‘അമേരിക്കയിൽ ലോകാത്ഭുതം’; ഗർഭസ്ഥശിശുവിന് തലച്ചോറിൽ ശസ്ത്രക്രിയ
വാഷിംഗ്‌ടൺ: ആരോഗ്യ ശാസ്ത്ര മേഖലയിൽ ചരിത്ര വിസ്മയം തീർത്തിരിക്കുകയാണ് അമേരിക്കയിലെ ഒരുകൂട്ടം ഡോക്ടർമാർ. ഗർഭസ്ഥ ശിശുവിന് തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയാണ് അമേരിക്കയിലെ ഡോക്ടർമാർ ചരിത്രത്തിന്റെ ഭാഗമായത്. തലച്ചോറിലെ രക്തക്കുഴലുകൾ ശരിയായി വികസിക്കാത്ത കുഞ്ഞിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ഞരമ്പുകളിൽ രക്തം കെട്ടിക്കിടക്കുകയും അതുവഴി ജീവൻ തന്നെ അപകടത്തിലാവും എന്ന അവസ്ഥ എത്തിയപ്പോഴാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ഇത്തരം അവസ്ഥയുള്ള കുഞ്ഞുങ്ങളിൽ നാൽപ്പത് ശതമാനത്തോളമാണ് മരണനിരക്ക്. ജീവന് പ്രശ്നമൊന്നുമുണ്ടായില്ലെങ്കിലും ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചേക്കാം. മിക്കപ്പോഴും പ്രസവത്തിന് ശേഷമാണ് ഈ അവസ്ഥ തിരിച്ചറിയുന്നത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയാലും പൂർണമായി വിജയിക്കണമെന്നില്ല.
ഗർഭത്തിന്റെ മുപ്പത്തിനാലാം ആഴ്ചയിൽ അമ്മയ്ക്ക് നടത്തിയ പതിവ് അൾട്രാ സൗണ്ട് സ്കാനിംഗിലാണ് അപൂർവരോഗാവസ്ഥ തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ അവസ്ഥ അനുനിമിഷം മോശമായികൊണ്ടിരിക്കുകയാണെന്ന് വ്യക്തമായതോടെയാണ് പൊടുന്നനെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. അൾട്രാസൗണ്ട് ഗൈഡൻസ്, അമ്നിയോ സെന്റസിസിന് ഉപയോഗിക്കുന്ന സൂചി, നേരിട്ട് സ്ഥാപിച്ചിരിക്കുന്ന ചെറിയ കോയിലുകൾ എന്നിവ ഉപയോഗിച്ചാണ് കുഞ്ഞിന്റെ ഞരമ്പുകളിലെ വൈകല്യം മാറ്റാൻ കഴിഞ്ഞതെന്നാണ് ഡോക്ടർമാർ പറയുന്നത്. കുഞ്ഞിന്റെ ജീവന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. വിജകരമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കും ഇതിൽ പങ്കാളികളായ മറ്റ് ആരോഗ്യപ്രവർത്തകർക്കും ലോകത്തിന്റെ പലഭാത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. അടുത്തിടെ ഡല്‍ഹി എയിംസിൽ ഇതുപത്തെട്ടുകാരിയുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് വിജയകരമായി ഹൃദയ ശസ്ത്രക്രിയ ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നുതവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായ യുവതി നാലാമതും ഗർഭിണിയായതോടെയാണ് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് ഹൃദയത്തകരാറുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഗർഭം തുടരാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്താനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ ആരംഭിച്ചതും വിജയം കൈവരിച്ചതും.