പാലക്കാട്: വ്യാജ രേഖ കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ പിടികൂടാൻ കഴിയാതെ പോലീസ്. വിദ്യയുടെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നാണ് പോലീസ് പറയുന്നത്. അതേസമയം, വിദ്യയുടെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. അഗളി സി.ഐ സലീമിൻ്റെ നേതൃത്വത്തിൽ അട്ടപ്പാടി കോളേജിലും പരിശോധന നടക്കുകയാണ്. മഹാരാജാസ് പ്രിൻസിപ്പളിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. വിദ്യക്ക് അട്ടപ്പാടിയിൽ ആരുടെയെങ്കിലും സഹായം കിട്ടിയോയെന്ന് പോലീസ് പരിശോധിക്കും. അഗളി ഡിവൈഎസ്പി ഇതിനായി ഇന്ന് എറണാകുളത്തെത്തും. വിദ്യയുടെ കാലടി സർവകലാശാലയിലെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ടുയർന്ന ആരോപണം പരിശോധിക്കുന്ന സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് ഓൺലൈനായി യോഗം ചേർന്ന് പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചേക്കും. ഒളിവിലുള്ള വിദ്യയെ പിടികൂടാൻ ഇതുവരെ പോലീസിനായിട്ടില്ല.