എന്തെല്ലാം തരത്തിലുള്ള കാഴ്ചകളും അത്ഭുതങ്ങളും കണ്ടാലാണ് ജീവിതം ഒന്ന് അവസാനിക്കുക എന്ന് പലപ്പോഴും നമ്മളൊക്കെ പറയാറുണ്ട്. പതിവായി കാണുകയോ കേൾക്കുകയോ ചെയ്യാത്ത കാര്യങ്ങൾ പലതും കണ്ടും കേട്ടും കഴിയുകയാണ് നമ്മളെല്ലാം. ഇപ്പോൾ പുതിയ ഒരു അഭ്യാസവുമായി മധ്യപ്രദേശിലെ ബ്രാഹ്മണ ക്ഷേമ ബോർഡിൻറെ ചെയർമാൻ രംഗത്ത് വന്നിരിക്കുന്നു. കുറേക്കാലം മുമ്പ് വരെ രാജ്യത്ത് സർക്കാരും വിവിധ ഏജൻസികളും ജനങ്ങളെ ഉപദേശിച്ചു കൊണ്ടിരുന്നത് സന്താന നിയന്ത്രണം നടപ്പിലാക്കണം എന്നതായിരുന്നു. നാം രണ്ട് നമുക്ക് രണ്ട് എന്ന രണ്ടു കുട്ടികൾ മതി എന്ന് ഉപദേശിക്കുന്ന മന്ത്രം തന്നെ കുറേക്കാലം പ്രചാരത്തിൽ ഉണ്ടായിരുന്നു. കുടുംബങ്ങളിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ കുട്ടികൾ ജനിക്കുന്ന സ്ഥിതി വന്നാൽ രാജ്യത്ത് ജനസംഖ്യ പരിധികൾ വിട്ട് വർദ്ധിക്കും എന്ന് കണ്ടുകൊണ്ടാണ് നിയന്ത്രണത്തിനുള്ള നിർദ്ദേശവുമായി സർക്കാർ രംഗത്ത് വന്നത്. ഇതിൻറെ ഭാഗമായിട്ടാണ് ഗർഭനിരോധനത്തിനുള്ള പല ഉപാധികളും സർക്കാർ തന്നെ ജനങ്ങൾക്കായി നൽകുന്നതിന് സംവിധാനം ഒരുക്കിയത്. കഴിഞ്ഞ തലമുറ ഏതായാലും ഈ കാര്യത്തിൽ വലിയ ശ്രദ്ധ പതിപ്പിക്കുകയും സന്താന നിയന്ത്രണം പാലിക്കുകയും ചെയ്തു. അതുകൊണ്ടാണ് കേരളത്തിൽ അടക്കം ഓരോ ദമ്പതിമാർക്കും കൂടിയാൽ രണ്ടു കുട്ടികൾ എന്ന സ്ഥിതിയിലേക്ക് എത്തിച്ചേർന്നത്.
എന്നാലിപ്പോൾ ഇത്തരത്തിലുള്ള കുട്ടികളുടെ നിയന്ത്രണ ഉപദേശം തള്ളിക്കളഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് മധ്യപ്രദേശിലെ- സർക്കാർ ഏജൻസിയായ ബ്രാഹ്മണ ക്ഷേമ ബോർഡ് ചെയർമാൻ വിഷ്ണു രജോരി ആണ്. അദ്ദേഹം കഴിഞ്ഞദിവസം ഒരു പൊതു സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് പുതിയതായി വിവാഹിതരാകുന്ന ദമ്പതികൾ കുറഞ്ഞത് നാല് കുട്ടികൾക്കെങ്കിലും ജന്മം കൊടുക്കണം എന്നും അത്തരത്തിൽ നാല് കുട്ടികൾ ഉണ്ടാകുന്ന ദമ്പതിമാർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നൽകും എന്നും പ്രസ്താവിച്ചത്.
പുതിയ തലമുറയിലെ ദമ്പതിമാരിൽ ഭൂരിഭാഗവും വിദ്യാഭ്യാസപരമായി ഉയരത്തിൽ ഉള്ളവരും നല്ല ജോലിയും വരുമാനവും ഉള്ളവരും ആണെങ്കിലും കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നു. കുട്ടികൾ ഉണ്ടാകുന്ന കുടുംബങ്ങളിൽ പോലും ഒരു കുട്ടി അല്ലെങ്കിൽ രണ്ടു കുട്ടി മതി എന്ന് വാശിയുമായി നീങ്ങുകയാണെന്നും ബ്രാഹ്മണ ക്ഷേമ ബോർഡ് ചെയർമാൻ പറയുകയുണ്ടായി. പുതു തലമുറ ദമ്പതികൾക്ക് നല്ല വരുമാനവും കുടുംബം പോറ്റാൻ കഴിവും ഉണ്ടെങ്കിലും കുട്ടികൾ കൂടുതൽ ഉണ്ടാകുന്നതിൽ അവർക്ക് ഒരു താല്പര്യവും ഇല്ല. മാത്രവുമല്ല കൂടുതൽ കുട്ടികൾ ജനിച്ചാൽ കുട്ടികളെ വളർത്തുന്നതിന് സമയം കണ്ടെത്തേണ്ടതും പുതു തലമുറ ദമ്പതിമാരെ പ്രസവത്തിൽ നിന്നും അകറ്റിനിർത്തുന്നു എന്നും ക്ഷേമ ബോർഡ് ചെയർമാൻ പറയുകയുണ്ടായി. ഒരു കുട്ടി ഉണ്ടായിക്കഴിഞ്ഞാൽ തന്നെ പിന്നെ ദമ്പതിമാർ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുക എന്നത് പതിവായിരിക്കുകയാണ്. ഇത് ചില മതവിഭാഗങ്ങളിൽ എങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നാണ് ക്ഷേമ ബോർഡ് ചെയർമാൻ വ്യക്തമാക്കിയത്. മാത്രവുമല്ല പുതിയ തലമുറ ദമ്പതിമാർ കൂടുതൽ അംഗങ്ങളുള്ള കുടുംബം എന്ന സങ്കല്പത്തെ തള്ളിക്കളയുകയാണ്. കുടുംബത്തെ ശ്രദ്ധിക്കുക എന്നത് പോലും ശീലം അല്ലാതെ ആയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു സംസ്കാരം വന്നതോടുകൂടി പുതിയ തലമുറയിൽ നിരീശ്വരവാദികളുടെ എണ്ണം പെരുകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
തലമുറകളെ സംരക്ഷിച്ചു നിർത്തേണ്ട ബാധ്യത കടന്നുപോകുന്ന ഓരോ തലമുറയ്ക്കും ഉണ്ടെന്നും നിലവിലുള്ള തലമുറ സ്ഥാപിതലമുറയെ വളർത്തിയെടുക്കാൻ ബാധ്യതപ്പെട്ടവർ ആണ് എന്നും, ആ ഉത്തരവാദിത്വത്തിൽ നിന്നും യുവതലമുറ മാറി പോകരുത് എന്നും ക്ഷേമ ബോർഡ് ചെയർമാൻ വ്യക്തമാക്കുന്നു. അതുകൊണ്ട് കൂടിയാണ് പുതിയ ദമ്പതിമാർ നാല് കുട്ടികളെ എങ്കിലും ജനിപ്പിക്കാൻ സന്നദ്ധത കാണിച്ചാൽ ആ ദമ്പതിമാർക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുക എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതെന്നും ക്ഷേമ ബോർഡ് ചെയർമാൻ വ്യക്തമാക്കി.
മധ്യപ്രദേശിലെ ബ്രാഹ്മണ ക്ഷേമ ബോർഡ് ചെയർമാൻ വിഷ്ണു രജോരിയുടെ ഈ പ്രസ്താവന വാർത്തയായി പുറത്തുവന്നതോടുകൂടി സംസ്ഥാന സർക്കാരിനും തലവേദന ആയി. കുട്ടികളെ പരമാവധി കുറയ്ക്കുക എന്ന ആശയവുമായി കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ മുന്നോട്ടുപോകുമ്പോൾ കൂടുതൽ കുട്ടികളെ ഉണ്ടാക്കണം എന്ന ഉപദേശവുമായി ക്ഷേമ ബോർഡ് ചെയർമാൻ വന്നത് ഉത്തരവാദിത്വം ഇല്ലാത്തതുകൊണ്ടാണ് എന്ന് സർക്കാരിന് വ്യക്തമാക്കേണ്ട സാഹചര്യവും ഉണ്ടായി. ഇത്തരത്തിൽ വകുപ്പ് മന്ത്രി ഇടപെട്ടതോടുകൂടി താൻ പറഞ്ഞത് ഔദ്യോഗിക അറിയിപ്പ് അല്ല എന്നും തൻറെ വ്യക്തിപരമായ അഭിപ്രായമാണെന്നും- ഇത്തരത്തിൽ ഒരു തീരുമാനത്തിലൂടെ യുവ തലമുറ മുന്നോട്ട് പോയില്ലെങ്കിൽ ഭാവി തലമുറ ഇല്ലാതാകും എന്ന ബോധ്യം കൊണ്ടാണ് ഇത് പറഞ്ഞതെന്നും വിശദീകരിച്ചു കൊണ്ടാണ് ബ്രാഹ്മണ ക്ഷേമ ബോർഡ് ചെയർമാൻ പ്രശ്നത്തിൽ നിന്നും തല ഊരിയത്.