വ്യായാമത്തിന്റെ പേര് പറഞ്ഞു മുസ്ലിം സ്ത്രീകൾ നഗ്നത പ്രദർശിപ്പിച്ച് മിടുക്കരാകാൻ ശ്രമിക്കുന്നത് ശരിയല്ലായെന്നും ഇസ്ലാം വിശ്വാസങ്ങൾക്ക് എതിരായ ഈ നടപടിയെ അംഗീകരിക്കാൻ കഴിയില്ലായെന്നും തുറന്നടിച്ചുകൊണ്ട് സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി- കാന്തപുരം അബൂബക്കർ മുസ്ലിയാർ രംഗത്ത് വന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് സമീപകാലത്ത് പ്രവർത്തിച്ചുവരുന്ന മെക് -7 എന്ന വ്യായാമ കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ എതിർപ്പ് അറിയിച്ചു കൊണ്ടാണ്- കാന്തപുരം ഈ പ്രസ്താവന നടത്തിയത്. മുസ്ലിം വിശ്വാസികളുടെ ഒരു സംഘടനയുടെ യോഗത്തിൽ വച്ചാണ് കാന്തപുരം അഭിപ്രായം വെട്ടി തുറന്ന് പറഞ്ഞത്
ഇസ്ലാം മതത്തിൻറെ വിശ്വാസങ്ങൾ പ്രകാരവും ആചാരങ്ങൾ അനുസരിച്ചും സ്ത്രീയും പുരുഷനും ഒരുമിച്ച് ഇരിക്കുന്നതുപോലും നിഷിദ്ധമാണ്. ഇത് ആരെങ്കിലും പറഞ്ഞ് പഠിപ്പിക്കേണ്ട പുതിയ കാര്യമല്ല. പരമ്പരാഗതമായി മുസ്ലിം മത വിശ്വാസികൾ ശ്രദ്ധാപൂർവ്വം അനുസരിച്ചു വരുന്ന ഒരു കാര്യമാണ് ഇത്. ഇതെല്ലാം മറന്നു കൊണ്ട് പരിഷ്കരണത്തിന്റെയും പുരോഗമനത്തിന്റെയും പേര് പറഞ്ഞുകൊണ്ട് മതവിശ്വാസങ്ങളെ തള്ളിക്കളയാൻ ചിലർ നടത്തുന്ന സംഘടിതമായ ശ്രമങ്ങൾ- ലോകത്ത് നാശംവിതയ്ക്കുവാൻ മാത്രമേ ഉപകരിക്കൂ എന്നും കാന്തപുരം പറയുകയുണ്ടായി.
കോഴിക്കോട് നഗരത്തിലാണ് കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുമ്പ് വ്യായാമത്തിൽ താല്പര്യമുള്ള സ്ത്രീ പുരുഷന്മാരുടെ കൂട്ടായ്മ ഉണ്ടാക്കുകയും മെക്- 7എന്ന പേരിൽ ഈ സംഘം പ്രവർത്തിച്ചുവരുകയുമാണ്. ഇവരുടെ പ്രവർത്തനങ്ങളിൽ തെറ്റായ പലതും നടക്കുന്നു എന്നും- മുസ്ലിം മത വിശ്വാസികൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ കൂട്ടായ്മ രൂപപ്പെട്ടിട്ടുള്ളതെന്നും ആക്ഷേപം നിലനിൽക്കുന്നുണ്ട്. സ്ത്രീയും പുരുഷനും ഒരുമിച്ച് ചേർന്നുകൊണ്ടുള്ള വ്യായാമ പ്രവർത്തനത്തിൽ സ്ത്രീകൾ അൽപ വസ്ത്രധാരികളായി പങ്കെടുക്കുന്നതിനെയാണ് കാന്തപുരം രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്. ഇസ്ലാം മത വിശ്വാസികൾ കാലങ്ങളായി പാലിച്ചു പോരുന്ന ജീവിത രീതികളെ തള്ളിക്കളയുന്ന ഇപ്പോഴത്തെ രീതി വലിയ തകർച്ചയ്ക്ക് കാരണമാകും എന്ന് കാന്തപുരം പറഞ്ഞുവയ്ക്കുന്നു. മാത്രവുമല്ല സദുദ്ദേശത്തോടു കൂടിയും മതവിശ്വാസത്തോടുകൂടിയും പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നതിന് പകരം- അതിനെയെല്ലാം എതിർക്കുകയും ഇത്തരത്തിൽ അഭിപ്രായം പറയുന്നവർ പഴഞ്ചൻമാരെന്നുംവിവരമില്ലാത്തവർ എന്നുമൊക്കെ ആക്ഷേപിക്കുന്ന ഈ കൂട്ടായ്മയുടെ നേതാക്കന്മാർ ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്നും കാന്തപുരം ഓർമ്മപ്പെടുത്തുന്നുണ്ട്.
കോഴിക്കോട് ഒരു കൂട്ടായ്മ രൂപീകരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന വ്യായാമ ക്ലാസുകളിൽ അല്പ വസ്ത്രധാരികളായി മുസ്ലിം സ്ത്രീകൾ പങ്കെടുക്കുന്നത് മതവിശ്വാസികൾക്കിടയിൽ വലിയ തോതിൽ എതിർപ്പ് ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യവും കാന്തപുരം യോഗത്തിൽ പറയുകയുണ്ടായി. ഏതായാലും ഇസ്ലാം മതം ബോധിപ്പിക്കുന്നതും ഖുർആനിൽ വ്യക്തമാക്കിയിട്ടുള്ളതുമായ- നൂറ്റാണ്ടുകൾ പഴക്കമുള്ള മതവിശ്വാസങ്ങളെ തള്ളിക്കളയുന്നത് ദൈവ നീതിക്ക് നിരക്കാത്തതാണെന്നും പരിഷ്കരണ വാദികളും പുരോഗമന ചിന്താഗതിക്കാരും എന്ന് പറയുന്നവരും വിശ്വാസത്തിൽ നിൽക്കുന്നുണ്ടെങ്കിൽ- ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തള്ളുന്നത് ശരിയല്ല എന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
മറ്റു പല മതങ്ങളെ അപേക്ഷിച്ചും മുസ്ലിം വിശ്വാസങ്ങളും ആചാരങ്ങളും കൂടുതൽ കർക്കശമായ നിബന്ധനകളും മറ്റും നിറഞ്ഞതാണ്. അതുകൊണ്ടുതന്നെയാണ് സ്ത്രീ പുരുഷ വിഭാഗങ്ങൾ ഒരുമിച്ച് പ്രാർത്ഥനാ കാര്യങ്ങളിൽ പോലും പങ്കെടുക്കാതെ ഇരിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയാണ് നിസ്കാരം പോലും നടന്നുവരുന്നത്. ഇത്തരം ആചാരങ്ങളും വിശ്വാസങ്ങളും പുലർത്തി പോരുന്ന പരമ്പരയാണ് കേരളത്തിലും മത വിശ്വാസികളായുള്ളത്. അവരുടെ പോലും മനസ്സിനെ നോവിക്കുന്ന രീതിയിലുള്ള നഗ്നതാ പ്രദർശനത്തിലേക്ക് മുസ്ലിം വിശ്വാസികളായ സ്ത്രീകൾ കടന്നു ചെല്ലുന്നത്- ഒട്ടും ശരിയല്ല എന്ന കാര്യം തിരിച്ചറിയപ്പെടണമെന്നും ഇത്തരം അവസ്ഥ തുടരുന്ന സ്ഥിതി ഉണ്ടായാൽ- അത് ലോകനാശത്തിന് തന്നെ വഴിയൊരുക്കും എന്നും കാന്തപുരം സമ്മേളനത്തിൽ പ്രസ്താവിച്ചു.