കോട്ടയം: നാളുകളായുള്ള ഭർത്താവിന്റെ പക ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. കോട്ടയം മണർകാടാണ് സംഭവം. ഏറെ വിവാദമായ പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ ഒരേയൊരു പരാതിക്കാരിയായ യുവതിയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്. വെട്ടേറ്റ് വീട്ടുമുറ്റത്ത് കണ്ടെത്തിയ മണര്‍കാട് സ്വദേശിനിയായ 26 കാരിയെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിരവധി കേസുകളില്‍ പ്രതിയായ ഭര്‍ത്താവാണ് ആക്രമണത്തിന് പിന്നിലെന്ന് യുവതിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ ആരുമില്ലാതിരുന്ന തക്കം നോക്കിയാണ് യുവതിക്കുനേരേ ആക്രണണമുണ്ടായത്. കളിസ്ഥലത്തായിരുന്ന മക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ വീട്ടുമുറ്റത്ത് യുവതിയെ കണ്ടത്.
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ മുഖ്യ പ്രതിയാണ് യുവതിയുടെ ഭര്‍ത്താവ്. യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്ത സംഭവത്തില്‍ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെത്തുടര്‍ന്നുള്ള സമഗ്രമായ അന്വേഷണത്തില്‍ വലിയ മാഫിയ സംഘത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. മെസഞ്ചര്‍, ടെലിഗ്രാം എന്നിവയടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിന് ഇടയാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കപ്പിള്‍ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഭാര്യമാരെ സംഘാംഗങ്ങള്‍ പരസ്പരം കൈമാറിയിരുന്നത്. ഒന്‍പത് പേര്‍ തന്നെ ക്രൂരമായി പീഡിപ്പിച്ചതായി യുവതി പരാതിപ്പെട്ടിരുന്നു. ലൈംഗിക ബന്ധത്തിന് തയ്യാറാകാതെ വരുമ്പോള്‍ കുട്ടികളെയടക്കം കൊന്നുകളയുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. 2022 ജനുവരി മാസത്തിലാണ് യുവതിയുടെ ഭര്‍ത്താവടക്കം നിരവധി പേര്‍ പൊലീസിന്റെ പിടിയിലാകുന്നത്.