സുപ്രധാനമായ രണ്ട് തെരഞ്ഞെടുപ്പുകൾ മുന്നിൽ വന്നിട്ടും-പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ഒരു സംവിധാനവും ഒരുക്കുവാൻ കഴിയാതെ ഗ്രൂപ്പ് കളിക്കുന്ന ചില നേതാക്കന്മാരുടെ പ്രവർത്തനങ്ങളെ അവസാനിപ്പിക്കാൻ കോൺഗ്രസ് പാർട്ടിക്കകകത്ത് പുതിയ നേതൃനിരയുടെ കൂട്ടായ്മ ഉണ്ടാകുന്നു. നിലവിലെ കെ പി സി സി നേതൃത്വവും പാർലമെൻററി പാർട്ടി നേതൃത്വവും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നും പാർട്ടി ഓരോ കാരണങ്ങളുടെയും പേരിൽ തളർച്ചയിലേക്ക് നീങ്ങുന്നു-എന്നും തിരിച്ചറിഞ്ഞു കൊണ്ടാണ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും എല്ലാ കാലത്തും ഗ്രൂപ്പ് രാഷ്ട്രീയത്തെ എതിർത്തിട്ടുള്ള നേതാക്കളും ഒത്തുചേർന്നുകൊണ്ട് പുതിയ ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിനള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. പാർട്ടിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് കളികളും വടംവലികളും പാർട്ടിയെ തകർക്കുന്ന സ്ഥിതിയിലേക്ക് വളർന്നിരിക്കുന്നതായി ഈ നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. കെപിസിസി കമ്മിറ്റി മാത്രമല്ല പാർട്ടിയുടെ ഉന്നത സമിതിയായ രാഷ്ട്രീയകാര്യ സമിതി പോലും വെറും നോക്കുകുത്തിയായി മാറി എന്നും ഇത്തരം കമ്മിറ്റികളെല്ലാം വല്ലപ്പോഴും യോഗം ചേരലല്ലാതെ എടുക്കുന്ന ഒരു തീരുമാനവും നടപ്പിൽ വരുത്താൻ കഴിയുന്നില്ല എന്നും ഈ മുതിർന്ന നേതാക്കൾക്ക് അഭിപ്രായമുണ്ട്.
മുൻ കെപിസിസി പ്രസിഡണ്ട്മാരായ വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ, എം എം ഹസ്സൻ, എന്നീ നേതാക്കളാണ് പരസ്പരം ചർച്ചകൾ നടത്തിക്കൊണ്ട് പാർട്ടിക്കകത്തുള്ള ഗ്രൂപ്പുകളിൽ പ്രതിഷേധിക്കുവാനും പാർട്ടിയെ രക്ഷിക്കാനും ഒരു പുതിയ നീക്കം നടത്തുവാനും മുന്നോട്ടുവന്നിരിക്കുന്നത്. മുൻ കെ പി സി സി പ്രസിഡണ്ടും-ആദർശ രാഷ്ട്രീയത്തിന് ഉടമയുമായ തെന്നല ബാലകൃഷ്ണപിള്ളയും ഈ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി അറിയുന്നുണ്ട്. ഒന്നുകിൽ സേവ് കോൺഗ്രസ് പാർട്ടി ഫോറം എന്ന നിലയിലോ അതല്ലെങ്കിൽ ഗാന്ധി- നെഹ്റു സ്മാരക സമിതി എന്ന പേരിലോ കൂട്ടായ്മ ഉണ്ടാക്കി പ്രവർത്തനരംഗത്ത് ഇറങ്ങുവാനാണ് നേതാക്കൾ ആലോചിച്ചു വരുന്നത്. വി എം സുധീരൻ ഈ നീക്കത്തിന് മുന്നിട്ടിറങ്ങിയതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്തും തൃശ്ശൂരിലും കോഴിക്കോട്ടും സമാന ചിന്താഗതിക്കാരായ നേതാക്കന്മാരുമായി സുധീരനും മുല്ലപ്പള്ളിയും ആശയ വിനിമയം നടത്തുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തതായിട്ടാണ് അറിയുന്നത്.
കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ ചലിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം കെപിസിസി പ്രസിഡണ്ടിന് ആണെങ്കിലും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയ സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. പ്രതിപക്ഷ നേതാവായ വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാർട്ടി താല്പര്യങ്ങളേക്കാൾ സ്വന്തം ഗ്രൂപ്പ് വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന ആരോപണം ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവായ വി ഡി സതീശന്റെ പല പ്രവർത്തനങ്ങളിലും മുതിർന്ന നേതാക്കൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ചില നേതാക്കളെയും യുവ എംഎൽഎ മാരെയും മാത്രം അടുപ്പിച്ചു നിർത്തി കൂടിയാലോചനകൾ നടത്താതെ യുഡിഎഫിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിൽ മുതിർന്ന നേതാക്കൾ നിരാശരാണ്.
കേരളത്തിൽ അടുത്ത ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടി പരാജയം ഏറ്റുവാങ്ങാനുള്ള ശക്തി കോൺഗ്രസ് പാർട്ടിക്കില്ല എന്ന തിരിച്ചറിവാണ് മുതിർന്ന നേതാക്കളുടെ കൂട്ടായ്മയ്ക്ക് കാരണമായിരിക്കുന്നത്. പത്ത് വർഷമായി അധികാരത്തിൽ നിന്നും പുറത്തു നിൽക്കുന്ന കേരളത്തിലെ യുഡിഎഫിന്റെ ഘടകകക്ഷികൾക്കെല്ലാം കോൺഗ്രസ് നേതാക്കളുടെ ഗ്രൂപ്പുകളിൽ അമർഷം ഉണ്ട്. മുസ്ലിം ലീഗ് ശക്തമായ എതിർപ്പുമായി നിലനിൽക്കുകയാണ്. ഇനിയും ഒരു പരാജയം ഉണ്ടായാൽ മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ തന്നെ നിലനിൽപ്പ് ഇല്ലാതെയാകും എന്ന ഭയവും ലീഗ് നേതാക്കൾക്ക് ഉണ്ട്.
കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിനും കേരളത്തിലെ പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ കടുത്ത ആശങ്കയുണ്ട്. അടുത്ത ഇടയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും ഡൽഹിയിലും ഉണ്ടായ കനത്ത തോൽവിയുടെ ആവർത്തനം ആയിരിക്കും കേരളത്തിൽ ഉണ്ടാവുകയെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ഭയപ്പെടുന്നുണ്ട്. കേരളത്തിൽ നേതാക്കൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പാർട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടുന്നതിനുള്ള ശക്തമായ പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതിന് നേതാക്കൾ ശ്രമിക്കാത്തതിൽ പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിർപ്പുണ്ട്. പല ആവർത്തി രണ്ട് നേതാക്കളും കേരള നേതാക്കളുമായി ഈ കാര്യത്തിൽ ചർച്ച നടത്തിയെങ്കിലും-യോഗത്തിൽ എല്ലാം ഒറ്റക്കെട്ട് എന്ന് പറയുകയും പ്രവർത്തനത്തിൽ ഗ്രൂപ്പുകളികൾ മാത്രം നടത്തുകയും ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നത്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഇപ്പോഴും പ്രവർത്തകരുടെ സ്നേഹവും ആദരവും ലഭിച്ചുകൊണ്ടിരിക്കുന്ന മുതിർന്ന നേതാക്കളാണ് പാർട്ടിയെ സംരക്ഷിക്കണം എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങാൻ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഗ്രൂപ്പുകളെ തകർക്കു പാർട്ടിയെ വളർത്തു എന്ന മുദ്രാവാക്യവും ആയിട്ടാണ് നേതാക്കൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുവാൻ തീരുമാനിച്ചിട്ടുള്ളത്. ഈ നിർദ്ദേശത്തോട് കോൺഗ്രസ് പാർട്ടിയുടെ വാർഡ് പ്രസിഡണ്ട്മാർ മുതൽ മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും താൽപര്യം കാണിക്കുന്നതായിട്ടാണ് അറിയുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് പാർട്ടിക്ക് മുന്നിൽ രണ്ടു പ്രധാന തെരഞ്ഞെടുപ്പുകൾ എത്തിനിൽക്കുകയാണ്. സാധാരണ പ്രവർത്തകർക്ക് അവസരങ്ങൾ ലഭിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും അതിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പും. ആദ്യം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ ഗ്രൂപ്പുകളികൾ അവസാനിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള മുദ്രാവാക്യങ്ങളുമായി ഈ മുതിർന്ന നേതാക്കളുടെ കൂട്ടായ്മ പ്രവർത്തനമാരംഭിക്കുന്നു എന്നാണ് ഒടുവിൽ വരുന്ന വിവരങ്ങൾ.