ആലപ്പുഴ: കോൺഗ്രസിന്റേത് ചരിത്ര വിജയമാണെന്നും ബി ജെ പി യെ നേരിടാൻ കോൺഗ്രസിനാകുമെന്ന് ഒരിക്കൽകൂടി തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല. 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ആവേശമാണ് കർണാടക ഫലം നൽകുന്നത് ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ജയം കോണ്ഗ്രസിന്റെ വലിയ നേട്ടമാണ്. എല്ലാ മതേതര ശക്തികളെയും ഒന്നിപ്പിച്ച് നിർത്താനുള്ള ഒരു തുടക്കമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അദ്ദേഹം രൂക്ഷ ഭാഷയിൽ വിമർശിച്ചു. എം വി ഗോവിന്ദന് ബിജെപിയുമായി അന്തർധാരയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിലെ തോൽവി രമേശ് ചെന്നിത്തല ആയുധമാക്കി . കോൺഗ്രസ് ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ് സിപിഎംയെന്നും ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് പോലും കർണാടകത്തിൽ സിപിഎമ്മിന് നഷ്ടപ്പെട്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.