ്രകാരം സംസ്ഥാന പ്രസിഡൻറ് അടക്കമുള്ള ഏത് ഭാരവാഹിയുടെയും കാലാവധി മൂന്നുവർഷം മാത്രമാണ്. ഈ നിയമം ഉയർത്തിക്കൊണ്ടാണ് സുരേന്ദ്രൻ വിരുദ്ധ പക്ഷം യോഗത്തിൽ ഒച്ചപ്പാട് ഉണ്ടാക്കിയത്.

നിലവിലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രൻ, ആ പദവിയിൽ നിന്നും മാറി പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കണമെന്ന വിമത പക്ഷത്തിന്റെ ആവശ്യത്തിന്, കേന്ദ്ര നേതൃത്വം അനുമതി നൽകുന്നില്ലായെന്ന് വന്നതോടുകൂടി, സുരേന്ദ്രൻ വിരുദ്ധപക്ഷം യോഗം ബഹിഷ്കരിച്ചു. പാർട്ടിയുടെ ഭരണഘടനയെ ലംഘിച്ചുകൊണ്ട്, ഒരാൾക്ക് പ്രസിഡൻറ് പദത്തിലുള്ള കാലാവധി നീട്ടുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന്, മുതിർന്ന നേതാക്കളായ എ.എൻ രാധാകൃഷ്ണൻ, എം ടി രമേഷ്, സി കെ പത്മനാഭൻ തുടങ്ങിയവർ നിലപാട് എടുത്തു. ഈ നിലപാടിനോട് മുൻ സംസ്ഥാന പ്രസിഡന്റുമാരായ രണ്ടുപേർ കൂടി യോജിപ്പ് പ്രകടിപ്പിച്ചതോടുകൂടി, യോഗം നിയന്ത്രിക്കാൻ എത്തിയ കേന്ദ്ര നേതാവ്, യോഗം അവസാനിപ്പിക്കാനുള്ള നിർദ്ദേശം നൽകി എന്നാണ് അറിയുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം, ബിജെപിയുടെ കേരളഘടകത്തിൽ ഒരു പ്രവർത്തനവും നടക്കാൻ കഴിയാത്ത സ്ഥിതി നിലനിൽക്കുകയാണ്. സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രനെതിരെ ഉയർന്നു വന്നിട്ടുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും മറ്റും ഉയർത്തിക്കാട്ടിയാണ്, പാർട്ടിയുടെ മുതിർന്ന നേതാവായ ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ, പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ ആവശ്യം ഉന്നയിക്കുന്നത്. മുൻകേന്ദ്രമന്ത്രിയും, മുതിർന്ന നേതാവുമായ വി മുരളീധരൻ, കേന്ദ്ര നേതാക്കളെ സ്വാധീനിച്ചുകൊണ്ട്, സുരേന്ദ്രനെ വീണ്ടും പ്രസിഡൻറ് ആക്കാൻ ശ്രമിക്കുകയാണ് എന്ന ആരോപണവും, വിമത വിഭാഗം ഉയർത്തുകയുണ്ടായി.

കഴിഞ്ഞ ആറുമാസത്തിനിടയിൽ നടന്ന, പാർട്ടിയുടെ സംസ്ഥാന നേതൃയോഗങ്ങളിലെല്ലാം, പാർട്ടി പ്രസിഡണ്ടിനെ പുതിയതായി തെരഞ്ഞെടുക്കണം എന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തിയിരുന്നു. ഇത്തരത്തിൽ ആവശ്യം ഉന്നയിച്ച, സുരേന്ദ്രൻ- വിരുദ്ധ നേതാക്കളെ അപകീർത്തിപ്പെടുത്തുവാനും, അവരെ ഒറ്റപ്പെടുത്തുവാനും, ഔദ്യോഗിക പക്ഷം നടത്തുന്ന നീക്കങ്ങൾ തുടരുന്നതിനാൽ, അവസാന ആയുധം എന്ന നിലയിൽ പാർട്ടിയിൽ നിന്നും രാജിവെക്കുക എന്ന നിലപാടിലേക്ക് സുരേന്ദ്രൻ വിരുദ്ധ നേതാക്കൾ എത്തുന്നു എന്നാണ്, പുറത്തുവരുന്ന വാർത്തകൾ. സുരേന്ദ്രൻ പക്ഷത്തിന് ഒരു തിരിച്ചടി എന്ന നിലയിൽ മാത്രം രാജിക്കത്ത് നൽകുകയും, പാർട്ടിയിൽ നിന്നും പോകാതെ നിശബ്ദമായി തുടരുക എന്നും ഉള്ള ഒരു തീരുമാനത്തിലാണ്, വിമതവിഭാഗം നേതാക്കൾ ഇപ്പോൾ ഉള്ളത് എന്നാണ് അറിയുന്നത്. ഏതായാലും കേരളത്തിലെ ബിജെപി എന്ന പാർട്ടി, അതിൻറെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടാവാത്ത വലിയ പ്രതിസന്ധിയിലാണ് എത്തിനിൽക്കുന്നത്. നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും, പിന്നീട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കാര്യമായ നേട്ടം ഉണ്ടാക്കുന്നതിന്, എല്ലാ നീക്കങ്ങളും പാർട്ടിയുടെ കേന്ദ്ര നേതൃത്വം നടത്തിക്കൊണ്ടിരിക്കുമ്പോൾ ആണ്, സംസ്ഥാന ഘടകത്തിൽ, നേതൃത്വത്തിനിടയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. ഈ പൊട്ടിത്തെറി, പാർട്ടിയെ വല്ലാതെ തകർക്കുമെന്ന് കേന്ദ്ര നേതൃത്വം ഭയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ ചില ഇടപെടലുകൾ കേന്ദ്ര നേതൃത്വത്തിൽ നിന്നും ഉണ്ടാകും എന്ന ഒരു വിശ്വാസത്തിലാണ്, സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന്റെ നേതാക്കൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്.