ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ അനുമതി നല്കിയ എല്ലാ പദ്ധതികളും അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. മാത്രമല്ല ബിജെപി അധികാരത്തില്‍ തുടങ്ങിവച്ച എല്ലാ ചെറുതും വലുതുമായ പദ്ധതികള്‍ പരിശോധനക്ക് വിധേയമാക്കാന്‍ ഉത്തരവില്‍ പറയുന്നു. കോണ്‍ഗ്രസ് അധികാരമേറ്റെടുത്ത ശേഷം മുഖ്യമന്ത്രി എന്ന നിലയില്‍ സിദ്ധരാമയ്യ കൈക്കൊണ്ട നിര്‍ണായക തീരമാനമാണിത്. മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള തുടര്‍ നടപടികള്‍ ഉടനടി നിര്‍ത്തണമെന്നും നിലവില്‍ ആരംഭിക്കാത്ത പദ്ധതികള്‍ തുടങ്ങരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ബിജെപി സര്‍ക്കാര്‍ അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്ന് ജനങ്ങളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കോണ്‍ഗ്രസ് മന്ത്രിസഭാ തീരുമാനമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മാത്രമല്ല ചില പദ്ധതികളില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വര്‍ക്ക് പെര്‍മിറ്റുകള്‍ ഇല്ലാതെ ക്രമവിരുദ്ധമായി പണം നല്‍കിയതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബിജെപി അനുവദിച്ച പുതിയ പദ്ധതികളില്‍ സിംഹഭാഗവും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം ആസൂത്രണം ചെയ്തതാണെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും അടങ്ങിയ മന്ത്രിസഭ അധികാരമേറ്റത്. കഴിഞ്ഞ ദിവസം കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേക പൂജ നടത്തിയിരുന്നു. ഗോമൂത്രവും ഡെറ്റോളും തളിച്ച് വിധാന്‍ സഭയുടെ പരസരം ശുദ്ധീകരിക്കുകയും ചെയ്തു. ബിജെപിയുടെ കൊള്ളരുതായ്മകളില്‍ നിന്നും അഴിമതിയില്‍ നിന്നും നിയമസഭയെ ശുദ്ധീകരിക്കാനാണ് ഇതെല്ലാം ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.