രണ്ട് ദിവസം ഇനി സിനിമ കാണാനാവില്ല: തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും

കൊച്ചി :  സംസ്ഥാനത്ത് ജൂണ്‍ എഴ്, എട്ട് തിയതികളില്‍ തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് സിനിമ സംഘടനകള്‍. സിനിമകൾ തിയേറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപ് ഒടിടിയിൽ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് തിയേറ്ററുകള്‍ അടച്ചിട്ടുള്ള സമരത്തിലേക്ക് സംഘടനകള്‍ നീങ്ങിയത്. ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ, മൾട്ടിപ്ലസ് പ്രതിനിധികൾ തുടങ്ങിയവർ വിഷയം ചർച്ചചെയ്യാനായി ഇന്ന് കൊച്ചിയില്‍ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് തിയേറ്റർ അടച്ചിട്ട് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

ഏഴ്, എട്ട് തിയതികളിലെ സമരം സൂചന മാത്രമായിരിക്കുമെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ രീതിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന നിലപാടിലേക്കും സിനിമ സംഘടനകള്‍ എത്തിയെന്നാണ് സൂചന. ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. എന്നാല്‍ പല ഒടിടി അധികൃതരും ഈ നിബന്ധ അംഗീകരിക്കുന്നില്ലെന്നാണ് സംഘടനകള്‍ പരാതിപ്പെടുന്നത്.

ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ തന്നെ ഒടിടിയില്‍ പ്രദർശനത്തിന് എത്തിയിരുന്നു. അതേസമയം മുന്‍കൂട്ടി ധാരണപത്രം ഒപ്പുവെച്ച ചിത്രങ്ങള്‍ക്ക് ഇളവ് അനുവദിക്കുമെന്നും സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.