ഇന്ന് ലോക പരിസ്ഥിതി ദിനം; വയനാട് തരിയോട് എസ്എഎൽപി സ്കൂളിലെ കാഴ്ചയാണിത്.

 

വയനാട് : പ്രകൃതിയോടിണങ്ങി പരിസ്ഥിതിയെ സ്നേഹിച്ച്‌ പഠിക്കുന്ന വയനാട് എസ്എഎൽപി സ്കൂൾ തരിയോടിലെ വിദ്യാർഥികളുടെ വിശേഷങ്ങളിലേക്കാണ് ..ദിവസവും വിദ്യാർഥികൾ തന്നെ അധ്യാപകരോട് പുറത്തിരുന്ന് പഠിച്ചാൽ മതിയെന്ന് പറയും. ഉച്ചയ്ക്ക് ശേഷം വിവിധ ഇടങ്ങളിലായിട്ടായിരിക്കും പഠിപ്പിക്കുക. കൂടെ പാട്ടും കഥകളും. നാൽപ്പത് ശതമാനം ഗോത്ര വിദ്യാർഥികൾ പഠിക്കുന്ന വയനാട് തരിയോട് എസ്എഎൽപി സ്കൂളിലെ കാഴ്ചയാണിത്.

സംസ്ഥാനത്തെ ആദ്യ ബാഗ് രഹിത വിദ്യാലയം കൂടിയാണിത്. കാടിനോടിണങ്ങി ജീവിക്കുന്ന ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് അടച്ചിട്ട ക്ലാസ് റൂമുകളിലെ പഠനം വിരസമായി തോന്നുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകർ സ്കൂൾ പരിസരത്ത് 5 ഗ്രീൻ ക്ലാസ് റൂമുകൾ ഒരുക്കിയത്. ഈ പഠന രീതിയിലൂടെ വർഷങ്ങളായി ഗോത്ര വിഭാഗങ്ങൾക്കിടയിലുള്ള കൊഴിഞ്ഞുപോക്ക് സ്കൂളിന് തടയാനായി. പ്രവർത്തി ദിനങ്ങളിൽ എല്ലാദിവസവും രാവിലെ 9.30ന് സ്കൂളിൽ നിന്നും വാട്ടർ ബെല്ലും മുഴങ്ങും. ഇത് കേട്ടാൽ ഉടൻ എല്ലാ വിദ്യാർത്ഥികളും ഭക്ഷണം കഴിക്കുന്ന പ്ലേറ്റിൽ വെള്ളമെടുത്ത് ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് പോകും. എല്ലാ ചെടികളും നനച്ച ശേഷമായിരിക്കും ക്ലാസ്സിൽ കയറുക. ഇതിലൂടെ ഔഷധ സസ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെ കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് അധ്യാപകർ പറയുന്നത്.