പ്രിയപ്പെട്ട രത്‌ന ടീച്ചറെ കാണാന്‍ ഉപരാഷ്ട്രപതി ഇന്ന് കണ്ണൂരിലെത്തും

കണ്ണൂര്‍: പ്രിയപ്പെട്ട അധ്യാപികയെ സന്ദര്‍ശിക്കാനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് കണ്ണൂരിലെത്തും. രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്‌കൂളില്‍ പഠിപ്പിച്ച രത്‌ന നായരെ കാണാനായാണ് ഉപരാഷ്ട്രപതി എത്തുന്നത്. പാനൂര്‍ ചമ്പാട് കാര്‍ഗില്‍ ‘ആനന്ദം’ വീട്ടിലെത്തി ഉപരാഷ്ട്രപതി അധ്യാപികയ്‌ക്കൊപ്പം സമയം ചിലവിടും. രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്‌കൂളില്‍ ഗണിതാധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധന്‍കറെ രത്‌ന നായര്‍ പഠിപ്പിച്ചത്. 18 വര്‍ഷത്തോളം രാജസ്ഥാനിലെ സൈനിക സ്‌കൂളില്‍ അധ്യാപികയായിരുന്നു രത്‌ന നായര്‍. കണ്ണൂര്‍ ചെണ്ടയാട് നവോദയാ സ്‌കൂളിലെ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. ഇപ്പോള്‍ പാനൂരിലെ സഹോദരന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് ടീച്ചര്‍.

ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുക്കുന്ന ചടങ്ങിലേക്കും ടീച്ചറെ ക്ഷണിച്ചിരുന്നു, പക്ഷെ അനാരോഗ്യം കാരണം പോകാന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് ടീച്ചറെ കാണാന്‍ കണ്ണൂരിലെത്തുമെന്ന കാര്യം ഉപരാഷ്ട്രപതി അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.05-ന് വ്യോമസേനാ വിമാനത്തിലാണ് ഉപരാഷ്ട്രപതി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുക. തുടര്‍ന്ന് ചമ്പാട്ടെ രത്‌നാ ടീച്ചറെ കാണാന്‍ റോഡ് മാര്‍ഗം അവരുടെ വീട്ടിലേക്ക് പോകും. സന്ദര്‍ശനത്തിനുശേഷം 2.25-ന് മട്ടന്നൂരിലേക്ക് മടങ്ങും. വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ ഏഴിമല നാവിക അക്കാദമിയിലേക്ക് പോകുന്ന ഉപരാഷ്ട്രപതി വൈകീട്ട് കണ്ണൂര്‍ വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് മടങ്ങും.