എന്തുവന്നാലും ഐക്യത്തിന്റെ പാതയിലല്ല, കോണ്‍ഗ്രസ് നേതാക്കള്‍

 

തിരുവനന്തപുരം :  പൊട്ടിത്തെറിയുടെ വക്കിലാണ് സംസ്ഥാന കോണ്‍ഗ്രസ്. എന്തുവന്നാലും നിലവിലെ നേതൃനിരയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും ഐക്യപ്പെടാനാവില്ലെന്ന സന്ദേശമാണ് നേതാക്കള്‍ നല്‍കുന്നത്.
പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ചുള്ള ശില്‍പ്പശാലയിലേക്ക് സുധാകരൻ നേരിട്ടെത്തി ക്ഷണിച്ചിട്ടും ചെന്നിത്തലയും ഹസനും അത് നിരാകരിച്ചു. ഇതോടെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുന:സംഘടനയെ ചൊല്ലി എ, ഐ ഗ്രൂപ്പുകളിലെ മുൻനിരനേതാക്കള്‍ സംയുക്തമായി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുമെന്നുറപ്പായതോടെ കോണ്‍ഗ്രസിലെ കലാപ അന്തരീക്ഷം മുറുകി.

കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ നടത്തിയ അനുനയനീക്കങ്ങള്‍ അമ്ബേ പരാജയപ്പെട്ടു. ഗ്രൂപ്പ് നേതാക്കളുടെ ലക്ഷ്യം താനാണെന്ന് തിരിച്ചറിഞ്ഞ സതീശൻ കൊച്ചിയില്‍ നേതാക്കള്‍ക്കെതിരേ പരസ്യ പ്രതികരണം നടത്തി. തനിക്കെതിരായ വിജിലൻസ് കേസില്‍, കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അ‌ര്‍ത്ഥഗര്‍ഭമായി പറഞ്ഞുവച്ചു. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തിരുവനന്തപുരത്ത് സംയുക്ത യോഗം ചേര്‍ന്നതുള്‍പ്പെടെ ഗ്രൂപ്പുകളുടെ നീക്കത്തില്‍ അസംതൃപ്തി പരസ്യമാക്കിയ സതീശൻ, നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു.

പുതിയ ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കുള്ള ദ്വിദിന ശില്പശാലയ്ക്ക് തിങ്കളാഴ്ച എറണാകുളത്ത് തുടക്കം കുറിക്കാനിരിക്കെ, പരിപാടിയിലേക്ക് രമേശ് ചെന്നിത്തലയെയും എം.എം. ഹസനെയും സുധാകരൻ ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും ഇരുവരും ക്ഷണം നിരാകരിച്ചു.
ഗ്രൂപ്പുകളുടെ പ്രതിനിധികളായെത്തിയ ബ്ലോക്ക് പ്രസിഡന്റുമാരെല്ലാവരും ശില്പശാലയില്‍ പങ്കെടുക്കുമെന്നാണ് സൂചന. തെക്ക്, വടക്ക് മേഖലകളിലെ ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കായി തിങ്കള്‍ മുതല്‍ നാല് ദിവസങ്ങളിലായി എറണാകുളത്തും കോഴിക്കോട്ടുമാണ് ശില്പശാല. ഇതില്‍ പങ്കെടുക്കാനായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അൻവര്‍ എത്തുന്നുണ്ട്.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ അൻവര്‍ കാണുന്നുണ്ടെങ്കിലും ഫലം അനുകൂലമായേക്കില്ല. പുന:സംഘടനാ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച്‌ പരസ്യമായി രംഗത്തെത്തിയ താരിഖ് അൻവറുമായി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ പറയുന്നത്.

സുധാകരനും സതീശനുമെതിരേ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ നേതാക്കള്‍ ഡല്‍ഹിയിലെത്തി കാണും. ഖാര്‍ഗേ ഇപ്പോള്‍ ഡല്‍ഹിയിലില്ല. ഡല്‍ഹിയിലെത്തിയാലുടൻ നേതാക്കള്‍ ഡല്‍ഹിയിലെത്തി പരാതി ഉന്നയിക്കും.

ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിന് മുമ്ബ് മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്താൻ കെ.പി.സി.സി പ്രസിഡന്റ് തയാറായിരുന്നെങ്കിലും തടയിട്ടത് പ്രതിപക്ഷനേതാവിന്റെ പിടിവാശിയാണെന്നാണവരുടെ പരാതി. ഗ്രൂപ്പുകളുടെ പ്രസക്തിയില്ലാതാക്കി മേല്‍ക്കോയ്മയുറപ്പിക്കാനുള്ള നീക്കമാണിതെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ സംശയം.

തിരുവനന്തപുരത്ത് നടന്നതു പോലെ എല്ലാ ജില്ലകളിലും സംയുക്ത ഗ്രൂപ്പ് യോഗങ്ങള്‍ വിളിക്കാനാണ് നീക്കം. ഇതോടെ കോണ്‍ഗ്രസിലെ പുകച്ചില്‍ പൊട്ടിത്തെറിയായി മാറുമെന്ന് ഉറപ്പാണ്.