മുത്തൂറ്റിൻ്റെ കളികൾ പൊളിഞ്ഞു

തിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവ്

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കമ്പനിക്ക് വലിയ തിരിച്ചടി കിട്ടിയിരിക്കുന്നു. ആനുകൂല്യങ്ങളും മറ്റും നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധത്തിന് തയ്യാറായ കമ്പനിയിലെ ജീവനക്കാരെ ഒതുക്കുന്നതിന് വേണ്ടി കമ്പനി മാനേജ്മെൻറ് പലതരത്തിലുള്ള തൊഴിലാളി ദ്രോഹ നടപടികളാണ്- കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ നടത്തിക്കൊണ്ടിരുന്നത്. ശമ്പള വർദ്ധനവ്, മറ്റു ആനുകൂല്യങ്ങൾ തുടങ്ങിയവ ആവശ്യപ്പെടുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, പിരിച്ചുവിടൽ നടപടി സ്വീകരിക്കുകയും ചെയ്ത മുത്തൂറ്റ് ഫിനാൻസ് മാനേജ്മെൻറ് വലിയ തിരിച്ചടിയാണ് ഇപ്പോൾ ഏറ്റുവാങ്ങിയിരിക്കുന്നത്. മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ കമ്പനിയുടെ 43 ശാഖകളിൽ നിന്നും പല അവസരങ്ങളിലായി പിരിച്ചുവിട്ട 164 ജീവനക്കാരെയും തിരിച്ചെടുക്കണമെന്നും അവർക്ക് നൽകേണ്ട എല്ലാ ആനുകൂല്യങ്ങളും നാലുമാസത്തിനകം കൊടുത്തു തീർക്കണമെന്നുമാണ് ഇത് സംബന്ധിച്ച് വിധി പ്രസ്താവിച്ച ലേബർ കോടതി ഉത്തരവിട്ടിരിക്കുന്നത്. മാത്രവുമല്ല കമ്പനി നടപ്പിൽ വരുത്തിയ- ജീവനക്കാരെ പിരിച്ചുവിടുന്ന തീരുമാനം നിയമവിരുദ്ധമാണെന്നും ലേബർ കോടതി വിധിയിൽ വ്യക്തമാക്കി. മുത്തൂറ്റ് ഫിനാൻസ് കമ്പനി തൊഴിലാളി ദ്രോഹ നടപടികൾ സ്വീകരിച്ചതിന്റെ പേരിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരുടെ യൂണിയനാണ് കേസുമായി ലേബർ കോടതിയിൽ എത്തിയത്. ആറു വർഷമായി ഈ കേസ് തുടർന്നുവരികയായിരുന്നു. ഇപ്പോഴാണ് കേസിൽ അന്തിമ വിധി ഉണ്ടായത്.

ജീവനക്കാരെ കൊണ്ട് അധിക സമയം ജോലി ചെയ്യിക്കുക, പ്രതിഷേധിക്കുന്നവരെ അന്യ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുക, ആനുകൂല്യങ്ങൾ പിടിച്ചുവെക്കുക തുടങ്ങിയ നടപടികളായിരുന്നു മുത്തൂറ്റ് ഫിനാൻസ് കമ്പനി മാനേജ്മെൻറ് നടത്തിക്കൊണ്ടിരുന്നത്. അന്യസംസ്ഥാനങ്ങളിലെ ശാഖകളിലേക്ക് വരെ കേരളത്തിൽ നിന്നും ജീവനക്കാരെ സ്ഥലം മാറ്റുന്ന നടപടി മാനേജ്മെൻറ് കൈക്കൊണ്ടിരുന്നു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് പ്രവർത്തിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചോദ്യം ഉന്നയിച്ചാൽ ആ ജീവനക്കാരെ വലിയതോതിൽ പീഡിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് കമ്പനിയിൽ നടന്നുകൊണ്ടിരുന്നതെന്നാണ് യൂണിയൻ പരാതിപ്പെട്ടത്. ഈ പരാതി നൽകിയതിന്റെ പേരിൽ യൂണിയൻറെ ഭാരവാഹികൾ ജോലി ചെയ്തിരുന്ന ശാഖകൾ- യാതൊരു കാരണവും വെളിപ്പെടുത്താതെ അടച്ചുപൂട്ടുന്ന സ്ഥിതിയും ഉണ്ടായി. ഇത്തരത്തിൽ പൂട്ടിയ ശാഖകളിലെ ജീവനക്കാർക്ക് ന്യായമായി നൽകേണ്ട ആനുകൂല്യങ്ങൾ പോലും നൽകാതെ മാനേജ്മെൻറ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യൂണിയൻ പരാതിയിൽ വ്യക്തമാക്കിയത്. യൂണിയൻ നേരത്തെ ലേബർ കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ- മുത്തൂറ്റ് ഫിനാൻസ് കമ്പനി- ജീവനക്കാരായ 20000 ത്തിലധികം ആൾക്കാർക്ക് 20% വീതം ബോണസ് നൽകുന്നതിന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പുറപ്പെടുവിച്ചത് ഇൻഡസ്ട്രിയൽ ട്രിബൂണൽ ആയിരുന്നു. ഈ ഉത്തരവുപോലും മാനേജ്മെൻറ് നടപ്പിലാക്കുകയോ ആനുകൂല്യങ്ങൾ കൊടുക്കുകയോ ചെയ്തില്ലായെന്നും പിന്നീട് യൂണിയൻ നേതാക്കൾ പരാതിയിലൂടെ ആരോപിച്ചിരുന്നു. 2019 ആഗസ്റ്റ് മാസം മുതലാണ് കമ്പനിയിലെ ജീവനക്കാർ സമര രംഗത്തേക്ക് ഇറങ്ങിയത്. ഇതോടൊപ്പം തന്നെ ജീവനക്കാരുടെ ന്യായമായ ആനുകൂല്യങ്ങളും ശമ്പള വർദ്ധനവും ആവശ്യപ്പെട്ടുകൊണ്ട് യൂണിയൻ നേതാക്കൾ ലേബർ കോടതിയെയും സമീപിച്ചിരുന്നു.

ജീവനക്കാർ സംഘടിച്ചതിനെതിരെ കർശനമായ നിലപാടുകളും യൂണിയൻ തകർക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടക്കംമുതൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരുന്നു. ഒരുതരത്തിലും ജീവനക്കാർക്ക് സഹായകരമായ ഒരു തീരുമാനവും മാനേജ്മെൻറ് എടുത്തിരുന്നില്ല. മാത്രവുമല്ല, യൂണിയൻ പ്രവർത്തനം കമ്പനിക്കുള്ളിൽ ഇല്ലാതാക്കുന്നതിന് വേണ്ടി രഹസ്യമായ പല നീക്കങ്ങളും മാനേജ്മെൻറ് നടത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. ഓരോ ദുരനുഭവങ്ങളും ജീവനക്കാർക്ക് ഉണ്ടായപ്പോഴാണ് ഒടുവിൽ മറ്റു മാർഗ്ഗമില്ലാതെ സമര രംഗത്തേക്ക് ഇറങ്ങിയതെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നത്. മനുഷ്യത്വപരമായ യാതൊരു നിലപാടും ഇല്ലാതെ- ജീവനക്കാരെ ദ്രോഹിക്കുകയും ധിക്കാരപരമായി പെരുമാറുകയും ചെയ്യുന്ന മാനേജ്മെൻറ് വിഭാഗമാണ് മുത്തൂറ്റ് ഫിനാൻസ് കമ്പനിയെ നിയന്ത്രിച്ചിരുന്നത് എന്ന കാര്യത്തിൽ ജീവനക്കാർ ഒരേ അഭിപ്രായക്കാർ ആയിരുന്നു. അതുകൊണ്ടാണ് ജീവനക്കാരുടെ സംഘടന ഉണ്ടാക്കുവാനും സംഘടനയുടെ നേതൃത്വത്തിൽ ലേബർ കോടതിയിൽ കേസുമായി പോകുവാനും ജീവനക്കാർ മുന്നോട്ടുവന്നത്. ജീവനക്കാരെ പുച്ഛമായി കണ്ടുകൊണ്ട് മനുഷ്യത്വരഹിതമായി പ്രവർത്തിച്ച മുത്തൂറ്റ് മാനേജ്മെന്റിന് കിട്ടിയ വലിയ തിരിച്ചടിയാണ് ഇപ്പോൾ ലേബർ കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്ന വിധി.