ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ കവാടം കടന്നു ദാനാ മാജി എത്തിയപ്പോൾ ആളുകൾ കൗതുകത്തോടെ നോക്കിനിന്നു. മടക്കിയുടുത്ത ലുങ്കിയും അതിനു മീതെ കിടക്കുന്ന ഷർട്ടുമാണു വേഷം. ഉലഞ്ഞ മുടി, ആശങ്ക നിറഞ്ഞ മുഖം. ഇവിടെ പഠിക്കുന്ന മക്കളെ കാണാനാണ്- ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്നു 400 കിലോമീറ്റർ അകലെ, മേൽഘാര ഗ്രാമത്തിൽ നിന്നുള്ള ഈ വരവ്.
ദാനാ മാജി എന്നുമാത്രം പറഞ്ഞാൽ എല്ലാവരും ഓർക്കണമെന്നില്ല. ഭാര്യയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞു ചുമലിലേറ്റി സ്വന്തം ഗ്രാമത്തിലേക്കു കിലോമീറ്ററുകളോളം നടന്ന്- ലോകത്തെ ഞെട്ടിച്ച ഭർത്താവ് എന്നു കേൾക്കുമ്പോൾ മനസ്സിലൊരു ദയനീയ ദൃശ്യം തെളിയും. മാജിയുടെ മൂന്നു മക്കൾക്കും കലിംഗ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനം നൽകിയിട്ടു ദിവസങ്ങളേ ആയുള്ളു. ചാന്ദ്നി അഞ്ചാം ക്ലാസിലേക്കും സോനായും പ്രമീളയും ഒന്നാം ക്ലാസിലേക്കും. മരിച്ച അമ്മയെയും ചുമന്നു നീങ്ങുന്ന അച്ഛന്റെ പിന്നാലെ ഒരു പ്ലാസ്റ്റിക്സഞ്ചിയും തൂക്കി കരഞ്ഞു കൊണ്ടു നടന്ന പെൺകുട്ടിയാണു ചാന്ദ്നി. ഇപ്പോൾ അച്ഛനോടൊപ്പം നിൽക്കുമ്പാൾ അവളുടെ മുഖത്തു നിറയുന്നതു പുഞ്ചിരിയാണ്. അനിയത്തിയുടെ കവിളിൽ നുള്ളി വീട്ടിലെ വിശേഷങ്ങൾ തിരക്കുന്നു. മാജി മക്കളെ മൂന്നുപേരേയും ചേർത്തുപിടിച്ച് എന്തൊക്കെയോ ചോദിക്കുകയാണ്. ഒഡിയ ഭാഷ അറിയാവുന്നവർക്കു പോലും മനസ്സിലാകാത്ത കൊങ്ങ് എന്ന ആദിവാസി പ്രാദേശികഭാഷയിലാണു സംസാരം. ഭാഗ്യം, ഈ ഭാഷ അറിയാവുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരൻ മുന്നോട്ടുവന്നു. ‘എന്താണ് അന്നു സംഭവിച്ചത്…’ എന്ന ചോദ്യത്തിനു മുന്നിൽ മാജി കുറേനേരം നിശബ്ദനായി. കണ്ണുനിറഞ്ഞു. പിന്നെ പയ്യെ പറഞ്ഞുതുടങ്ങി….
‘‘അമങ്കോ എന്നായിരുന്നു അവളുടെ പേര്. ക്ഷയരോഗത്തിനു മരുന്നു കഴിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് മലമ്പനി കൂടി പിടിപട്ടത്. കുറച്ചുദിവസമായി കിടപ്പിലായിരുന്നു. നാട്ടുമരുന്നുകളൊന്നും ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ കലഹന്ദി ജില്ലയിലെ ഭവാനിപ്പട്ടണത്തുള്ള സർക്കാർ ആശുപത്രിയിലേക്കു പോയി. കൈയിൽ ആകെയുണ്ടായിരുന്നത് 3500 രൂപ. അതിൽ 3000 രൂപ ടാക്സിക്കാരനു കൊടുത്തു. ആശുപത്രിയിൽ പ്രവേശനം ലഭിക്കാൻ 100 രൂപ കൈക്കൂലിയും. രക്തം പരിേശാധിച്ചു വരാൻ ഡോക്ടർ പറഞ്ഞു. അതിനു 400 രൂപയായി. അതാെട കൈയിലെ കാശെല്ലാം തീർന്നു. പരിശോധനാഫലം കണ്ട് ഡോക്ടർ പറഞ്ഞതു 300 കിലോമീറ്റർ അകലെയുള്ള ഗവ.മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാനാണ്. കയ്യിൽ നയാപൈസയില്ലെന്നും എങ്ങനെയെങ്കിലും ഇവിടെ ചികിത്സിക്കണമെന്നും ഡോക്ടറോടു കരഞ്ഞപേക്ഷിച്ചു. കുറെ മരുന്നു കുറിച്ചു തന്നിട്ട് അദ്ദേഹം പോയി.
ഭാര്യയുടെ ബന്ധു അപ്പോഴേക്കും കുറച്ചു കാശുമായി വന്നു. മരുന്നു കഴിച്ചിട്ടും പനിയും വിറയലും കുറഞ്ഞില്ല. ഡോക്ടറെ വീണ്ടും വിളിച്ചെങ്കിലും അദ്ദേഹം വരാൻ തയാറായതുമില്ല. അർധരാത്രി കഴിഞ്ഞതോടെ പനി കലശലായി. ഇളയ കുട്ടികളെ കാണണമെന്നു പറഞ്ഞ് അവൾ കുറെനേരം കരഞ്ഞു. താൻ മരിക്കാൻ പോകുകയാണെന്നും ശവം ഇവിടെ വലിച്ചെറിയാതെ ഗ്രാമത്തിൽ കൊണ്ടുപോയി സംസ്കരിക്കണമെന്നും കരഞ്ഞുകാണ്ടാണ് അവൾ പറഞ്ഞത്.’’ഞാനും മോളും കൂടി അവളുടെ കൈകളിൽ മുറുകെ പിടിച്ച് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ, ദൈവം പോലും ഞങ്ങളുെടെ വിളി കേട്ടില്ല. രാത്രി രണ്ടിന് അവൾ പോയി. കുറച്ചു കഴിഞ്ഞ് ഒരു അറ്റൻഡർ വന്നു. ഭാര്യ മരിച്ച സ്ഥിതിക്ക് ഇനി ഇവിടെ തങ്ങരുതെന്നും പുലരുന്നതിനു മുമ്പേ ബോഡി കൊണ്ടുപൊയ്ക്കൊള്ളണമെന്നുമാണ് അയാൾ പറഞ്ഞത്. ‘ഒരു വാഹനം കിട്ടുമോ’ എന്നു ചോദിച്ചപ്പോൾ കയ്യിൽ എന്തുണ്ടെന്നായിരുന്നു മറുചോദ്യം. ആകെയുണ്ടായിരുന്നത് 300 രൂപയാണ്. അമർത്തിച്ചിരിച്ച് അയാൾ പോയി. മുൻകൂർ വാടക കൊടുത്തില്ലെങ്കിൽ ആംബുലൻസും കിട്ടില്ല എന്നാണ് അറിഞ്ഞത്.
എന്തു ചെയ്യണമെന്ന് എനിക്ക് ഒരു എത്തും പിടീം ഇല്ലായിരുന്നു. പിന്നെ കയ്യിലുണ്ടായിരുന്ന ലുങ്കിയും സാരിയും ഉപയോഗിച്ചു മൃതദേഹം പൊതിഞ്ഞു കെട്ടി. വെളുപ്പിനു നാലുമണിയോടെ അതും ചുമലിലെടുത്ത് നടന്നു. പാത്രവും വസ്ത്രങ്ങളും ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഇവൾ പിന്നാലെയും. ഞങ്ങളെന്തോ കടത്തിക്കൊണ്ടു പോകുകയാണ് എന്നാണ് അവിടുത്തെ സെക്യൂരിറ്റി കരുതിയത്. ‘ഭാര്യയുടെ ശവമാണെ’ന്നു പറഞ്ഞിട്ടും അയാൾ വിശ്വസിച്ചില്ല. ഒടുവിൽ അഴിച്ചു നോക്കി ബോധ്യപ്പെട്ടപ്പോൾ അയാളൊരു വലിയ ഉപേദേശം തന്നു, കുറച്ചുകൂടി നന്നായി പൊതിയണമെന്നും നേരം പുലരുന്നതിനു മുൻപേ കടന്നുപൊയ്ക്കൊള്ളണമെന്നും.
വഴിയിൽ ഒരു പൊലീസുകാരനും പ്രാദേശിക രാഷ്ട്രീയനേതാവും ഞങ്ങളെ തടഞ്ഞു. എന്താണ് കൊണ്ടുപോകുന്നത് എന്നായിരുന്നു അവർക്കും അറിയേണ്ടത്. പൊതിഞ്ഞതു പോരെന്നും കുറച്ചുകൂടി നന്നായി പൊതിയണമെന്നുമായിരുന്നു പരിശോധനയ്ക്കു ശേഷം പൊലീസുകാരൻറെയും ഉപദേശം. വാഹനം വിളിച്ചു തരാമെന്ന് രാഷ്ട്രീയനേതാവ് പറഞ്ഞെങ്കിലും എൻറെ കയ്യിൽ 300 രൂപയേ ഉള്ളൂ എന്നറിഞ്ഞപ്പോൾ ഒന്നും പറയാതെ മുങ്ങി. ഇടയ്ക്ക് രണ്ടു മൂന്നു വഴിപോക്കരും ഞങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു.
അപ്പോഴേക്കും ആറുകിലോമീറ്ററോളം ഞങ്ങൾ പിന്നിട്ടിരുന്നു. വിശപ്പും ദാഹവും മൂലം നടക്കാനാകാത്ത അവസ്ഥ. ഒപ്പം നടക്കുന്ന മോളെക്കുറിച്ചോർത്തായിരുന്നു എനിക്ക് കൂടുതൽ വിഷമം. ഞങ്ങൾ കുറച്ചുനേരം വിശ്രമിക്കാനിരുന്നു. റോഡുവക്കിൽ മൃതദേഹം ഉപേക്ഷിച്ചാലോ എന്നായിരുന്നു എൻ്റെ ചിന്ത. അതു കേട്ടതോെട ഇവൾ അമ്മയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചിരുന്നു കരയാൻ തുടങ്ങി. ‘നമ്മൾ അമ്മയോടു പറഞ്ഞതല്ലേ,ഗ്രാമത്തിൽ എത്തിച്ചു സംസ്കരിക്കുമെന്ന്…’ എന്നു പറഞ്ഞായിരുന്നു കരച്ചിൽ.‘ഞാനും സഹായിക്കാം, എങ്ങനെങ്കിലും കൊണ്ടുപോകണമെന്ന് അവൾ വാശി പിടിച്ചു.
കുറച്ചു നേരത്തേ വിശ്രമത്തിനു ശേഷം വീണ്ടും നടന്നു തുടങ്ങി. മൃതദേഹം മരവിച്ചു ഭാരം കൂടിയതു കൊണ്ട് എടുത്തു നടക്കാൻ കുറേ കഷ്ടപ്പെട്ടു. അവിടെ വനം മുറിച്ചുകടന്നാൽ ഗ്രാമത്തിലേക്ക് എളുപ്പത്തിലെത്താം. ആ ദിശയിലേക്കു നടന്നു തുടങ്ങി. അപ്പോഴാണ് ഒരു പ്രാദേശിക ടിവി ലേഖകൻ ഞങ്ങളെ കാണുന്നത്. ഭാര്യയുെടെ മൃതദേഹമാണ് ചുമലിലേറ്റി കൊണ്ടുപോകുന്നതെന്നറിഞ്ഞപ്പോൾ അദ്ദേഹം വീട്ടിലേക്കോടി ക്യാമറയുമായി വന്ന് ഞങ്ങളുടെ കൂടെ നടന്നു. വനത്തിന്റെ സമീപമെത്തിയപ്പോൾ ഫോറസ്റ്റിലെ ഒരു ഓഫിസർ കാര്യം തിരക്കി. ഇക്കാര്യം വാർത്തയാക്കിയാൽ നാടിനു നാണക്കേടാകുമെന്നു പറഞ്ഞ് അയാൾ ടിവി ലേഖകനുമായി വഴക്കായി. താൻ ഫോട്ടോയെടുക്കുമെന്നും വാർത്ത കൊടുക്കുമെന്നും ലേഖകൻ വെല്ലുവിളിച്ചു. ഒടുവിൽ ഒത്തുതീർപ്പായതു വനത്തിലൂടെ പോകില്ല എന്ന ഉറപ്പിലാണ്. ആ ഓഫീസർ മോളുടെ കൈയിൽ ആയിരം രൂപ വച്ചു കൊടുത്തു.
രണ്ടു കിലോമീറ്ററോളം ആ ലേഖകൻ കൂടെ നടന്നു. ഇടയ്ക്ക് ചാനലിെൻറ ഓഫീസിലേക്കു വിളിച്ച് എന്തൊക്കയോ സംസാരിച്ചു. അപ്പോഴേക്കും പത്തു കിലോമീറ്റർ കഴിഞ്ഞു. അരമണിക്കൂറിനകം ചാനലുകാർ സംഘടിപ്പിച്ച വാഹനം എത്തി. ലോഡ് ഇറക്കി തിരിച്ചുപോകുന്ന കോഴിവണ്ടിയായിരുന്നു അത്. വിശന്നും ദാഹിച്ചും തളർന്ന ഞങ്ങൾക്ക് വലിയ ആശ്വാസമായി. മൃതദേഹം വാഹനത്തിൽ കയറ്റി യാത്ര തുടർന്നു. ചാനലുകാർ വിളിച്ചുപറഞ്ഞതനുസരിച്ച് ഒരു സാമൂഹിക സംഘടന അയച്ച വാൻ പിന്നീട് എത്തി. മൃതദേഹം ആ വാഹനത്തിലേക്കു മാറ്റി. ഉച്ച കഴിഞ്ഞു മൂന്നുമണിയോടെയാണ് ഞങ്ങൾ ഗ്രാമത്തിൽ എത്തുന്നത്. വീട്ടിലേക്ക് വാഹനം പോകാനുള്ള വഴി ഇല്ലാത്തതിനാൽ രണ്ടു കിലോമീറ്ററോളം മഞ്ചൽ കെട്ടി ചുമക്കേണ്ടി വന്നു. അവിടെ സഹായിക്കാൻ ബന്ധുക്കളും കുറച്ചു നാട്ടുകാരുമുണ്ടായിരുന്നു. വൈകിട്ട് അഞ്ചിന് അവളുടെ ഇഷ്ടം പോലെ ആ മണ്ണിൽ തന്നെ അടക്കി. കടുത്ത വിഷമമുണ്ട്, എങ്കിലും അവൾക്കു കൊടുത്ത വാക്കു പാലിക്കാനായല്ലോ.’ കൈക്കുമ്പിളിൽ മുഖം ചേർത്തു ദാനാ മാജി കുനിഞ്ഞിരുന്നു. മക്കൾ അച്ഛേനാടു വീണ്ടും പറ്റിച്ചേർന്നു നിന്നു.
ചാനലുകളിലെല്ലാം വാർത്ത വന്നതോടെ മാജി താരമായി. മാജിയുടെ ദുഃഖം ഇന്ത്യയുടെ ദുഃഖവും അവസ്ഥയുമായി വിദേശങ്ങളിൽ വരെ ചർച്ചകൾ നടന്നു. ‘നീ കാരണം നാടിന് തന്നെ നാണക്കേടായി..’ എന്നുപറഞ്ഞു കുറ്റപ്പെടുത്തി വഴക്കു പറയാനും മാജിയെ തേടി ആളെത്തി. ഏതോ ഒരു രാജാവ് കുറെ പണം സംഭാവനയായി പ്രഖ്യാപിച്ചെന്നു പറഞ്ഞു കേട്ടത് പിന്നീടാണ്. പക്ഷേ, മാജിക്ക് വിശ്വാസമുണ്ടായിരുന്നില്ല. ഒടുവിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ നേരിട്ടു വന്നു പറഞ്ഞു, ‘സംഗതി സത്യമാണ്. ബഹ്റൈൻ രാജാവാണ് സഹായധനം തരുന്നത്. ഒന്നും രണ്ടുമൊന്നുമല്ല, 8.87 ലക്ഷം രൂപ.’അത്യാവശ്യ വസ്ത്രങ്ങൾ ചെറിയൊരു ബാഗിൽ തൂക്കി…