കൽപ്പറ്റയിൽ വീണ്ടും ഭക്ഷ്യവിഷബാധ; തിരുവനന്തപുരം സ്വദേശികളായ 13 പേർ ആശുപത്രിയിൽ

കൽപ്പറ്റ: വയനാട്ടിൽ ഭക്ഷ്യവിഷബാധ തുടർക്കഥയാകുന്നു. വയനാട്ടിലെ കൽപ്പറ്റയിൽ നിന്നാണ് ഒടുവിലായി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൽപ്പറ്റ  കൈനാട്ടിയിലെ ആശിർവാദ് ഉഡുപ്പി റസ്റ്റോറൻ്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച  തിരുവനന്തപുരത്തെ കോവളം സ്വദേശികളായ 13 പേരെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്  കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം ഭക്ഷ്യവിഷബാധ സംബന്ധിച്ച  പരാതിയുയർന്ന സാഹചര്യത്തിൽ കൈനാട്ടിയിലെ ആശിർവാദ് ഉഡുപ്പി റസ്റ്റോറൻ്റ് താൽക്കാലികമായി അടക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിലെയും ഭക്ഷ്യ സുരക്ഷാ വകുപ്പിലെയും മുട്ടിൽ പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ ഹോട്ടലിലും ആശുപത്രിയിലും എത്തി  തെളിവടുപ്പ്  നടത്തിയ ശേഷമാണ് ഹോട്ടൽ അടയ്ക്കാൻ നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസവും വയനാട്ടിൽ നിന്നും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശികളായ 22 പേർ ശാരീരിക അസ്വസ്ഥതകളോടെ ഇന്നലെ വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കൽപ്പറ്റയിൽ നിന്നും ഭക്ഷ്യവിഷബാധയുടെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവരുന്നത്.