തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കോളെജില്‍ ബന്ധുനിയമനത്തിന് കളമൊരുങ്ങുന്നതായി ആക്ഷേപം. അസിസ്റ്റന്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചു. അഭിമുഖം കഴിഞ്ഞാല്‍ കാലതാമസം വരുത്താതെ സമയബന്ധിതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണം എന്ന നിയമം കാറ്റില്‍ പറത്തിയെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. അഭിമുഖത്തിനുശേഷം ആഴ്ചകള്‍ പിന്നിട്ട് പട്ടിക പ്രസിദ്ധീകരിച്ചത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനായിരുന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലോ കോടതി നിയോഗിക്കുന്ന സമിതിയോ പരിശോധിച്ചു പുതിയ ചുരുക്കപ്പട്ടിക തയാറാക്കുക, കോടതിയുടെയോ സമിതിയുടെയോ മേല്‍നോട്ടത്തില്‍ വീണ്ടും അഭിമുഖം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
എം.ജി, കേരള സര്‍വകലാശാലകളിലെ മലയാളം അസിറ്റന്റ് പ്രഫസര്‍ തസ്തികയിലേക്കു മുന്നൂറോളം അപേക്ഷകരുണ്ടായിരുന്നു. എം.ജി. സര്‍വകലാശാലയില്‍ ഇന്റര്‍വ്യൂവിന് നല്‍കുന്നത് 20 മാര്‍ക്കാണ്. അതില്‍ 10 മാര്‍ക്ക് വിഷയത്തിലുള്ള അറിവിനും 10 മാര്‍ക്ക് വ്യക്തിത്വത്തിനുമാണ് നല്‍കുന്നത്. കൂടാതെ 30 മാര്‍ക്ക് ഇന്‍ഡക്സിനും ലഭിക്കും. അഞ്ചു വര്‍ഷത്തെ അധ്യാപന പരിചയത്തിന് അഞ്ചു മാര്‍ക്ക്, ഐ.സി.ടി. അടിസ്ഥാനമാക്കിയുള്ള അധ്യാപനത്തിന് അഞ്ചു മാര്‍ക്ക്, യു.ജി.സി കെയര്‍ ലിസ്റ്റ് ജേണലില്‍ വന്നിട്ടുള്ള പ്രബന്ധങ്ങളില്‍ അഞ്ച് എണ്ണത്തിന് ഒന്നിനു രണ്ടു മാര്‍ക്ക് വീതം ആകെ 10 മാര്‍ക്ക്, സെമിനാര്‍ പ്രബന്ധം ഐ.എസ്.എസ്.എന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അതിനു രണ്ടു മാര്‍ക്ക്, ഐ.എസ് ബിന്‍ നമ്പറുള്ള ബുക്കില്‍ ചാപ്റ്റര്‍ എഴുതിയിട്ടുണ്ടെങ്കില്‍ ഒന്നിന് അര മാര്‍ക്ക്, സ്വന്തം ബുക്ക് ആണെങ്കില്‍ ഒരു മാര്‍ക്ക് വീതം പരമാവധി അഞ്ച് മാര്‍ക്ക്, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പോ പേറ്റന്റോ ഉണ്ടെങ്കില്‍ പരമാവധി മൂന്നു മാര്‍ക്ക് എന്നിങ്ങനെയാണ് മലയാള ഭാഷാ വിഷയത്തിന്റെ അഭിമുഖത്തിനും ഇന്‍ഡക്സിനുമുള്ള എം.ജി. സര്‍വകലാശാല മാര്‍ക്കിന്റെ കണക്ക്. മാത്രമല്ല അഭിമുഖ പരീക്ഷ വീഡിയോയില്‍ പകര്‍ത്തണമെന്നും നിബന്ധനയുണ്ട്. പല ഉദ്യോഗാര്‍ഥികളോടും വിഷയ വിദഗ്ധര്‍ അല്ല ചോദ്യം ചോദിച്ചതെന്ന ആക്ഷേപവും ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.