തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എൽ. സി റെഗുലര്‍ വിഭാഗത്തില്‍ 4,19,128 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം പരീക്ഷയെഴുതിയത്. ഇതില്‍ 4,17,864 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.70 ആണ് ഇത്തവണത്തെ വിജയ ശതമാനം. 99.26 ശതമാനമായിരുന്നു കഴിഞ്ഞ തവണ. 0.44 ശതമാനം വര്‍ദ്ധനയുണ്ടായി. 68,694 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. കഴിഞ്ഞ തവണ 44,363 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് കിട്ടിയത് മലപ്പുറം ജില്ലയിലാണ്. 485 പേര്‍ക്കാണ് ഇവിടെ ഫുള്‍ എ പ്ലസ് കിട്ടിയത്. സെക്രട്ടേറിയറ്റിലെ പി.ആര് ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
* എസ്.എസ്.എല്‍.സി പ്രൈവറ്റ് വിജയം 66.67 ശതമാനം
*വിജയശതമാനം കൂടിയ റവന്യൂ ജില്ല – കണ്ണൂര്‍ വിജയശതമാനം – 99.94
* വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട്, വിജയശതമാനം – 98.41
* വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല- പാല, മൂവാറ്റുപുഴ, വിജയശതമാനം -100
* വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല- വയനാട്, വിജയശതമാനം-98.41.
ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. 504പേര് ഉപരിപഠനത്തിന് യോഗ്യത നേടി (97.3%). ഗള്‍ഫിലെ നാല് സെന്ററുകള്‍ക്ക് 100 ശതമാനം വിജയം ലഭിച്ചു. ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയ 289 വിദ്യാര്‍ഥികളില്‍ 283 പേര് ഉപരിപഠനത്തിന് യോഗ്യത നേടി (97.92). ലക്ഷദ്വീപില്‍ നാലു സെന്ററുകള്‍ 100 ശതമാനം വിജയം നേടി. ടി.എച്ച്.എസ്.എല്‍.സി-യില്‍ 2914 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2913 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.9. ഫുള്‍ എ പ്ലസ് നേടിയവര്‍288.
പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. സേ പരീക്ഷകള്‍ ജൂണ്‍ ഏഴ് മുതല്‍ 14 വരെ നടത്തും. പരീക്ഷ നല്ല നിലയില്‍ നടത്തിയ അധ്യാപക-അനധ്യാപകരേയും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളേയും മന്ത്രി അനുമോദിച്ചു. മെയ് 20 മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാമെന്ന് മന്ത്രി അറിയിച്ചു.