കൊല്ലം മരുന്ന് സംഭരണകേന്ദ്രത്തിലെ തീപ്പിടിത്തം; ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു;
കൊല്ലം :മെഡിക്കൽ സര്‍വീസ് കോര്‍പറേഷന്റെ ഉളിയക്കോവിലിലുള്ള മരുന്ന് സംഭരണകേന്ദ്രത്തിലെ തീപ്പിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കോടികളുടെ മരുന്നുകളും ഉപകരണങ്ങളും ചാമ്പലായി. ഒരു കാറും രണ്ട് ഇരുചക്രവാഹനവും കത്തിയമര്‍ന്നതില്‍ ഉള്‍പെടുന്നു. പുക ശ്വസിച്ച് ശ്വാസതടസം നേരിട്ട നിരവധി പ്രദേശവാസികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 8.30 ക്കായിരുന്നു സംഭവം. വൈകിട്ട് അഞ്ചിന് സ്ഥാപനം അടയ്ക്കുമെന്നതിനാല്‍ കൂടുതല്‍ ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ല. തീപ്പിടിത്തം ഉണ്ടായതില്‍ ദൂരൂഹത സംശയിക്കുന്നുണ്ട്. ഗോഡൗണില്‍ ബ്ലീചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന ഭാഗത്ത് കറുത്ത പുകയും ചെറു സ്ഫോടനശബ്ദവും ശ്രദ്ധയില്‍പെട്ട സെക്യൂരിറ്റി ഗോപാലകൃഷ്ണപിള്ളയാണ് തീപടരുന്ന വിവരം പുറത്തറിയിച്ചത്. സ്ഫോടനം ഉണ്ടായതോടെ ഗോഡൗണിലെ വാചര്‍ ബഹളംവച്ച് ആളുകളെ കൂട്ടുകയായിരുന്നു. നിമിഷനേരം കൊണ്ട് തീ ആളിപ്പടര്‍ന്ന് സ്പിരിറ്റ് ശേഖരത്തിലേക്ക് വ്യാപിക്കുകയായിരുന്നു. കോവിഡ് സമയത്ത് സംഭരിച്ച സാനിറ്റൈസര്‍ ഉള്‍പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് മരുന്ന് വിതരണംചെയ്യുന്നത് ഇവിടെ നിന്നാണ്.
കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തികള്‍ കത്തിക്കരിഞ്ഞു. മരുന്നിനു പുറമേ അവ സൂക്ഷിച്ചിരുന്ന റാക്കുകളും മറ്റ് ഓഫീസ് ഉപകരണങ്ങളും കത്തിച്ചാമ്പലായി. ജനറേറ്റുകളും ശീതകരണ സംവിധാനവും ഉള്‍പെടെ കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
മരുന്ന് കത്തിയതിനാല്‍ അസഹ്യമായ ദുര്‍ഗന്ധവും പരിസരമാകെ വ്യാപിച്ചു. സമീപവാസികളായ നിരവധിപേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. കടപ്പാക്കട, ചാമക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളില്‍നിന്ന് 15 യൂനിറ്റ് അഗ്‌നിശമനസേന മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രാത്രി വൈകി തീ നിയന്ത്രണിവധേയമാക്കിയത്.