റോഡ് ക്യാമറ: ‘വിഐപി’ നിയമലംഘകരും പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : റോഡ് ക്യാമറ നിരീക്ഷണത്തിൽ നിന്നോ പിഴയീടാക്കുന്നതിൽ നിന്നോ വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. വിഐപികളാണെങ്കിലും നിയമം ലംഘിച്ചാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹനവകുപ്പ്. വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനമിറക്കില്ലെന്നാണ് എംവിഡി തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനം.