മുഖ്യമന്ത്രിയാകാൻ ഇറങ്ങിയ സതീശൻ മൂക്കു കുത്തി വീണു

സതീശനെതിരെ കോൺഗ്രസിൽ സംയുക്ത നീക്കം

കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് അകത്ത് സർവാധിപത്യം ഉറപ്പാക്കാൻ രഹസ്യമായും പരസ്യമായും അടവുകൾ പയറ്റിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒടുവിൽ തലകുത്തി വീഴുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷ നേതാവായി ചുമതലയേറ്റയാളാണ് സതീശൻ. രണ്ടാം ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന- തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും- ഒടുവിൽ പാലക്കാട് ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പുകളിൽ- വലിയ വിജയം നേടിയതോടുകൂടി പ്രതിപക്ഷ നേതാവായ സതീശൻ കഴിഞ്ഞതെല്ലാം മറന്ന് സാക്ഷാൽ മഹാരാജാവിന്റെ വേഷം കെട്ടുകയാണ് ചെയ്തത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ വലിയ പങ്കു വഹിച്ച മുതിർന്ന നേതാക്കളെയെല്ലാം അവഗണിച്ചുകൊണ്ട് ധിക്കാരപരമായി മുന്നോട്ടു പോയ സതീശനെതിരെ- കേരള നേതാക്കൾ ഒറ്റക്കെട്ടായി രംഗത്ത് വന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.

ഒരു വർഷത്തിനകം കേരളത്തിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും- അതിനുശേഷം ഉള്ള നിയമസഭ തെരഞ്ഞെടുപ്പിലും ഞാൻ തീരുമാനിക്കുമെല്ലാം എന്ന അഹങ്കാരത്തോടെയാണ് സതീശൻ നീങ്ങിയത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ- ബാക്കി നേതാക്കളെ പുല്ലുപോലെ അവഗണിച്ചുകൊണ്ട് പ്രസംഗത്തിന് തയ്യാറായപ്പോഴാണ്- മറ്റു നേതാക്കൾ സതീശനെതിരെ ഒരുമിക്കുന്ന സ്ഥിതി ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനും ഭരണത്തിൽ എത്തുന്നതിനും മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവച്ചപ്പോഴാണ് മറ്റു നേതാക്കൾ ഇതു പറയാൻ നിങ്ങൾ ആരാണ് എന്നും ഇത്തരം നിർദ്ദേശങ്ങൾ പാർട്ടിയുടെ ഏത് യോഗത്തിലാണ് തീരുമാനിച്ചത് എന്നും ചോദിച്ചുകൊണ്ട് രംഗത്ത് വന്നത്. പ്രതിഷേധത്തോടുകൂടി സതീശൻ പ്രസംഗം നിർത്തി യോഗം വിട്ട സംഭവം ഉണ്ടായി എന്നും പറയപ്പെടുന്നു.

ഇതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ഏതെല്ലാം മണ്ഡലത്തിൽ ആരൊക്കെ സ്ഥാനാർത്ഥിയാകണം എന്ന കാര്യം സംബന്ധിച്ച് സതീശൻ സ്വന്തം ആൾക്കാരെ ഉപയോഗിച്ച് രഹസ്യ സർവ്വേ നടത്തിയ വിവരവും പുറത്തുവന്നത്. ഈ കാര്യം അറിഞ്ഞതോടുകൂടി കോൺഗ്രസ് ഹൈക്കമാന്റും സതീശനോട് ഇത് സംബന്ധിച്ച് വിശദീകരണം തേടിയതായി റിപ്പോർട്ട് ഉണ്ട്. കേരളത്തിലെ മുൻ പാർട്ടി പ്രസിഡന്റുമാരെ പോലും അവഗണിച്ചുകൊണ്ട് എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കിൽ പ്രതിപക്ഷ നേതാവായി മറ്റാരെയെങ്കിലും കണ്ടെത്തേണ്ടി വരും എന്ന സൂചന പോലും കോൺഗ്രസ് ഹൈക്കമാന്ഡിലെ ചിലർ നൽകിയതായി പറയുന്നുണ്ട്. ഏതായാലും എല്ലാം അടക്കി ഭരിക്കാമെന്ന് മോഹിച്ചിരുന്ന പ്രതിപക്ഷ നേതാവിന് എല്ലാ ഭാഗത്തുനിന്നും തിരിച്ചടി ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.

മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ വെട്ടിവിഴ്ത്തി ഭാവി മുഖ്യമന്ത്രിയുടെ കുപ്പായവും തൈപ്പിച്ച് നടക്കുന്ന ആളാണ് സതീശൻ . ചെന്നിത്തല കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം മതവിഭാഗങ്ങളുടെ നേതാക്കന്മാരുമായി ശക്തമായ അടുപ്പം ഉറപ്പിക്കുന്നതിന് നീക്കം നടത്തിയപ്പോൾ അതിനെ തടയിടാൻ മറ്റു ചില മതവിഭാഗങ്ങളുടെ യോഗങ്ങളിലേക്ക് കടന്നു ചെല്ലാൻ ശ്രമിക്കുകയും- തിരിച്ചടി ഉണ്ടാവുകയും ചെയ്ത കാര്യവും ഇപ്പോൾ നേതാക്കൾക്കിടയിൽ സംസാരം ആയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും രഹസ്യ സർവ്വേയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കണക്കുകൾ നിരത്തിക്കൊണ്ട് സ്വന്തം ശിങ്കിടികളായ നേതാക്കൾക്ക് സീറ്റുകൾ കയ്യടക്കി വീതിച്ച് കൊടുക്കുന്നതിനുള്ള തന്ത്രമാണ് യഥാർത്ഥത്തിൽ സതീശൻ പയറ്റിയത്. ഇതിൻറെ ചില സൂചനകൾ സതീശന്റെ ഒപ്പം നിൽക്കുന്നവർ തന്നെ മറ്റു ഗ്രൂപ്പ് നേതാക്കൾക്ക് പകർന്നു കൊടുത്തതാണ്. പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത് സതീശന്റെ അടുപ്പക്കാരായി നിൽക്കുന്ന ചിലർ കാലങ്ങളായി ചെന്നിത്തലയുടെ കൂടെ നിന്നവരും ഇപ്പോഴും അടുപ്പം പുലർത്തുന്നവരുമാണ് എന്ന രഹസ്യം സതീശന് പിടികിട്ടിയില്ല എന്നതും ഒരു വസ്തുതയാണ്. ഇത്തരം ആൾക്കാരാണ് ചെന്നിത്തലയ്ക്കും കെപിസിസി പ്രസിഡണ്ട് സുധാകരനും എതിരായുള്ള സതീശന്റെ കളികൾ മറ്റു നേതാക്കൾക്ക് കൈമാറിയത് എന്നാണ് അറിയുന്നത്.

ഒരു വർഷത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളുടെ എല്ലാ ഘടകങ്ങളും കൈപ്പിടിയിൽ ഒതുക്കി ഭൂരിപക്ഷം നേടുകയാണെങ്കിൽ അതെല്ലാം തൻറെ പ്രയത്നം കൊണ്ടാണ് എന്ന് വരുത്തി തീർത്ത് ഭാവി മുഖ്യമന്ത്രിയുടെ മോഹം സാക്ഷാത്കരിക്കാനുള്ള തന്ത്രങ്ങളാണ് സതീശൻ പയറ്റിയത്. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിനും പിന്നീട് നടന്ന നേതൃയോഗത്തിനും ശേഷം സതീശന്റെ കള്ളക്കളികൾ എല്ലാം പല നേതാക്കളിൽ നിന്നായി പുറത്തുവരുന്ന സാഹചര്യമാണുണ്ടായത്. മറ്റു നേതാക്കൾക്കെതിരെ സതീശൻ കളിച്ച കളികൾ എല്ലാ നേതാക്കളെയും സതീശന്റെ ശത്രുക്കൾ ആക്കി മാറ്റിയിരിക്കുന്നു. ഇപ്പോഴത്തെ കേരള നേതാക്കളുടെ സതീശവിരുദ്ധ ചേരി ശക്തമായ നിലപാടുകൾ എടുത്താൽ ഇപ്പോൾ സതീശന്റെ കൈവശമുള്ള പ്രതിപക്ഷ നേതാവിന്റെ കസേര പോലും നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഏതായാലും ഒരു കാര്യം ഉറപ്പാണ്, സതീശനെ കഴിഞ്ഞ നാളുകളിൽ പലവിധത്തിലും സഹായിച്ചിരുന്ന സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി കെ.സി. വേണുഗോപാൽ പോലും ഇപ്പോൾ സതീശനെ കൈവിട്ടിരിക്കുകയാണ്. വളരെ വിദഗ്ധമായി കോൺഗ്രസ് നേതാക്കളെ ഒപ്പം നിർത്തുന്നതിന് ചെന്നിത്തല എല്ലാ കളികളും നടത്തിക്കൊണ്ടിരിക്കുന്നു. മുതിർന്ന നേതാക്കളെ വീടുകളിൽ ചെന്ന് കാണുകയും അവരുമായി രഹസ്യ സംഭാഷണം നടത്തി സതീശനെ ഒറ്റപ്പെടുത്തുന്നതിന് ആശയപരമായി ഒരുമിപ്പിക്കുകയും ചെയ്യുന്ന അടവുകളാണ് ഇപ്പോൾ ചെന്നിത്തല പയറ്റിക്കൊണ്ടിരിക്കുന്നത്. ഇത് ഇപ്പോൾ കൂടുതൽ ഫലം കണ്ടുവരുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുതിർന്ന നേതാക്കളിൽ പലരും ഇപ്പോൾ രമേശ് ചെന്നിത്തലയുടെ പ്രവർത്തന ശൈലിയോട് യോജിക്കുകയും അദ്ദേഹത്തിൻറെ സഹകരണ മനോഭാവത്തിൽ താൽപര്യം കാണിക്കുകയും ചെയ്യുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ നീക്കം കൂടുതൽ ശക്തിപ്പെടുത്തുകയാണെങ്കിൽ കേരളത്തിൽ പ്രതിപക്ഷ നേതാവ് സതീശൻ പൂർണ്ണമായും ഒറ്റപ്പെടുന്ന സ്ഥിതി വരും.

കെപിസിസി പ്രസിഡണ്ട് ആയ സുധാകരനെ മാറ്റി മറ്റൊരു നേതാവിനെ പ്രസിഡൻറ് ആക്കുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഈ ആലോചനയെ തന്ത്രപരമായി മുതലെടുക്കാനുള്ള നീക്കവും ചെന്നിത്തല നടത്തുന്നുണ്ട്. പ്രസിഡണ്ടായ സുധാകരൻ ഇതുവരെ സ്ഥാനം ഒഴിയുന്നതിന് താൽപര്യം കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സുധാകരനെ മുന്നിൽ നിർത്തി സതീശനെ വെട്ടിവീഴിക്കാനുള്ള തന്ത്രമാണ് ചെന്നിത്തല മറ്റു നേതാക്കളുടെ സഹകരണത്തോടെ നടത്തുന്നത്. പാർട്ടി പ്രസിഡന്റിനെ മാറ്റുന്നെങ്കിൽ അതേസമയം തന്നെ പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന ആവശ്യം  മുൻ പ്രസിഡന്റുമാർ അടക്കം മുതിർന്ന നേതാക്കൾ വഴി ഹൈകമാന്റിന് മുന്നിൽ എത്തിക്കുന്ന കാര്യത്തിൽ ചെന്നിത്തല വിജയിച്ചതായിട്ടാണ് ഇതുവരെയുള്ള സംഭവങ്ങൾ വെച്ച് മനസ്സിലാക്കാൻ കഴിയുന്നത്. ഇത്തരത്തിൽ ഉള്ള ഇടപെടലുകളിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം തീരുമാനമെടുക്കുന്ന സ്ഥിതി വന്നാൽ അതിൻറെ ക്ഷീണം സതീശന് തന്നെ ആയിരിക്കും. ഇപ്പോൾ കയ്യിലിരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ കസേര പോലും നഷ്ടപ്പെടുന്ന ഗതികേടിലേക്ക് ആയിരിക്കും സതീശൻ എത്തിച്ചേരുക എന്നാണ് പറയപ്പെടുന്നത്.