എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വ‍ഴി തിങ്കളാ‍ഴ്ച മുതല്‍ പിഴ ഈടാക്കും. ഇപ്പോള്‍ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. ക‍ഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്. റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താൻ 675 ക്യാമറകളും അനധികൃത പാര്‍ക്കിങ് കണ്ടെത്താൻ 25 ക്യാമറകളുമുണ്ട്. 18 ക്യാമറകള്‍ ചുവപ്പ് സിഗ്നല്‍ തെറ്റിക്കുന്നതു മാത്രം പിടികൂടാനാണ്.

റോഡിലെ മുറിച്ചുകടക്കാൻ പാടില്ലാത്ത മുന്നറിയിപ്പു വരകള്‍ കടക്കുന്നത് ഇത്തരം ക്യാമറകളില്‍ കണ്ടെത്തുമെങ്കിലും തല്‍ക്കാലം പിഴയീടാക്കില്ല.റോഡില്‍ സ്ഥാപിച്ച 4 ക്യാമറകളും പ്രത്യേക വാഹനങ്ങളില്‍ സജ്ജീകരിച്ച 4 ക്യാമറകളും അമിതവേഗം കണ്ടുപിടിക്കാനുള്ളതാണ്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇതുവരെ 42,000 പേര്‍ക്ക് നോട്ടിസ് അയച്ചു.