കർണാടക നിയമസഭയിൽ മലയാളത്തിളക്കം, സ്പീക്കറാകാൻ യു.ടി ഖാദര്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറാകാന്‍ മലയാളിയായ യു.ടി ഖാദര്‍. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നേരത്തെ ആര്‍.വി ദേശ്പാണ്ഡെ, എച്ച്.കെ പാട്ടീല്‍, ടി.ബി ജയചന്ദ്ര തുടങ്ങിയവരുടെ പേരുകളാണ് സ്പീക്കര്‍ സ്ഥാനത്തേക്ക്് കേട്ടിരുന്നത്. എന്നാല്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് മലയാളിയായ യു.ടി ഖാദര്‍ ഈ സ്ഥാനത്തേക്ക് വരുന്നത്. കാസര്‍കോട് ഉപ്പള പള്ളത്ത് കുടുംബാംഗമായ ഖാദര്‍ കഴിഞ്ഞ നിയമ സഭയില്‍ ഉപപ്രതിപക്ഷ നേതാവായിരുന്നു. ഇദ്ദേഹം സ്പീക്കര്‍ സ്ഥാനത്തെത്തിയാല്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാകും. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് ഖാദര്‍. ബി.ജെ.പി നേതാവ് സതീഷ് കുംപാലയെ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം സഭയിലെത്തിയത്. അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയിലെത്തുന്നത്. 2007-ലാണ് യു.ടി ഖാദര്‍ ആദ്യമായി കര്‍ണാടക നിയമസഭയിലെത്തിയത്.