ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് വലിയ തർക്കത്തിലും വഴക്കിലും എത്തിയിരിക്കുന്നു. യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ ജനറൽ സെക്രട്ടറിയും തമ്മിൽ ഫേസ്ബുക്കിലൂടെ തുടങ്ങിവച്ച തർക്കമാണ് ഇപ്പോൾ പരസ്യമായ വിഴുപ്പലക്കലിലേക്ക് എത്തിയിരിക്കുന്നത്. ഒരു വർഷം മുൻപ് യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ നടന്ന- കളക്ടറേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന് പോലീസിന്റെ ക്രൂരമായ മർദ്ദനമേറ്റിരുന്നു. സാരമായി പരിക്കുപറ്റിയ മേഘ മാസങ്ങളോളം ആശുപത്രി വാസത്തിലും ചികിത്സയിലുയിരുന്നു. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന ജനറൽ സെക്രട്ടറി അരിത ബാബു ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ്- ഇപ്പോൾ വലിയ വിവാദത്തിലേക്കും യൂത്ത് കോൺഗ്രസിൽ ചേരിതിരിഞ്ഞ് തർക്കങ്ങളിലേക്കും എത്തിയിരിക്കുന്നത്.
കഴിഞ്ഞവർഷം ജനുവരി മാസം പതിനഞ്ചാം തീയതിയായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സമരം നടത്തിയത്. യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന പ്രസിഡണ്ടായ രാഹുൽ മാങ്കൂട്ടലിനെ പത്തനംതിട്ടയിലെ വസതിയിൽ കയറി പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തിയത്. ആലപ്പുഴയിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടൽ പോലീസിന്റെ വലിയ മർദ്ദനത്തിന് വഴിയൊരുക്കി. സമരത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി മേഘക്ക് സംഭവത്തിൽ സാരമായ പരിക്കുകൾ പറ്റി. തലയ്ക്കുണ്ടായ കാര്യമായ പരിക്കു ഭേദമാകാൻ നീണ്ടകാലത്തെ ചികിത്സ വേണ്ടിവന്നിരുന്നു. ഇത്തരത്തിൽ മേഘയ്ക്ക് ചികിത്സ നടത്തിയത് യൂത്ത് കോൺഗ്രസ് ആയിരുന്നുവെന്നും ചികിത്സാ ചെലവുകൾ മാത്രമല്ല, യൂത്ത് കോൺഗ്രസ് പിന്നീട് മേഘയ്ക്ക് എട്ടു ലക്ഷം രൂപ ധനസഹായമായി നൽകിയെന്നും അറിയിച്ചുകൊണ്ടുള്ള സംസ്ഥാന സെക്രട്ടറി അരിത ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വലിയ തർക്കത്തിന് വഴിയൊരുക്കിയത്.
അരിതാ ബാബുവിന്റെ പോസ്റ്റ് പുറത്തുവന്നശേഷം- മേഘ അതിന് മറുപടിയായി ഇട്ട പോസ്റ്റാണ് തർക്കം തുടങ്ങിവച്ചത്. തനിക്ക് യൂത്ത് കോൺഗ്രസ് നേതാക്കൾ ഒരു സഹായവും ചെയ്തിരുന്നില്ലായെന്നും യൂത്ത് കോൺഗ്രസ് പ്രസിഡൻറായ രാഹുൽ മാങ്കൂട്ടത്തിലുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ലായെന്നും- തനിക്ക് തന്നു എന്ന് പറയുന്ന എട്ടുലക്ഷം രൂപ ആരാണ് തട്ടിയെടുത്തതെന്ന് വെളിപ്പെടുത്തണമെന്നും ഒക്കെയാണ് മേഘ തൻറെ മറുപടി ഫേസ്ബുക്കിൽ എഴുതിവെച്ചത്. രണ്ടുപേരുടെയും ഫേസ്ബുക്ക് പോസ്റ്റുകൾ പുറത്തുവന്നപ്പോൾ ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞുകൊണ്ട് ഓരോരുത്തരുടെയും പക്ഷം പിടിക്കുന്ന സ്ഥിതിയുണ്ടായി. സംസ്ഥാന സെക്രട്ടറി അരിത ബാബു പറഞ്ഞപ്രകാരം മേഘയ്ക്ക്- എട്ടു ലക്ഷം ആരാണ് കൊടുത്തതെന്ന് വ്യക്തമാക്കണമെന്നാണ് ഒരുപക്ഷം ആവശ്യപ്പെട്ടത്. മാത്രവുമല്ല മേഘയുടെ ആശുപത്രിവാസവും ചികിത്സയും സഹായം നൽകിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും- വസ്തുത പുറത്തുകൊണ്ടുവരണമെന്നും മറ്റൊരു വിഭാഗം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നു. ഒടുവിൽ തർക്കം രൂക്ഷമാകുമെന്ന് കണ്ടതോടുകൂടി സംസ്ഥാന നേതൃത്വം ഇടപെട്ടുകൊണ്ട് സംഭവം അന്വേഷിക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾ പുറത്തുവന്നതോടുകൂടി ആക്ഷേപം ഉന്നയിച്ച മേഘയുടെ അഭിപ്രായങ്ങൾ തേടി ചാനലുകാരും രംഗത്ത് വന്നു. ആദ്യഘട്ടത്തിൽ സാമ്പത്തിക സഹായം നൽകിയെന്ന യൂത്ത് നേതാവിന്റെ പ്രസ്താവനയെ മേഘ തള്ളിക്കളഞ്ഞിരുന്നു. മാത്രവുമല്ല താൻ ഇപ്പോഴും പൂർണ്ണ ആരോഗ്യവതിയായിട്ടില്ല എന്നും- മരുന്നുകൾ ഇപ്പോഴും കഴിച്ചുകൊണ്ടിരിക്കുന്നുവെന്നും മേഘ വ്യക്തമാക്കി. ആരോഗ്യപരമായി പ്രശ്നങ്ങൾ ഉണ്ടെങ്കിലും കുടുംബം പോറ്റുന്നതിനു വേണ്ടി അതൊന്നും വകവയ്ക്കാതെ ജോലിക്ക് പോവുകയാണെന്നും മേഘ പറഞ്ഞുവെച്ചു. മാത്രവുമല്ല, ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചിരുന്ന തൻറെ മകളെ സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ സ്കൂളിലേക്ക് മാറ്റിയ വിവരവും മേഘ ചാനലുകാർക്ക് മുന്നിൽ പറഞ്ഞുവച്ചു.
പാർട്ടി പ്രവർത്തനത്തിന്റെ മുന്നിൽ നിന്നതിന്റെ പേരിൽ ആരോഗ്യപരമായും കുടുംബപരമായി ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നയാൾ എന്ന നിലയിലാണ് താൻ ഇപ്പോൾ പരസ്യമായ പ്രതികരണത്തിന് തയ്യാറായതെന്നാണ് മേഘ പറയുന്നത്. യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന ജനറൽ സെക്രട്ടറി അരിത ബാബു യൂത്ത് കോൺഗ്രസ് നേതാക്കൾ തനിക്ക് എട്ടു ലക്ഷം രൂപ സഹായം നൽകിയെന്നത് എവിടെ നിന്നും കിട്ടിയ അറിവാണെന്ന് വെളിപ്പെടുത്തണമെന്നും മേഘ ചാനൽ സംഭാഷണത്തിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ പരാതികൾ ഉയർത്തുമ്പോഴും താൻ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകയായി തന്നെ മുന്നോട്ടു പോകുമെന്നും- ഇപ്പോഴത്തെ വിഷമതകൾ താൻ തന്നെ പരിഹരിച്ചുകൊണ്ട് ജീവിതം നേർവഴിയിൽ എത്തിക്കാൻ പരിശ്രമിക്കുകയാണെന്നും മേഘ പറഞ്ഞുവെക്കുന്നുണ്ട്. ഏതായാലും യൂത്ത് കോൺഗ്രസിൻറെ മഹിളാ നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറിയും ആലപ്പുഴ ജില്ലാ സെക്രട്ടറിയും തമ്മിൽ ഫേസ്ബുക്കിലൂടെ തുടങ്ങിവച്ച സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങൾ ജില്ലയിലെ യൂത്ത് കോൺഗ്രസിനകത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പാർട്ടിയിലെ നേതാക്കളെ പോലും പറ്റിക്കുന്ന നേതാക്കളാണ് യൂത്ത് കോൺഗ്രസിനെ നയിക്കുന്നതെന്ന രീതിയിലുള്ള പ്രചരണവുമായി സംഭവം മുതലെടുക്കാൻ സിപിഎം നേതാക്കളും ഡി വൈ എഫ് ഐ നേതാക്കളും രംഗത്തിറങ്ങിയതും യൂത്ത് കോൺഗ്രസിനെ വലിയ വിഷമത്തിൽ ആക്കിയിട്ടുണ്ട്.