വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ പകൽ കൊള്ള

കോടികൾ വാരിക്കൂട്ടിയവർക്കെതിരെ പ്രവർത്തകർ

യനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ട്രഷറർ ആയിരുന്ന വിജയനും മകനും ആത്മഹത്യ ചെയ്യുകയും വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പ് പരസ്യം ആവുകയും ചെയ്തതോടുകൂടി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രവർത്തകർ രംഗത്ത് വന്നിരിക്കുകയാണ്. ജില്ലയിൽ നിന്നുള്ള പാർട്ടി എംഎൽഎയും ഡിസിസിയുടെ പ്രസിഡണ്ടും മരണപ്പെട്ട മുൻ പ്രസിഡന്റും മറ്റുചില ഭാരവാഹികളും വിജയൻറെ ആത്മഹത്യയ്ക്ക് കാരണക്കാരായിരുന്നു എന്ന പരാതിയാണ്- ഇപ്പോൾ ജില്ലയിലെ പാർട്ടിയുടെ ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ ആയിട്ടുള്ളവർ ഉയർത്തി കൊണ്ടിരിക്കുന്നത്. ഇപ്പോൾ വിജയൻ ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പറഞ്ഞിട്ടുള്ള നേതാക്കളുടെയെല്ലാം ഇപ്പോഴത്തെ സമ്പാദ്യവും കുടുംബ സ്വത്തും പരിശോധിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ജില്ലയിലെ എംഎൽഎയും ഡിസിസിയുടെ പ്രസിഡന്റും അടക്കം പലതരത്തിൽപ്പെട്ട അഴിമതികളും കോഴ ഇടപാടുകളും നടത്തിയിട്ടുള്ളതായി പരാതികൾ വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഏറ്റവും മാന്യമായ പാർട്ടി പ്രവർത്തനം നടന്നുകൊണ്ടിരുന്ന വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകരെ ഒന്നടങ്കം നാണക്കേടിൽ ആക്കിയ സംഭവമാണ് വിജയൻറെ ആത്മഹത്യയും ആത്മഹത്യാക്കുറിപ്പും വഴി ഉണ്ടായിരിക്കുന്നതെന്നാണ് പ്രവർത്തകർ പറയുന്നത്.

കേരളത്തിലെ മറ്റു ജില്ലകളിലെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തന രീതികളേക്കാൾ മെച്ചപ്പെട്ട നിലയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നതാണ് വയനാട്ടിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ. വയനാട്ടിൽ ലോക്സഭാ സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി വന്നതോടുകൂടിയാണ് മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വയനാട് ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് ദേശീയതലത്തിൽ ശ്രദ്ധയുണ്ടാകുന്നതും വലിയ തോതിൽ പ്രചാരം ലഭിക്കുന്നതും. 2019 ൽലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായി വന്നശേഷം, തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ മാത്രമല്ല പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഏത് പരിപാടിക്കും കോടികൾ ഒഴുകുന്ന സാഹചര്യം വന്നുചേർന്നു. പ്ലാന്റേഷൻ മേഖലയിൽ നിന്ന് തന്നെ വലിയതോതിലുള്ള പണപ്പിരിവും മറ്റും സ്ഥിരമായി നടത്തുന്ന കോൺഗ്രസ് നേതാക്കളായി വയനാട്ടിലെ നേതാക്കൾ മാറി. കോൺഗ്രസിന്റെ ഏറ്റവും മുന്നിലുള്ള നേതാവ് എന്ന നിലയിൽ തെരഞ്ഞെടുപ്പ് അവസരങ്ങളിലും ഫലപ്രഖ്യാപനം ശേഷം നടന്നിട്ടുള്ള പരിപാടികളിലും വലിയ തോതിൽ ജനക്കൂട്ടം ഉണ്ടാക്കുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ കോടിക്കണക്കിന് രൂപ ഇറക്കിയതായിട്ടാണ് പറഞ്ഞു കേൾക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന തുകയിൽ നിന്നും അർഹപ്പെട്ട വിഹിതം പാർട്ടി താഴെത്തട്ടിൽ ഉള്ള നേതാക്കൾക്ക് വിതരണം ചെയ്യുന്നതിന് പകരം, എം എൽ എ യും ജില്ലാ നേതാക്കളും തുക അടിച്ചു മാറ്റിയതായി നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നതാണ്. എന്നാൽ ആദ്യം രാഹുൽ ഗാന്ധിയും പിന്നീട് സഹോദരിയായ പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് സ്ഥാനാർഥികളായി വന്നതോടുകൂടി കോൺഗ്രസ് നേതാക്കളുടെ സാമ്പത്തികമായ പകൽ കൊള്ളകളെല്ലാം മറയിൽ കിടക്കുകയായിരുന്നു. ഇപ്പോൾ ഡിസിസി ട്രഷററുടെ ആത്മഹത്യക്കുശേഷമാണ് നേതാക്കളുടെ സാമ്പത്തിക തട്ടിപ്പുകളുടെ ഓരോ തരത്തിലുള്ള കഥകളും പുറത്തുവരുന്നത്. കോൺഗ്രസ് കമ്മിറ്റിയുടെ ഉന്നത പദവികളിൽ ഇരുന്ന പലരും അതു പോലെ തന്നെ ജില്ലയിലെ കോൺഗ്രസ് എം എൽ എ യും കോടിക്കണക്കിന് രൂപയുടെ അവിഹിതമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെടുത്തുഎന്നാണ് താഴത്തട്ടിലുള്ള പാർട്ടി ഭാരവാഹികൾ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ ട്രഷറർ വിജയൻറെ ആത്മഹത്യ കുറുപ്പിന്റെ അടിസ്ഥാനത്തിൽ പ്രേരണ കുറ്റത്തിന് പേരുചേർക്കപ്പെട്ടിട്ടുള്ള ഡിസിസി പ്രസിഡൻറ് എംഎൽഎയും, വലിയതോതിൽ കഴിഞ്ഞ കാലങ്ങളിൽ സമ്പത്ത് വാരിക്കൂട്ടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ രണ്ടു നേതാക്കളെപ്പോലെതന്നെ ബാങ്ക് ഭരണസമിതികളിൽ പങ്കാളികളായിരുന്ന കോൺഗ്രസ് നേതാക്കളും സാമ്പത്തികമായി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ജോലിയിലേക്കുള്ള നിയമനത്തിനുള്ള കോഴവാങ്ങലും അതുപോലെതന്നെ ജില്ലയിൽ നടക്കുന്ന പല പ്രവർത്തനങ്ങളുടെയും കമ്മീഷൻ ഇനത്തിലും ഈ നേതാക്കളെല്ലാം വലിയതോതിൽ പണം വാരിക്കൂട്ടിയതായി ആക്ഷേപം ഉയരുന്നുണ്ട്. മാത്രവുമല്ല ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിലവിലുള്ള ഭരണസമിതിയിൽപെട്ടവരും മുൻകാല നേതാക്കളിൽപെട്ടവരും ആയ നേതാക്കളുടെ കുടുംബ സ്വത്തും ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കളും അന്വേഷണ വിധേയമാക്കണമെന്നും അവിഹിതമായ സ്വത്ത് സമ്പാദനം നടത്തിയിട്ടുള്ള ഈ നേതാക്കൾക്കെതിരെ പുതിയ കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി വയനാട് ജില്ലയിലെ ഒരുമാതിരിപ്പെട്ട എല്ലാ കോൺഗ്രസ് നേതാക്കളും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഏതെങ്കിലും ഒരു നേതാവ് അഴിമതി നടത്തുന്നതിൽ നിന്നും മാറി നിന്നിട്ടില്ലായെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ആത്മഹത്യ ചെയ്ത വിജയൻറെ കുറിപ്പ് പുറത്തുവന്നപ്പോൾ, ആ കുടുംബത്തിനെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ഒരിക്കലും പറയാൻ പറ്റാത്ത വിധത്തിൽ ആത്മഹത്യ ചെയ്ത വിജയൻറെ കുടുംബത്തെ തള്ളിപ്പറയുകയും ചെയ്ത കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകളിലും ജില്ലയിലെ പാർട്ടി പ്രവർത്തകർക്ക് ശക്തമായ പ്രതിഷേധമുണ്ട്.

ഒരു സുപ്രഭാതത്തിൽ പാർട്ടിയിൽ കടന്നുവന്ന് നേതാവായ ആളായിരുന്നില്ല ആത്മഹത്യ ചെയ്ത വിജയൻ. പാർട്ടിയുടെ ജില്ലാ നേതാക്കളിൽ ഒരാളായി വളർന്നപ്പോഴും ജില്ലയിലെ മുഴുവൻ സാധാരണ പാർട്ടി പ്രവർത്തകരുടെയും ഒപ്പം നിന്ന് പ്രവർത്തിച്ചിരുന്ന ആളായിരുന്നു മരണപ്പെട്ട വിജയൻ. ആത്മഹത്യ ചെയ്തത് വിജയൻ മാത്രമായിരുന്നില്ല, ഒരു മകനും ഒപ്പം മരണപ്പെട്ടിരുന്നു. വലിയ ദുരന്തം അനുഭവിച്ച കോൺഗ്രസ് കുടുംബത്തെ ആശ്വസിപ്പിക്കാൻ പോലും ഒരു നേതാവും തയ്യാറായില്ലായെന്നത് പ്രവർത്തകരെ വിഷമിപ്പിക്കുന്നുണ്ട്. വിജയൻറെ മൃതദേഹം മറവ് ചെയ്യുന്ന കാര്യത്തിൽ പോലും കുടുംബത്തിൻറെ താൽപര്യം തള്ളിക്കളയുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്തതെന്നും വിജയൻറെ മകൻ പരാതിപ്പെട്ടിട്ടുണ്ട്. ഈ തരത്തിൽ ജീവിതകാലം മുഴുവൻ പാർട്ടിയെ സേവിച്ച ഒരു നേതാവിന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നിലപാടുകളും പ്രസ്താവനകളും നടത്തിയ സംസ്ഥാന നേതാക്കളെയും മറ്റുള്ളവരെയും പ്രവർത്തകർ കുറ്റക്കാരായി കാണുന്നുണ്ട്.

ഏതായാലും ആത്മഹത്യ ചെയ്ത വിജയൻ എഴുതിവെച്ച കത്തിന്റെ അടിസ്ഥാനത്തിൽ, കേരള പോലീസ് എഫ് ഐ ആർ തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിചേർക്കപ്പെട്ട എംഎൽഎയും അതുപോലെതന്നെ ഇപ്പോഴത്തെ ഡിസിസി പ്രസിഡൻറും മറ്റു ജില്ലാ നേതാക്കളും ജയിലിൽ ആകുന്ന സാഹചര്യമാണ് വന്നു ചേർന്നിരിക്കുന്നത്. ഇത്തരത്തിൽ ഒരു സ്ഥിതി ഉണ്ടായിരിക്കുന്നതിൽ ആഹ്ലാദം കൊള്ളുന്നത്., വയനാട് ജില്ലയിലെ സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. രാഹുൽ ഗാന്ധി എന്ന നേതാവിന്റെ വരവോടുകൂടി വയനാട്ടിൽ കോൺഗ്രസ് പാർട്ടി ശത്രുക്കൾ ഇല്ലാത്ത പ്രസ്ഥാനം എന്ന നിലയിലേക്ക് ഉയർന്നിരുന്നതാണ്. പാർട്ടിയുടെ ആ മഹത്വമെല്ലാം നശിപ്പിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് സാധാരണ പ്രവർത്തകർ പറയുന്നത്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ വേഗത്തിൽ കൈക്കൊള്ളുക എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സ്ഥിതി നിലനിൽക്കുന്ന സാഹചര്യത്തിൽ, വയനാട്ടിലെ കോൺഗ്രസ് എം എൽ എ യും മറ്റു നേതാക്കളും ഉടൻ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. നിലവിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ജാമ്യം ഇല്ലാത്ത വകുപ്പുകൾ മാത്രമല്ല കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളും ഉണ്ട്. ഇത് മാത്രമല്ല വയനാട്ടിലെ ഏക കോൺഗ്രസ് എംഎൽഎ ക്ക് ഒരുപക്ഷേ നിയമസഭാ അംഗത്വം നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായേക്കാം എന്നും നിയമവിദഗ്ധർ പറയുന്നുണ്ട്.