എൻറെ അമ്മാവാ എന്നെ തല്ലണ്ട ഞാൻ നന്നാവില്ലേന്ന് പറഞ്ഞ അനന്തിരവന്റെ അവസ്ഥയിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. ജയിച്ചു കയറാൻ എല്ലാ സാധ്യതകളും മുന്നിൽ നിൽക്കുമ്പോൾ- ജയിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന ഭരണ കസേരകളുടെ പേരിൽ നേതാക്കന്മാർ തമ്മിലടിക്കുകയും പരസ്പരം കണ്ടാൽ മിണ്ടാത്ത തരത്തിലുള്ള അകൽച്ചയിലേക്കും എത്തിയിരിക്കുകയാണ്. കെ.പി.സി. സി പ്രസിഡൻറ് സുധാകരനും സംഘവും ഒരുവശത്തും, പ്രതിപക്ഷ നേതാവ് സതീശനും സംഘവും മറുവശത്തും നിന്നുകൊണ്ടാണ് ഒടുവിൽ കളരിപ്പയറ്റ് നടന്നത്. ഇതിനിടയിൽ ചെന്നിത്തലയുടെയും കെസി വേണുഗോപാലിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ കിട്ടിയ അവസരം മുതലെടുക്കാൻ അണിയറയിൽ ഇരുന്നുകൊണ്ട് കളി നടത്തുകയാണ്. ഒരുതരത്തിലും ഇഴുകിച്ചേരാൻ കഴിയാത്ത ഭിന്നിപ്പിലേക്കാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ എത്തിയിരിക്കുന്നത്. ഒരു യോഗം പോലും ചേരുവാൻ കഴിയാത്തത്ര ഭിന്നതയിലാണ് നേതാക്കൾ എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളും അതിന് പിറകെ നിയമസഭാ തിരഞ്ഞെടുപ്പും ഒരു വർഷത്തിനകം നടക്കേണ്ടതുണ്ട്. അതിനിടയിലാണ് പാർട്ടിയെ തന്നെ തകർക്കുന്ന വിധത്തിലുള്ള നേതാക്കളുടെ ചേരി പോരുകൾ തുടരുന്നത്. ഒരു കാര്യം മാത്രം സത്യമായി നിലനിൽക്കുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന പരസ്പരമുള്ള സംഘർഷങ്ങളും ചെളിവാരി എറിയലും ഏറെ വേദനിപ്പിക്കുന്നത് പാവപ്പെട്ട പാർട്ടി പ്രവർത്തകരെയാണ്. പത്തുവർഷമായി പ്രതിപക്ഷത്ത് ഇരുന്നുകൊണ്ട്പാർട്ടിക്ക് വേണ്ടി എല്ലാ ദുരിതങ്ങളും അനുഭവിച്ചു വരികയാണ്. സാധാരണ പ്രവർത്തകർ അടുത്ത തെരഞ്ഞെടുപ്പിലും തോൽവി ഉണ്ടായി പ്രതിപക്ഷത്തേക്ക് തള്ളപ്പെട്ടാൽ ഇടതുപക്ഷ ഭരണകൂടത്തിന്റെ എല്ലാ മർദ്ദനമുറകളും ഏറ്റുവാങ്ങുക എന്നത് കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി കോൺഗ്രസ് പാർട്ടിയും യുഡിഎഫും അധികാരത്തിൽ വരുമെന്ന് വലിയ തോതിൽ മോഹിച്ചു നടക്കുന്ന പാവം പാർട്ടി പ്രവർത്തകരെ സങ്കട കടലിൽ തള്ളി അത് നോക്കി രസിച്ച് തുള്ളികളിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എന്നതാണ് വാസ്തവം.
പാർട്ടിയെ ഒറ്റക്കെട്ടായി നിലനിർത്തി തെരഞ്ഞെടുപ്പുകളെ നേരിടുന്നതിന് സജ്ജമാക്കുവാൻ- പ്രവർത്തന പരിപാടികൾ രൂപപ്പെടുത്തുന്നതിനായാണ് കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയും ഭാരവാഹി യോഗവും തിരുവനന്തപുരത്ത് നടന്നത്. ഈ യോഗത്തിൽ അനൈക്യത്തിന്റെ ശബ്ദം ഉയരുമെന്ന് മുൻകൂട്ടി തന്നെ മാധ്യമങ്ങൾ പറഞ്ഞിരുന്നു. അതുതന്നെയാണ് യോഗത്തിൽ ഉണ്ടായത്. കെപിസിസി പ്രസിഡൻറ് സുധാകരൻ ഇരിക്കുന്ന വേദിയിൽ കടന്നു ചെല്ലാൻ പ്രതിപക്ഷ നേതാവ് സതീശന് വലിയ താല്പര്യം ഇല്ല. അതുകൊണ്ടുതന്നെ യോഗം തുടങ്ങിക്കഴിഞ്ഞാണ് പ്രതിപക്ഷ നേതാവ് യോഗത്തിൽ എത്തിയത്. ഓരോരുത്തരായി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച അവസരത്തിലാണ്- വിഴുപ്പലക്കലിന്റെയും പരസ്പരമുള്ള എതിർപ്പുകളുടെയും വാഗ്വാദങ്ങൾ ഉണ്ടായത്. തുടക്കത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് സതീശൻ നിയമസഭാ തിരഞ്ഞെടുപ്പിൽ നിശ്ചിത മണ്ഡലങ്ങളിൽ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്തുകൊണ്ട് മറ്റൊരു നേതാവ് രംഗത്ത് വന്നു. ശക്തമായ പ്രവർത്തനത്തിന് പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ച മണ്ഡലങ്ങളുടെ കണക്ക് എവിടെ നിന്ന് കിട്ടി എന്നും, ഏതു നേതാക്കളാണ് ചർച്ചചെയ്ത് ഇത് തീരുമാനിച്ചതെന്നുമുള്ള ചോദ്യം ഉയർന്നപ്പോൾ പ്രസംഗം നിർത്തി പ്രതിഷേധിച്ച് സതീശൻ വെറുതെ ഇരുന്നു. ഇതേ തുടർന്നാണ് പലതരത്തിലുള്ള തർക്കങ്ങളും ഉയർന്നുവന്നത്. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡണ്ടും പരസ്പരം മിണ്ടുവാൻ പോലും തയ്യാറാവാതെ വൈരാഗ്യത്തോടെ നീങ്ങുമ്പോൾ എങ്ങനെയാണ് പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാൻ കഴിയുക എന്നതായിരുന്നു നേതാക്കളിൽ പലരുടെയും ചോദ്യം.
കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പുതിയ ആൾ വരണമെന്ന് നേതാക്കൾ ആവശ്യപ്പെടുമെന്നും അതിന്മേൽ ചർച്ചകൾ ഉണ്ടാകുമെന്നും നേരത്തെ പറഞ്ഞിരുന്നു. എങ്കിലും യോഗം ഇതൊന്നും പരിഗണിക്കാതെ വഴിമാറുന്ന സ്ഥിതിയാണ് ഉണ്ടായത്. പാർട്ടിയുടെയും യുഡിഎഫിന്റെയും പ്രവർത്തന കാര്യങ്ങൾ ആരോടും ആലോചിക്കാതെ- പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് പ്രഖ്യാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് പലരും ചോദിച്ചു. പ്രതിപക്ഷ നേതാവ് ധിക്കാരം അവസാനിപ്പിച്ച് മറ്റു നേതാക്കളെ അംഗീകരിക്കാൻ തയ്യാറാവണമെന്നും നിലവിലുള്ള പോക്ക് ശരിയല്ല എന്നും വലിയ വിമർശനങ്ങൾ ഉണ്ടായതോടുകൂടി പ്രതിപക്ഷ നേതാവിനെയാണ് മാറ്റേണ്ടതെന്നും പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാകണമെന്നുള്ള തരത്തിലേക്ക് ചർച്ചകൾ വഴി മാറി.
ഇതിനിടയിലാണ് ഈ രണ്ടു വിഭാഗങ്ങൾക്കും അപ്പുറത്തുള്ള ചെന്നിത്തലയുടെയും കെ.സി വേണുഗോപാലിന്റെയും ഒപ്പം നിൽക്കുന്ന നേതാക്കൾ പുതിയ തന്ത്രങ്ങളുമായി യോഗത്തിൽ നിലപാട് എടുത്തത്. കെപിസിസി പ്രസിഡണ്ടിനെ മാത്രമല്ല മാറ്റേണ്ടത് എന്നും, പ്രതിപക്ഷ നേതാവും മാറണമെന്നും നിരവധി നേതാക്കൾ ആവശ്യപ്പെട്ടു. മറ്റൊരു മുതിർന്ന നേതാവ് സതീശനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. പ്രതിപക്ഷ നേതാവിന്റെ ഓഫീസ്- കോൺഗ്രസുകാർക്കും യുഡിഎഫ് പ്രവർത്തകർക്കും അഭയകേന്ദ്രം ആയിരുന്നു എങ്കിൽ- ഇപ്പോൾ അത് കോൺഗ്രസ് പ്രവർത്തകരുടെ ഭയാകേന്ദ്രമായി മാറി എന്നും- കോൺഗ്രസ് പ്രവർത്തകർക്കു പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വിലക്ക് കൽപ്പിച്ചിരിക്കുകയാണെന്നും വരെ പരാതി ഉയർന്നു.
ഐക്യത്തെപറ്റി ആലോചിക്കുവാനും ഐക്യം പാർട്ടിക്കകത്ത് ഊട്ടി ഉറപ്പിക്കാനും തീരുമാനിച്ചുകൊണ്ടായിരുന്നു നേതാക്കൾ യോഗം ചേർന്നത് എങ്കിലും- മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഭിന്നിപ്പുകൾ ശേഷിപ്പിച്ചു കൊണ്ടാണ് യോഗം അവസാനിച്ചത്. യോഗത്തിനുശേഷം നാട്ടുകാരെ ബോധ്യപ്പെടുത്തുവാൻ കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും സംയുക്തമായി വാർത്ത സമ്മേളനം നടത്തണമെന്ന് തീരുമാനിച്ചു എങ്കിലും ഇതിനൊന്നും കാത്തുനിൽക്കാതെ സതീശൻ മുങ്ങുകയാണ് ചെയ്തത്. യോഗത്തിൽ പങ്കെടുത്ത കേന്ദ്ര നേതാക്കൾ പോലും വല്ലാത്ത പ്രതിഷേധത്തിലാണ് യോഗം വിട്ടത്.
കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പോലും കേരള നേതാക്കളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. നേതാക്കളായ നിങ്ങൾക്ക് പോലും ഒരുമിച്ച് നിൽക്കാൻ കഴിയുന്നില്ല എങ്കിൽ ഞാൻ നിങ്ങൾക്കൊപ്പം ഇവിടെ വരുന്നതിൽ ഒരർത്ഥവും ഇല്ലായെന്നും താൻ ഈ സ്ഥാനം ഒഴിയാമെന്നും വരെ ദീപാ ദാസ് പറഞ്ഞുയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഒരു പത്രസമ്മേളനം നടത്തുന്നതിന് പോലും ഒരുമിച്ചിരിക്കുവാൻ മനസ്സില്ലാത്ത നേതാക്കൾ എങ്ങനെയാണ് പാർട്ടിയിൽ ഐക്യം ഉണ്ടാക്കുകയെന്നും അവർ ദേഷ്യത്തോടെ ചോദിച്ചു എന്നാണ് അറിയുന്നത്.
കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരുടെ തമ്മിലടിയിലൂടെ തകർച്ചയിലേക്ക് നീങ്ങുന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഒരുതരത്തിലും യോജിക്കാൻ തയ്യാറാവാതെ സ്ഥാനമാനങ്ങളിൽ കെട്ടിപ്പിടിച്ചു നീങ്ങുന്ന ശൈലിയാണ് നേതാക്കൾ കാണിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുമെന്നും അങ്ങനെ വരുമ്പോൾ മുഖ്യമന്ത്രി ആകാം എന്നും സ്വപ്നം കണ്ടു കൊണ്ട് നടക്കുന്ന പാർട്ടി കൂറില്ലാത്ത നേതാക്കളാണ് കോൺഗ്രസിന്റെ ശാപമായി മാറിയിരിക്കുന്നത്. ഒന്നും നേടുവാനാവാതെ ആയുസ്സ് മുഴുവൻ പാർട്ടിക്കുവേണ്ടി നീക്കിവെച്ച് കുടുംബം വരെ പട്ടിണിയിലായ പതിനായിരക്കണക്കിന് പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ കണ്ണീരിലാഴ്ത്തുന്ന നെറികെട്ട രാഷ്ട്രീയമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കളിച്ചുകൊണ്ടിരിക്കുന്നത്.