കര്‍ണാടകയിലെ വോട്ടെടപ്പ് പുരോഗമിക്കുന്നു; ഒറ്റ ഘട്ട വോട്ടെടുപ്പിന്റെ ഫലം 13-ന്

കര്‍ണാടകയിലെ 224 നിയമസഭാ സീറ്റുകളിലേയ്ക്ക് വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 11 മണിവരെ 20% ആളുകളാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ നീളും. 224 സീറ്റുകളിലേക്കായി 2615 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. എങ്കിലും പ്രധാന പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് എന്ന് പറയാം. ആരോപണ പ്രത്യാരോപണങ്ങളുടെ നീണ്ട നിരയാണ് പ്രചാരണത്തിന്റെ കാലഘട്ടത്തില്‍ കാണുവാന്‍ സാധിച്ചത്. ഇരു പക്ഷവും പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച അവസരങ്ങളും ഏറെയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ ഭരണകക്ഷിയായ ബിജെപിക്കുവേണ്ടി അവസാനം വരെ ശക്തമായ പ്രചാരണം നടത്തി. ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ ആവേശം ഏറെയാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ജനകീയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, കോണ്‍ഗ്രസ് എറിഞ്ഞുകൊടുത്ത വിഷയം മതപരമായി കണക്കാക്കി അതില്‍ പിടിച്ചു കയറാനുള്ള ശ്രമമാണ് ബി.ജെ.പി പ്രധാനമായും നടത്തിയത്. അതിനാല്‍ തന്നെ ബി.ജെ.പി യുടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഹൈന്ദവ ദൈവങ്ങള്‍ സജീവമായിരുന്നു.

വോട്ടെടുപ്പ് പുരോഗമിക്കുന്ന അവസരത്തിലും നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ അവസാനിപ്പിക്കുന്നില്ല. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കണ്ട അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടാനും കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ മറന്നില്ല. വോട്ട് രേഖപ്പെടുത്തിയ ശേഷം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശിവകുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടത്.

വോട്ട് ചെയ്യുന്നതിന് മുമ്ബ് ഗ്യാസ് സിലിണ്ടര്‍ കണ്ട് അഭിവാദ്യം ചെയ്ത് വോട്ട് ചെയ്യാന്‍ പോകണമെന്ന് മോദിജി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരോടും പറഞ്ഞിരുന്നു. വിലക്കയറ്റം പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടി അധികാരത്തില്‍ എത്തിയ ബി.ജെ.പി സര്‍ക്കാര്‍ അധികാരം ലഭിച്ചതോടെ ഇക്കാര്യങ്ങള്‍ മറന്നതായി ഡി.കെ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത്തവണ താന്‍ പറയും നമ്മുടെ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയും ഉപദേശവും അനുസരിച്ച് ഗ്യാസ് സിലിണ്ടറിന്റെ വില കണ്ടതിന് ശേഷം മാത്രം വോട്ട് ചെയ്യുക, അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിച്ച ശിവകുമാര്‍, പുരോഗമനപരവും ആഗോളവും വികസിതവുമായ ഒരു സംസ്ഥാനത്തിനായി കര്‍ണാടകയിലെ ജനങ്ങള്‍ വോട്ട് ചെയ്യും. ഒരു മാറ്റത്തിനായി കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും 141 സീറ്റുകള്‍ കോണ്‍ഗ്രസ് അനായാസം നേടുമെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.