വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ എം.ഡി.എം.എ.യും കഞ്ചാവും; കൊയിലാണ്ടിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്നും എം.ഡി.എം.എ.യും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) നടുവത്തൂര്‍ മീത്തല്‍ മാലാടി അഫ്‌സല്‍ എന്നിവരില്‍നിന്നാണ് 0.83 ഗ്രാം എം.ഡി.എം.എ.യും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രി കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് സനലിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡില്‍ കാറില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. സനലിന്റെ കാറും കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി. ബിജു എസ്.ഐ.മാരായ അനീഷ് വടക്കയില്‍, എം.പി.ശൈലഷ്, എസ്.സി.പി.ഒ.മാരായ ജലീഷ്‌കുമാര്‍, രഞ്ജിത് ലാല്‍, അജയ് രാജ്, മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.