ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമാണ് അമേരിക്ക. അവിടെ നടന്ന തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടി ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്തു. അമേരിക്കൻ പ്രസിഡൻറ് പദവി ഏറ്റെടുക്കുന്ന ചടങ്ങ് കഴിഞ്ഞപ്പോൾ ട്രംപ് സർക്കാരിൻറെ പുതിയ തീരുമാനങ്ങളും നയങ്ങളും നടപ്പാക്കുന്ന 200 ഓളം ഉത്തരവുകളിൽ ഒപ്പുവച്ചു എന്നാണ് അറിയുന്നത്. ലോകത്തെ മുഴുവൻ ബാധിക്കുന്നതും അമ്പരപ്പിക്കുന്നതുമായ സുപ്രധാന തീരുമാനങ്ങളിൽവരെ പ്രസിഡൻറ് ഒപ്പുവെച്ചതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പുതിയതായി അധികാരമേറ്റ അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ തീരുമാനങ്ങൾ ഇന്ത്യയെയും ബാധിക്കുന്നുണ്ട് അതിലേറെ മലയാളികളെയും ദോഷകരമായി ബാധിക്കുന്നു എന്നതാണ്.
ലോകത്ത് എവിടെ എന്ത് സംഭവിച്ചാലും ആദ്യം പരിഭ്രാന്തിയിൽ ആകുന്നത് മലയാളികളാണ്. മലയാളികൾ ചെന്നെത്താത്ത ഒരു രാജ്യവും ലോകത്ത് ഇല്ല. ചൈനയിൽ നിന്നും കോവിഡ് തുടങ്ങിയപ്പോഴും ഉക്രൈനിൽ യുദ്ധം തുടങ്ങിയപ്പോഴും പരിഭ്രാന്തിയിലായത് കേരളത്തിലെ ജനങ്ങൾ ആയിരുന്നു. ഈ സ്ഥലങ്ങളിൽ എല്ലാം കേരളത്തിൽ നിന്നും പോയ മലയാളികൾ അധികം ഉണ്ടായിരുന്നു എന്നതാണ് ഈ പരിഭ്രാന്തിക്ക് വഴിയൊരുക്കിയത് ഇപ്പോൾ മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്ന തീരുമാനമാണ് പുതിയ അമേരിക്കൻ പ്രസിഡന്റിൽ നിന്നും വന്നിരിക്കുന്നത്.
സ്വർണ്ണം വിളയുന്ന സമ്പന്ന രാജ്യമായ അമേരിക്കയിലേക്ക് കേരളത്തിൽ നിന്നും വിമാനം കയറിയ ആയിരക്കണക്കിന് ആൾക്കാരുണ്ട്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് തൊഴിൽ തേടി ആൾക്കാർ പോയിരുന്നു. നേഴ്സ്, ഡോക്ടർ, അക്കൗണ്ടൻറ്, എൻജിനീയർ, തുടങ്ങിയ ഉന്നത ബിരുദയോഗ്യതയുള്ള ആൾക്കാരാണ് വിസ സ്വന്തമാക്കി ജോലിക്കായി അമേരിക്കയിലേക്ക് കടന്നത്. ഇങ്ങനെ പോയവരെല്ലാം അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയുമൊക്കെ പലപ്പോഴായി അമേരിക്കയിൽ ജോലി ശരിയാക്കി അങ്ങോട്ട് കൊണ്ടുപോയി. ഇപ്പോഴും അമേരിക്കയിലേക്ക് ഉയർന്ന ജോലി തേടി മലയാളികൾ പോയിക്കൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് അമേരിക്കയിൽ എത്തി ജോലി ചെയ്തുവരുന്ന പലരും അവിടെ കിട്ടിയ വലിയ ശമ്പളം കൊണ്ട് സമ്പന്നന്മാരായി മാറിയിരുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് ആൾക്കാരാണ് അമേരിക്കയിൽ കുടിയേറിയത്. ഇവരിൽ ഭൂരിഭാഗം ആൾക്കാരും ക്രിസ്തുമതത്തിൽപെട്ടവർ ആണെന്നതും ഒരു പ്രത്യേകതയായിരുന്നു. അമേരിക്കയിൽ ജോലി ചെയ്ത് കോടികൾ സമ്പാദിച്ച്- സ്വന്തം നാടായ കേരളത്തിൽ വലിയ ആഡംബര ഭവനങ്ങളും ബഹുനില കെട്ടിടങ്ങളും ഏക്കർ കണക്കിന് വസ്തുക്കളും വാങ്ങിക്കൂട്ടി പ്രമാണിമാരായി മാറിയ അമേരിക്കൻ മലയാളികൾ ആയിരക്കണക്കിനുണ്ട്.
അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഉദ്ദേശിക്കുന്ന രീതിയിൽ തീരുമാനങ്ങൾ ഉണ്ടായാൽ- 48 ലക്ഷത്തിലധികം ഇന്ത്യക്കാർ അമേരിക്ക വിട്ട് നാട്ടിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടാകും. ഈ കൂട്ടത്തിൽ രണ്ടര ലക്ഷത്തിലധികം മലയാളികൾ ഉൾപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഇത് മാത്രമല്ല ഭാവിയിൽ അന്യ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള ആൾക്കാരുടെ കുടിയേറ്റം തടയുന്നതിനുള്ള ഉത്തരവും അമേരിക്കൻ പ്രസിഡൻറ് ഉടൻ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുമുണ്ട്. അന്യ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ എത്തി കുടുംബജീവിതം നയിക്കുകയും അവിടെ വച്ച് ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം നൽകുകയും ചെയ്യുക എന്ന നിയമമാണ് നിലവിൽ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ ട്രംപ് പിൻവലിക്കുന്നത്.
പൗരത്വ വിഷയത്തിൽ മാത്രമല്ല- അധികാരമേറ്റ ശേഷം ട്രംപ് ഒപ്പുവെച്ചു എന്ന് പറയുന്ന പുതിയ തീരുമാനങ്ങൾ ലോക രാജ്യങ്ങളിൽ പലതരം ആശങ്കകൾ ഉണ്ടാക്കുന്നതാണ്. ട്രംപിന്റെ സുപ്രധാന പ്രഖ്യാപനത്തിൽ ഒന്ന്- ലോകാരോഗ്യ സംഘടനയുമായി ഉള്ള ബന്ധം ഉപേക്ഷിക്കുന്നു എന്നതാണ്. ഈ സംഘടനയ്ക്ക് അമേരിക്ക നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തുമെന്നും പ്രഖ്യാപനത്തിൽ ഉണ്ട്. ഇപ്പോൾ ഈ സംഘടനയ്ക്ക് ലഭിക്കുന്ന- വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സാമ്പത്തിക സഹായത്തിൽ 15 ശതമാനത്തിലധികം അമേരിക്ക നൽകുന്നതാണ്. അമേരിക്ക പിന്മാറ്റം നടത്തിയാൽ സംഘടനയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയർന്നു കഴിഞ്ഞു.
പുതിയ അമേരിക്കൻ പ്രസിഡൻറ് ട്രംപ് പ്രഖ്യാപിച്ച ചില മാറ്റങ്ങളുടെ കാര്യത്തിൽ ലോക നേതാക്കൾ ഇതിനകം തന്നെ എതിർപ്പ് അറിയിച്ചിട്ടുണ്ട് അമേരിക്കയുടെ മുൻ പ്രസിഡൻറ് ഒബാമ- ട്രംപിന്റെ തീരുമാനത്തെ- തെറ്റായ തീരുമാനം എന്നാണ് പറഞ്ഞിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡണ്ടും ജർമനി പ്രസിഡണ്ടും, ഇറ്റലി ഭരണാധികാരിയുമെല്ലാം അമേരിക്കയുടെ പുതിയ നീക്കങ്ങളിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ യഥാർത്ഥ സ്വഭാവം പരിശോധിച്ചാൽ മറ്റു ലോക നേതാക്കൾ ആരെങ്കിലും പറഞ്ഞാൽ അതു കേട്ട് അംഗീകരിക്കുന്ന ശീലം അദ്ദേഹത്തിന് ഇല്ല. സ്വന്തം തീരുമാനങ്ങൾ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന രീതിയാണ് ട്രംപിന് ഉള്ളത്. ലോക കോടീശ്വരന്മാരിൽ മുന്നിൽ നിൽക്കുന്ന ഒരാൾ കൂടിയാണ് അമേരിക്കയുടെ പ്രസിഡന്റായ ട്രംപ്. അതുകൊണ്ടുതന്നെ ആരെയും വകവയ്ക്കുന്ന ശീലവും അദ്ദേഹത്തിന് ഇല്ല.
അമേരിക്കയിലെ അന്യ രാജ്യങ്ങളിൽ നിന്നുള്ള ആൾക്കാരെ തിരികെ അയക്കുന്നതിനും ഭാവിയിൽ അന്യ രാജ്യക്കാർക്ക് പ്രവേശനം നിഷേധിക്കുന്നതിനുമുള്ള ട്രംപിന്റെ നിലപാടുകളിൽ അമേരിക്കയിലെ ഒരു വിഭാഗം ജനങ്ങൾ യോജിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ട്രംപ് പറയുന്നത് അന്യ രാജ്യങ്ങളിൽ നിന്നുള്ളവരെ ഒഴിവാക്കി അമേരിക്കക്കാർക്ക് കൂടുതൽ തൊഴിൽ സാധ്യതയും ജീവിതസൗകര്യം മെച്ചപ്പെടുത്തലും സ്വന്തം നാട്ടുകാരിലൂടെ രാജ്യത്തിൻറെ വികസനവും എന്ന നിലപാടാണ്. ഈ നിലപാട് ശരിവെക്കണമെന്ന അഭിപ്രായക്കാർ അമേരിക്കൻ ജനതയിലും ഉണ്ടെന്നത് ട്രംപിന് ആത്മവിശ്വാസം പകരുന്നതുമാണ്.
ഏതായാലും പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങളിൽ ഭയപ്പാടിൽ എത്തുന്നത് മലയാളികൾ തന്നെയാണ്. ഇപ്പോൾ പുറത്തുവരുന്ന ഏകദേശക്കണക്കുകൾ വെച്ച് പറയുമ്പോൾ- ഏതാണ്ട് രണ്ടര ലക്ഷത്തിലധികം മലയാളികൾ അമേരിക്ക വിട്ട് നാട്ടിലേക്ക് തിരികെ പോരേണ്ട അവസ്ഥ ഉണ്ടാകും എന്നാണ്. ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായാൽ അത് വലിയതോതിൽ കേരളത്തിൻറെ സാമ്പത്തിക സ്ഥിതിയെയും ബാധിക്കും. അമേരിക്കൻ മലയാളികളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം കേരളത്തിലെ ബന്ധുക്കളുടെ പേരിൽ എത്തുന്നുണ്ടെന്നതും- ഈ തുക സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ വലിയ തോതിൽ പ്രാധാന്യത്തിൽ നിലനിൽക്കുന്നു എന്നതും ഗൗരവമുള്ള കാര്യമാണ്. സ്ഥിതി മോശമായാൽ ഈ സാമ്പത്തിക വരവ് നിലയ്ക്കുകയും, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.