ലോക്കോ പൈലറ്റ് ഹോണടിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പാളം കടക്കാനായില്ല ; കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

 

പാളം മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം.ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി-ലീജ ദമ്ബതികളുടെ മകളായ ദേവനന്ദ(17) ആണ് മരിച്ചത്.മയ്യനാട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ദേവനന്ദ അപകടത്തിൽപ്പെട്ടത്.പ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ചു കടന്ന് കയറാനുള്ള ശ്രമത്തിനിടെയാണ് ട്രെയിനിടിച്ചത്.പാളം കടന്ന് മയ്യനാട് സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിന് മുന്നിലൂടെ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കയറുമ്‌ബോഴാണ് നേത്രാവതി എക്സ്പസ് എത്തിയത്.ദേവനന്ദ പാളത്തിലേക്കു കടന്നത് സഹപാഠിക്കൊപ്പമാണ്.ഇതിനിടെ സഹപാഠിയെ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റിയെങ്കിലും ദേവനന്ദയെ ട്രെയിൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ട്രെയിനിനു മുന്നിൽ കുട്ടികൾ പെട്ടതറിഞ്ഞ് പാസഞ്ചർ ട്രെയിൻ ലോക്കോ പൈലറ്റ് നിർത്താതെ ഹോൺ അടിച്ചെങ്കിലും ഫലമുണ്ടായില്ല.എതിർ വശത്തു നിന്നു ട്രെയിനിന്റെ ഹോണിനൊപ്പം ട്രെയിൻ പാഞ്ഞെത്തിയപ്പോൾ ഭയപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.