തൃശൂർ: വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിനെതിരെ ഇ.ഡി യുടെ കരുനീക്കം.143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാപകമായി നടന്ന റെയ്ഡിന് പിന്നാലെയാണ് ഇ.ഡി യുടെ നടപടി. മണപ്പുറം ഫിനാന്‍സിന്റെ തൃശ്ശൂരിലെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. മണപ്പുറം ഫിനാന്‍സ് ഉടമയുടെ പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്ന മണപ്പുറം അഗ്രോ ഫാംസിനു വേണ്ടി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സമാഹരിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. പരിശോധന.
മണപ്പുറം ഫിനാൻസിന്റെ കല്ലമ്പലം യൂണിറ്റ് കേന്ദ്രീകരിച്ചു വ്യാപകമായി ക്രമക്കേട് നടക്കുന്നതായുള്ള വാർത്ത കഴിഞ്ഞ മാസം മഹാത്മാ ന്യൂസ് പുറത്തു വിട്ടിരുന്നു. മണപ്പുറം ഫിനാൻസ് നിക്ഷേപകരിൽ നിന്ന് വലിയ തോതിൽ നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപകർക്കു രസീത് നൽകാതെ മടക്കി അയക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രധിഷേധം നിക്ഷേപകരുടെ ഭാഗത്തു നിന്നും ഉയർന്നുവന്നിരുന്നു. എന്നാൽ ബ്രാഞ്ച് അധികൃതർ ഇത് നിഷേധിക്കുകയായിരുന്നു. കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന ചെറുതും വലുതുമായ ധനമിടപാടു സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വരും ദിവസങ്ങളിൽ ഈഡി യുടെ ഭാഗത്തു നിന്നും പരിശോധന ഉണ്ടാകുമെന്നു സൂചന.
മണപ്പുറം ഫിനാന്‍സിന്റെ തൃശൂരുള്ള ആസ്ഥാനത്തും പരിശോധന നടത്തിയിട്ടുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കമ്പനി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ്. എന്നാൽ നിക്ഷേപകരിൽ നിന്ന് സമാഹരിച്ചതില്‍ 9.25 ലക്ഷം രൂപ ഒഴികെ മുഴുവന്‍ തുകയും മടക്കി നൽകിയെന്നാണ് കമ്പനിയുടെ വിശദീകരണം. അതേ സമയം മണപ്പുറത്തിനെതിരെയുളള ഇ.ഡിയുടെ നീക്കത്തിൽ ഇടപാടുകാർ ആശങ്കയിലാണ്. വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് പേരാണ് മണപ്പുറം ഫിനാൻസുമായി നിത്യേന സ്വർണപ്പണയവും നിക്ഷേപം അടക്കമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്.