‘കര്‍നാടകാന്തം’ ശുഭം; നായകന്‍ സിദ്ധരാമയ്യ, ഉപനായകന്‍ ഡി.കെ

ബംഗളുരു: രാഷ്ട്രീയ പ്രതിസന്ധിയുടെ അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ പുതിയ മന്ത്രിസഭ ശനിയാഴ്ച അധികാരമേല്‍ക്കും. അഞ്ചുനാള്‍ നീണ്ട കൂടിയാലോചനകള്‍ക്കും, വിലപേശലുകള്‍ക്കും ശേഷം മുഖ്യമന്ത്രിയായി സിദ്ധരാമയ്യ കര്‍ണാടകത്തിന്റെ സാരഥ്യം ഏറ്റെടുക്കും. രണ്ടര വര്‍ഷം വീതമുള്ള ടേം വ്യവസ്ഥയിലാണ് പുതിയ തീരുമാനമാനത്തിലേക്ക് എത്തിയത്. ആദ്യ രണ്ടരവര്‍ഷക്കാലം സിദ്ധരാമയ്യയും തുടര്‍ന്നുള്ള രണ്ടരവര്‍ഷക്കാലം ഡി.കെ ശിവകുമാറും മന്ത്രിസഭയെ നയിക്കും. മേയ് 20 ശനിയാഴ്ച ബംഗളൂരുവില്‍ പന്ത്രണ്ട് മുപ്പതിനാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. പലതവണയായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനം പ്രഖ്യാപിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ അറിയിച്ചു.

ഇന്ന് വൈകിട്ട് ഏഴ് മണിയ്ക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിരിക്കുകയാണ്. എല്ലാ എം.എല്‍.എമാരോടും യോഗത്തിനെത്താന്‍ ഡി.കെ ശിവകുമാര്‍ നിര്‍ദേശം നല്‍കി. മന്ത്രിമാരെ സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. മുഖ്യമന്ത്രിപദം തീരുമാനമായാല്‍ പെട്ടെന്ന് മന്ത്രിസഭ രൂപീകരിക്കാനാണിത്. മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയ്ക്ക് വന്നതോടെ മറ്റ് മന്ത്രിമാരുടെ വിവരങ്ങളും ഉടന്‍തന്നെ പുറത്തുവരുമെന്നാണ് സൂചന. ഇന്നലെ രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും വസതികളില്‍ നടന്ന ചര്‍ച്ചകളിലും ആദ്യടേമില്‍ തന്നെ മുഖ്യമന്ത്രിപദം വേണമെന്ന് ഡി കെ ശിവകുമാര്‍ കടുത്ത നിലപാട് എടുത്തിരുന്നു.

സോണിയാ ഗാന്ധിയുടെ അസാന്നിദ്ധ്യത്തില്‍ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ നല്‍കിയ ഉറപ്പുകള്‍ ശിവകുമാര്‍ തള്ളി. ഈ ചര്‍ച്ചയില്‍ സോണിയാഗാന്ധി സിംലയില്‍ നിന്ന് ഓണ്‍ലൈനില്‍ പങ്കെടുത്തതായും പിന്നീട് ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടതായും അറിയുന്നു. ഇതിനുശേഷമാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും തീരുമാനമായതെന്നാണ് വിവരം.