തിരുവനന്തപുരം: കേരള രാഷ്ടീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സോളാര്‍ കേസ് സാമ്പത്തിക സ്വാധീനത്തിലൂടെ അട്ടിമറിച്ചെന്ന മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ സി. ദിവാകരന്റെ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ദിവാകരന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജനെതിരെ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫും ആവശ്യപ്പെട്ടു. ജസ്റ്റീസ് ശിവരാജന്‍ അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരായി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു കഴിഞ്ഞ ദിവസം സി.ദിവാകരന്‍ വെളിപ്പെടുത്തിയത്. പണസ്വാധീനത്താല്‍ തെറ്റായ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് ശിവരാജന്റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതിനൊപ്പം ആരാണ് കൈക്കൂലി നല്‍കിയതെന്നും ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതിക്ക് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും ഇരുവരും പറഞ്ഞു.
ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിക്കും മറ്റ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ കേസെടുത്തത്. പത്തുകോടി രൂപ മുടക്കി ഒരു വ്യാജ ആരോപണം ഉയര്‍ത്തിക്കൊണ്ടു വരുകയും അതേക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനെ അഞ്ചു കോടി രൂപ മുടക്കി അട്ടിമറിക്കുകയും ചെയ്തായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ടു തവണ പിണറായി വിജയന്‍ അധികാരം പിടിച്ചെടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയാണ് സിപിഐ നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും കെ. സുധാകരന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നിരപരാധികളെ കുരിശിലേറ്റിയാണ് പിണറായി വിജയന്‍ രണ്ടു തവണ മുഖ്യമന്ത്രിയായത് എന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ അറിഞ്ഞതോടെ ഇനി പിണറായി വിജയന്‍ എങ്ങനെ ജനങ്ങളുടെ മുഖത്തുനോക്കുമെന്നും സുധാകരന്‍ ചോദിച്ചു.