മുക്കുപണ്ടത്തിൽ മുങ്ങി കോട്ടയത്തെ NBFC

വിളവ് തിന്നത് വേലി തന്നെ

കോട്ടയം: NCD വഴി കോടികൾ ഒഴുകിയെത്തിയപ്പോൾ മുതലാളിയുടെ ആർത്തി സട കുടഞ്ഞെഴുന്നേറ്റു. നിക്ഷേപകരുടെ പണം മുതലാളിക്ക് കുരങ്ങിൻ്റെ കൈയിൽ കിട്ടിയ പൂമാല പോലെയായിരുന്നു.

രാജ്യത്താകെ ആയിരത്തി ഇരുനൂറിലധികം ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആയിരമായി കുറച്ചിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാന്‍ കഴിയുന്നില്ല. നിക്ഷേപകരെയും ഷെയർ ഹോൾഡേഴ്സിനെയും പറ്റിച്ച് പണം കൈക്കലാക്കാൻ മുതലാളിക്കു തോന്നിയ കുബുദ്ധിയാണ് സ്വന്തം സ്ഥാപനത്തിൽ ടൺ കണക്കിന് മുക്കുപണ്ടങ്ങൾ പണയം വക്കുന്നതിലേക്ക് നയിച്ചത്. ആദ്യശ്രമം വിജയിച്ചതോടെ ആർത്തി കൂടി. പിന്നെ മുക്കുപണ്ടങ്ങൾ ഹെഡ് ഓഫീസിലേക്ക് ഒഴുകിയെത്തി. അവിടെ പാക്ക് ചെയ്ത് കമ്പനിയുടെ പേരും സീലും വച്ച് ബ്രാഞ്ചുകളിലേക്ക്. കൂടെ പണയം വയ്ക്കേ ണ്ടവരുടെ പേരും തുകയുമടങ്ങിയ ലിസ്റ്റ് ഇമെയിലായി അയക്കും.തട്ടിപ്പ് തകൃതിയായപ്പോൾ മുതലാളിയുടെ ആർത്തി വീണ്ടും കൂടി. ചമ്പൽ കൊള്ളക്കാരെയും വെല്ലാൻ മുക്കുപണ്ടം രാജ്യത്തുള്ള ഒട്ടുമിക്ക ബ്രാഞ്ചുകളിലും പരീക്ഷിച്ചു. വര്‍ഷത്തില്‍ മൂന്നും നാലും പ്രാവശ്യം ഡിബഞ്ചറുകള്‍ (NCD) ഇറക്കി ജനങ്ങളുടെ കയ്യിലുള്ള പണമൊക്കെ സ്വന്തം കീശയിലാക്കി. കാലാവധി പൂര്‍ത്തിയായ NCD കളുടെ പണവും പലിശയും മടക്കിനല്കുവാന്‍ ഇരട്ടിതുകയുടെ NCD കള്‍ വീണ്ടും വീണ്ടും ഇറക്കി. ശരിയായി പറഞ്ഞാല്‍ ഒരു മണിചെയിന്‍ മോഡല്‍ ബിസിനസ് ആയിരുന്നു കോട്ടയത്തെ തസ്ക്കരവീരൻ നടത്തിയത്. ചെറുപ്പംമുതല്‍ ചിട്ടിയും വട്ടിപ്പലിശയും കണ്ടുവളര്‍ന്ന തസ്ക്കരന് പണത്തോടായിരുന്നു ആര്‍ത്തി മുഴുവനും.

ഓരോ ഡിബഞ്ചര്‍ ഇഷ്യൂവിലൂടെയും ഒഴുകിയെത്തുന്ന കോടികള്‍ കൊണ്ട് ബിസിനസ് ചെയ്ത് കമ്പനിയെ വളർത്തുകയായിരുന്നില്ല ഇദ്ദേഹം. ആകെ ചെയ്തിരുന്നത് സ്വര്‍ണ്ണ പണയ ബിസിനസ് മാത്രമായിരുന്നു. കമ്പനിയിലേക്ക് എത്തിയ ആയിരക്കണക്കിന് കോടികള്‍ നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെ കമ്പനിക്കു പുറത്തെത്തിച്ച് സ്വകാര്യ സമ്പാദ്യമാക്കുകയും പിന്നീട് ഇവ ബിനാമി പേരുകളിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുവേണ്ടി കൊല്ലത്തെ പ്രമുഖ സ്ഥാപനത്തിൽ നിന്നാണ് മുക്കുപണ്ടം വാങ്ങി ഓരോ ബ്രാഞ്ചിലും തിരുകിക്കയറ്റിയത്. മുമ്പ് ഈ സ്ഥാപനത്തില്‍ പണയം വെച്ചവരുടെ ഐഡി പ്രൂഫുകള്‍ അവരറിയാതെ ഉപയോഗിച്ചുകൊണ്ടായിരുന്നു മുക്കുപണ്ടങ്ങള്‍ പണയമായി വെച്ചത്. ഇത് സംബന്ധിച്ച് ചില മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. ഈ മുക്കുപണ്ടങ്ങൾ കമ്പനിയുടെ ആസ്തിയായി കാണിച്ചാണ് ഓരോ തവണയും ഡിബഞ്ചറുകള്‍ (NCD) ഇറക്കിയത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ കമ്പനിയുടെ NCD കളില്‍ പണം നിക്ഷേപിക്കാൻ നിക്ഷേപകർ മടിക്കുകയാണ്. ഓരോ ഡിബഞ്ചര്‍ ഇഷ്യൂവിലും പ്രതീക്ഷിക്കുന്നതിന്റെ മുപ്പതു ശതമാനം പോലും ലക്ഷ്യം കൈവരിക്കുവാന്‍ കഴിയുന്നില്ല. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തി നിൽക്കുകയാണ് ഈ NBFC.

അധികം വൈകാതെ സ്ഥാപനങ്ങള്‍ നിര്‍ത്തുകയോ കൈമാറുകയോ ചെയ്യുമെന്നും കമ്പനിയുടമ പലരോടും പറഞ്ഞിരുന്നു. ബ്രാഞ്ചുകളിലുള്ള പണയ സ്വര്‍ണ്ണം വിറ്റ്‌ നിക്ഷേപകരുടെ പണം നല്‍കുമെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഇതെങ്ങനെ സാധിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്‌. ബ്രാഞ്ചുകളില്‍ ഇരിക്കുന്നതില്‍ ബഹുഭൂരിഭാഗവും കമ്പനി ഉടമ തന്നെ HO ഗോള്‍ഡ്‌ എന്ന പേരില്‍ പണയം വെച്ച മുക്കുപണ്ടങ്ങളാണ്. പിന്നെയുള്ള ഒരു ചെറിയ ശതമാനം സ്വര്‍ണ്ണം, പണയം വെച്ചവര്‍ അറിയാതെ വില്‍ക്കണം. പക്ഷെ ഇതിലൂടെ 15 ശതമാനം നിക്ഷേപകരുടെപോലും പണം തിരികെ നല്‍കുവാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടമാകും ഉണ്ടാകുന്നത്.