ദേശീയതലത്തിലും പല സംസ്ഥാനങ്ങളിലും കൂടുതൽ കൂടുതൽ കരുത്ത് നേടി വളരുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ കേരളത്തിൽ മാത്രം- ബിജെപി തുടങ്ങിയ ഇടത്തു തന്നെ നിൽക്കുന്നു എന്നതാണ് സ്ഥിതി.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ സ്ഥാനമോഹികളും തമ്മിലടിക്കാരും ഏറ്റവും കൂടുതൽ ഉള്ളത് കോൺഗ്രസ് പാർട്ടിയിൽ ആണ്. എന്നാൽ ആ പാർട്ടിയെ പോലും നാണിപ്പിക്കുന്ന സ്ഥിതിയിലാണ് കേരളത്തിലെ ബിജെപി നേതാക്കളുടെ പോക്ക്. സംസ്ഥാനത്ത് പ്രധാനമായ രണ്ടു തെരഞ്ഞെടുപ്പുകൾ വരികയാണ്. അതിനുമുമ്പ് ബിജെപി എന്ന പാർട്ടിയെ വലിയ നിലയിൽ വളർത്തിയെടുക്കുകയും നിയമസഭയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിക്കുകയും ചെയ്യണമെന്ന് മോഹിക്കുന്നവരാണ് ബിജെപിയുടെ കേന്ദ്ര നേതാക്കൾ. തൃശ്ശൂരിൽ നിന്നും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ സുരേഷ് ഗോപി ജയിച്ചു വന്നതോടുകൂടി പാർട്ടി കേരളത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ നിയമസഭയിലും കാര്യമായ നേട്ടം ഉണ്ടാക്കാം എന്ന് വിശ്വസിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തയ്യാറെടുപ്പിന് പക്ഷേ കേരളത്തിലെ നേതാക്കൾ ഒരു താൽപര്യവും കാണിക്കുന്നില്ല എന്ന ബോധ്യപ്പെടലിലാണ് ഇപ്പോൾ കേന്ദ്ര നേതൃത്വം എത്തിയിരിക്കുന്നത്.
കേരളത്തിൽ പാർട്ടിക്ക് പുതിയ സംസ്ഥാന പ്രസിഡൻറ് ഉണ്ടാകണമെന്ന് പ്രവർത്തകർ എല്ലാം ആഗ്രഹിക്കുന്നുണ്ട്. അതിനനുസരിച്ച് ഒരു പ്രസിഡണ്ടിനെ കണ്ടെത്തുവാൻ ഒരു വർഷത്തിൽ അധികമായി പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നുമുണ്ട്. പാർട്ടിയിൽ സംസ്ഥാന ഘടകത്തിന്റെ വിവിധ തട്ടുകളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചിലയിടങ്ങളിൽ അത് നടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി ഭാരവാഹികളും എന്ന ആലോചനയിലേക്ക് എത്തുമ്പോൾ കേന്ദ്ര നേതൃത്വത്തിന് ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത വിധത്തിൽ കേരള നേതാക്കൾ തമ്മിലടി തുടരുകയാണ്. പാർട്ടിയുടെ നിലവിലെ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനെ മാറ്റി പുതിയ ഒരാളെ പ്രസിഡണ്ടായി കണ്ടെത്തണം എന്ന ആലോചനയാണ് നീണ്ടുപോകുന്നത്. പലതരത്തിലുള്ള കൂട്ടലും കിഴിക്കലും നടത്തിയെങ്കിലും ഒന്നും ഫലം കാണുന്നില്ല. പ്രസിഡൻറ് കസേരയിലേക്ക് ഏത് നേതാവിൻറെ പേര് പറഞ്ഞാലും എതിർപ്പുമായി കുറെ പേർ രംഗത്ത് വരും. പണ്ട് രണ്ട് ഗ്രൂപ്പായി നേതാക്കൾ നിന്നിരുന്നുവെങ്കിൽ ഇപ്പോൾ അത് നാല് അഞ്ച് നേതാക്കളുടെ ഗ്രൂപ്പുകൾ ആയി വളരുകയാണ്. ഈ ഗ്രൂപ്പുകളുടെ നേതാക്കന്മാരെ ഒരുമിപ്പിച്ചാലല്ലാതെ സംസ്ഥാന പ്രസിഡണ്ടിനെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാകും.
നിലവിൽ സംസ്ഥാന പ്രസിഡൻറ് കസേരയ്ക്കായി ഇടിച്ചു കൊണ്ടിരിക്കുന്ന നേതാക്കളായ ആൾക്കാരെ മാറ്റി ഒരു സ്ത്രീയെ സംസ്ഥാന പ്രസിഡൻറ് ആക്കാം എന്ന ആലോചന കേന്ദ്ര നേതാക്കൾ ഇടയ്ക്ക് നടത്തിയിരുന്നു. പാർട്ടിക്കുള്ളിൽ വലിയ തോതിൽ പ്രവർത്തകരുടെ സ്വാധീനമുള്ള ശോഭ സുരേന്ദ്രനെ സംസ്ഥാന പ്രസിഡൻറ് ആക്കുന്ന കാര്യമാണ് കേന്ദ്ര നേതാക്കൾ ഇടയ്ക്ക് ആലോചിച്ചിരുന്നത്. ഈ കാര്യത്തിൽ ചർച്ച നടത്തുന്നതിന് ആഭ്യന്തരമന്ത്രി അമിത് ഷാ ശോഭയെ ഡൽഹിയിലേക്ക് വിളിക്കുകയും വലിയ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ശോഭയുടെ കാര്യത്തിൽ ഏകദേശം ധാരണയിൽ എത്തിയ അമിത് ഷാ ഈ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്തു എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതെല്ലാം തകർക്കുന്ന രീതിയിൽ പലതരത്തിലെ പാരകളാണ് പാർട്ടിയുടെ കേരളത്തിലെ മറ്റു ചില മുതിർന്ന നേതാക്കൾ പ്രധാനമന്ത്രിക്കും അമിത് ഷായിക്കും മുന്നിൽ എത്തിച്ചത്. ഇതോടുകൂടി ശോഭയുടെ കാര്യത്തിൽ കേന്ദ്ര നേതാക്കൾ പുനരാലോചന നടത്തുന്ന സ്ഥിതി ഉണ്ടായി.
ഇപ്പോൾ പ്രശ്നപരിഹാരം എന്ന നിലയ്ക്ക് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽപ്പെട്ട മലയാളിയായ രാജീവ് ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡൻറ് ആക്കുക എന്ന ആലോചന ഉണ്ടായി. കേരളത്തിലെ ആർ എസ് എസ് നേതൃത്വവുമായി നല്ല അടുപ്പമുള്ള ചന്ദ്രശേഖരന്റെ കാര്യത്തിൽ ആർ എസ് എസ് നേതാക്കൾ അനുകൂല അഭിപ്രായം കേന്ദ്ര നേതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ ഈ കാര്യത്തിലും എന്തെങ്കിലും തീരുമാനത്തിലേക്ക് കടക്കുന്നതിന് മുമ്പ് വലിയ എതിർപ്പുകൾ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. കേരളത്തിലെ ബിജെപി രാഷ്ട്രീയ പ്രവർത്തനത്തിൽ കാര്യമായ സ്വാധീനം ഉണ്ടാക്കുകയോ കേരള രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലാത്ത ആളാണ് രാജീവ് ചന്ദ്രശേഖർ എന്ന പരാതി കേരള നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇതിൽ യാഥാർത്ഥ്യവും ഉണ്ട്. കേരള രാഷ്ട്രീയത്തിൽ യാതൊരു പ്രവർത്തന പാരമ്പര്യവും ഇല്ലാത്ത ആളാണ് രാജീവ് ചന്ദ്രശേഖർ. അതുകൊണ്ടുതന്നെ കേരളത്തിലെ താഴെത്തട്ടിലുള്ള പ്രവർത്തകരുമായി അദ്ദേഹത്തിന് ഒരു ബന്ധവും ഉണ്ടായിട്ടുമില്ല. ഈ കാരണങ്ങളാണ് രാജീവ് ചന്ദ്രശേഖരനെതിരെ ഉയർന്നുവന്നിരിക്കുന്നത്.
മറ്റൊരു നേതാവിൻറെ പേര് സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എം ടി രമേശിന്റെ കാര്യത്തിലാണ്. എന്നാൽ ബിജെപിയുടെ കേരള നേതാക്കൾക്കുള്ളിലുള്ള ചേരിതിരിവുകളും ഗ്രൂപ്പുകളും പൂർണമായും രമേശിനെ ഒരുതരത്തിലും അംഗീകരിക്കാൻ തയ്യാറാവുകയില്ല. നിലവിലെ സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രനെ പാർട്ടിയെ നേതൃയോഗങ്ങളിൽ കർക്കശമായി വിമർശിച്ചിട്ടുള്ള രമേശിന്റെ കാര്യത്തിൽ സുരേന്ദ്രനും അനുകൂല നിലപാട് എടുക്കാൻ സാധ്യതയില്ല. സ്വാഭാവികമായും നിലവിലുള്ള സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായം കേന്ദ്രനേതൃത്വം പരിഗണിക്കുമെന്നതും രമേശിന്റെ കാര്യത്തിൽ ദോഷകരമായി നിലനിൽക്കുകയാണ്.
ശോഭാ സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ, ഡോക്ടർ കെ എസ് രാധാകൃഷ്ണൻ, തുടങ്ങിയ ചില മുതിർന്ന നേതാക്കളുടെ പേരുകളും സംസ്ഥാന പ്രസിഡൻറ് പദവിയിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ഇവരിൽ ആരുടെ പേരു വന്നാലും എതിർപ്പുകൾ ഉണ്ടാകുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇപ്പോഴത്തെ ഈ സാഹചര്യം നിലനിൽക്കുകയാണെങ്കിൽ ഒടുവിൽ ബിജെപിയുടെ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ തള്ളിക്കൊണ്ട് ഏതെങ്കിലും ഒരാളുടെ പേര് സംസ്ഥാന പ്രസിഡൻറ് പദവിയിലേക്ക് നിർദേശിക്കുന്ന കാര്യമായിരിക്കും സംഭവിക്കുക. ഇവിടുത്തെ നേതാക്കളുടെ എതിർപ്പുകൾ ഉണ്ടായാൽ അതെല്ലാം അവഗണിച്ചുകൊണ്ട് പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒരുമിപ്പിച്ച് കൊണ്ടുപോകുവാൻ കഴിവുള്ള ഒരാളെ കണ്ടെത്തുക എന്നതാണ് ഇപ്പോൾ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. ഇത്തരത്തിൽ നടക്കുന്ന ആലോചനയിൽ കേന്ദ്ര നേതാക്കൾ ഒരുപക്ഷേ ആശയവിനിമയം നടത്തുക കേരളത്തിലെ ആർ എസ് എസ് നേതാക്കളോട് മാത്രമായിരിക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.