മഹേന്ദ്രഗിരി : ഉപഗ്രഹ റോക്കറ്റുകളുടെ ശേഷി ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി ഐ.എസ്.ആർ.ഒ വികസിപ്പിച്ച മണ്ണെണ്ണ ചേർത്ത ഇന്ധനത്തിന്റെയും അത് ഉപയോഗിച്ചുള്ള സെമി ക്രയോജനിക് എൻജിന്റെയും പരീക്ഷണം വിജയത്തിലേക്ക്.
ഇതേതുടർന്ന് ബാഹുബലി എന്ന ജി.എസ്.എൽ.വി മാർക്ക് ത്രീ റോക്കറ്റിന്റെ ഉപഗ്രഹ വിക്ഷേപണ ശേഷി 6,000 മുതൽ 10,000 കിലോഗ്രാം വരെ വർദ്ധിപ്പിക്കാൻ സാധിക്കും. നിലവിൽ 4,000 കിലോഗ്രാം ആണ് ഇതിന്റെ ശേഷി.
തമിഴ്നാട്ടിൽ മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിൽ പുതിയതായി നിർമ്മിച്ച ടെസ്റ്റ് സെന്ററിലാണ് പരീക്ഷണം നടത്തിയത്. പതിനഞ്ച് മണിക്കൂർ നീണ്ട പരീക്ഷണമാണ് വിജയിച്ചത്. എൻജിന്റെ എല്ലാ പ്രവർത്തനങ്ങളും പരിപൂർണ വിജയമായിരുന്നുയെന്ന് അധികൃതർ അറിയിച്ചു. ഉയർന്ന മർദ്ദത്തിലും താഴ്ന്ന മർദ്ദത്തിലുമുള്ള ടർബോ പമ്പുകൾ,ഗ്യാസ് ജനറേറ്റർ കൺട്രോൾ സംവിധാനങ്ങൾ കൂടാതെ പ്രൊപ്പലന്റ് ഫീഡ് സിസ്റ്റം എന്നിവയും പരീക്ഷണ ഘട്ടത്തിൽ പരീക്ഷിച്ചു.
തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എൻജിനായ ജിഎസ്എൽവിയാണ് മാർക്ക് മൂന്നിൽ ഉപയോഗിച്ചത്. ദ്രവീകരിച്ച ഹൈഡ്രജനും ഓക്സിജനുമാണ് ഇന്ധനമായും ഇതിൽ ഉപയോഗിക്കുന്നത്.