തിരുവനന്തപുരം: കെ.എസ്.ഇ.ബി-യില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെകുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുന്നതുവരെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കാന്‍ കെ.എസ്.ഇ.ബി-യോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഊര്‍ജ്ജ വകുപ്പ് അഡി.ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിറക്കി. തൊഴിലാളി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്നാണ് ലഭിക്കുന്ന വിവരം. പദ്ധതി നടത്തിപ്പിന് സംസ്ഥാനത്തിന്റെ അധിക കടമെടുപ്പുമായി ബന്ധമുണ്ടോ, കരാര്‍ ലഭിക്കുന്ന കമ്പനി പദ്ധതിയുടെ ചെലവ് മുഴുവന്‍ വഹിക്കുകയും പിന്നീട് തിരിച്ച് ഈടാക്കുകയും ചെയ്യുന്ന ടോട്ടക്സ് മാതൃക നടപ്പാക്കണോ, പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്രസഹായം നഷ്ടപ്പെടുമോ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. ഇതിനുശേഷമായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുകയെന്ന് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
ആദ്യഘട്ടത്തില്‍ വിവിധ ജില്ലകളിലായി 37 ലക്ഷത്തോളം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം. ഇതിനായി കെ.എസ്.ഇ.ബി ടെന്‍ഡര്‍ ക്ഷണിക്കുകയും പദ്ധതിയുടെ ഇവാല്യുവേഷന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഊര്‍ജ്ജ വകുപ്പ് അഡി.ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വന്നതോടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കിയാല്‍ സര്‍ക്കാരിന്റെ വായ്പാപരിധി ഉയരുകയും അതുവഴി ബോര്‍ഡിന്റെ വരുമാനത്തില്‍ കാതലായ മാറ്റമുണ്ടാവുകയും ചെയ്യും. അതേസമയം ടോട്ടക്സ് മാതൃകയില്‍ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കുന്നതിലാണ് സംഘടനകളള്‍ എതിര്‍പ്പ് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടോട്ടക്‌സ് മാതൃക സ്വീകരിച്ചില്ലെങ്കില്‍ പദ്ധതി നടത്തിപ്പിന് 8000-ത്തോളം കോടി രൂപ കെ.എസ്.ഇ.ബി-ക്ക് കണ്ടെത്തേണ്ടിവരും. നിലവില്‍ ബോര്‍ഡിന് ഇത്രയും തുക സമാഹരിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. എന്നാല്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വൈദ്യുതി മേഖലയുടെ നവീകരണത്തിന് കെ.എസ്.ഇ.ബിക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സബ്‌സിഡി തിരിച്ചെടുക്കുമെന്നും അത് പദ്ധതി നടപ്പാക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചതായി ഉത്തതല ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുന്നതിലൂടെ നിരവധി ഗുണങ്ങളും അതിലേറെ ദോഷങ്ങളുമുണ്ട്. ജീവനക്കാര്‍ക്ക് ഓഫീസിലിരുന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനും അതിപോലെ വീട്ടിലെത്തി മീറ്റര്‍ റീഡിംഗ് ഇല്ലാതെ തന്നെ എത്ര വൈദ്യുതി ഉപയോഗിച്ചെന്ന് കണ്ടെത്തുകയും ചെയ്യാം. മറ്റൊന്ന് വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിനനുസരിച്ചു വ്യത്യസ്ത നിരക്ക് ഈടാക്കാനും ഇതിലൂടെ അമിത ഉപഭോഗം നിയന്ത്രിക്കാനും കഴിയും. പുറമേനിന്ന് അമിത നിരക്കില്‍ വൈദ്യുതി വാങ്ങുന്നതും അതിന്റെ പേരില്‍ സെസ് പിരിക്കുന്നതും ഒഴിവാക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. അതേസമയം പദ്ധതി നടപ്പിലാക്കി കഴിഞ്ഞാല്‍ 4000-ത്തോളം മീറ്റര്‍ റീഡര്‍മാരുടെ തസ്തിക ഇല്ലാതാകുമെന്ന് തൊഴിലാലി സംഘടനകള്‍ ഭയപ്പെടുന്നുണ്ട്. എന്തായാലും സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ ഏജന്‍സിയായ സി-ഡാക്കിനെ മറയാക്കി സ്മാര്‍ട്ട് മീറ്ററിലും ഉപകരാര്‍ നല്‍കി കോടികള്‍ തട്ടാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണവും ശക്തമാകുകയാണ്.