“ബി.ജെ.പി രാഷ്ട്രീയം മടുത്തു; ഇനി സി.പി.എമ്മിലേക്ക്”- ഭീമൻ രഘു

തിരുവനന്തപുരം: അവസരവാദ രാഷ്ട്രീയത്തിന്റെ മറ്റൊരു കാലുമാറ്റ വാര്‍ത്ത കൂടി കേരളത്തില്‍ ചര്‍ച്ചയാവുകയാണ്. സംവിധായകന്‍ രാജസേനന് പിന്നാലെ നടനും നിര്‍മ്മാതാവുമായ ഭീമന്‍ രഘുവും സി.പി.എമ്മിലേക്ക് ചേക്കേറുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗണേശ് കുമാറിനെതിരെയും ജഗദീഷിനെതിരെയും പത്തനാപുരത്ത് നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു മറ്റ് ഉപാധികളൊന്നുമില്ലാതെയാണ് സി.പി.എമ്മലേക്ക് പോകുന്നതെന്നാണ് സ്വയം അവകാശപ്പെടുന്നത്. ബി.ജെ.പി രാഷ്ട്രീയം മടുത്ത ഭീമന്‍ രഘു കുറച്ചു നാളുകള്‍ക്ക് മുമ്പുതന്നെ പാര്‍ട്ടി വിടുന്നതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഇനി ബി.ജെ.പി-യ്ക്ക് വേണ്ടി മത്സരിക്കില്ലെന്നും ബി.ജെ.പി രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ സി.പി.എം പ്രവേശനത്തെ കുറിച്ച് നേരില്‍ കണ്ട് സംസാരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ലെന്ന വിമര്‍ശനവും ഭീമന്‍ രഘു മാധ്യമങ്ങളോട് പങ്കുവച്ചു.

‘മനസുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തില്‍ നിന്നുണ്ടായെന്നും തിരഞ്ഞെടുപ്പ് സമയത്ത് ഒത്തിരി പ്രയാസങ്ങളിലൂടൊണ് കടന്നുപോയതെന്നും ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ഭീമന്‍ രഘു പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം ഏറെ ഇഷ്പ്പെടുന്ന ഒരാളായതു കൊണ്ടാണ് ഈ മേഖലയിലേയ്ക്ക് കടന്നുവന്നതെന്നും എന്നാല്‍ പ്രതീക്ഷിച്ചതല്ല ബി.ജെ.പി-യില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ ഏറ്റുപറച്ചില്‍. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ഭീമന്‍ രഘു പുകഴ്ത്തുകയും ചെയ്തു. തനിയ്ക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എല്ലായ്‌പ്പോഴും പ്രശംസിച്ചിട്ടുണ്ടെന്നും ഭീമന്‍ രഘു വിശദമാക്കി. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് പിണറായി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അതിനാല്‍ തന്നെ ആ രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്നും ഭീമന്‍ രഘു നിലപാട് വ്യക്തമാക്കി.