പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralaresults.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകള്‍ നിര്‍ദിഷ്ട ഫീസ് സഹിതം ജൂണ്‍ 19നകം രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഹയര്‍ സെക്കൻഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷ ഫോറങ്ങള്‍ സ്കൂളുകളിലും ഹയര്‍സെക്കൻഡറി പോര്‍ട്ടലിലും ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപയും ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് അടക്കേണ്ടത്. സ്കൂളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ 21നകം പ്രിൻസിപ്പല്‍മാര്‍ iExamsല്‍ അപ് ലോഡ് ചെയ്യണം.