സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു; വിവിധയിടങ്ങളിൽ മരം വീണ് അപകടം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ശക്തമായ മഴയിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. കോട്ടയം വെച്ചൂരിലും പൂഞ്ഞാറിലും വീടുകൾ ഇടിഞ്ഞുവീണതായി റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം മുതലപ്പുഴയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കർശന വിലക്കുണ്ട്.