സർക്കാർ പറയുന്നു . ഇവിടെ നന്ദിനി പാൽ വിറ്റോ…പക്ഷേ വില കൂട്ടി വിറ്റോണം

 

 

 

സർക്കാർ പറയുന്നു … ഇവിടെ നന്ദിനി പാൽ വിറ്റോ…പക്ഷേ വില കൂട്ടി വിറ്റോണം. ഇതാണ് കർണ്ണാടക സർക്കാരിൻ്റെ കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന് നമ്മുടെ കേരള സർക്കാർ നൽകിയ താക്കീത് . ഇവിടെ 21 രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ച നന്ദിനി പാൽ ഇനി 29 രുപയ്ക്ക് വാങ്ങി ഉപയോഗിച്ചോണം. മിൽമ യെക്കാൾ 7 രൂപ കുറവിലായിരുന്നു നന്ദിനി മിൽക്ക് വിറ്റുകൊണ്ടിരുന്നത്. അത് ഈ കേരളത്തിൽ വേണ്ട. നമ്മൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങിക്കാൻ അത്രയ്ക്ക് തരംതാഴ്ന്നവരല്ല. അതിപ്പോൾ എന്ത് ഉത്പന്നമായാലും മദ്യം, പാൽ, ഇലക്ട്രിസിറ്റി തുടങ്ങിയവയൊന്നും ഇവിടെ വിലകുറച്ച് തന്ന് മലയാളിയെ അപമാനിക്കരുത് എന്നതാണ് നമ്മുടെ ജനകീയ സർക്കാരിൻ്റെ മുദ്രാവാക്യം. ഞങ്ങൾ അത്യാവശ്യം നല്ല നിലവാരത്തിൽ കഴിയുന്നവരാ. മുടിഞ്ഞ നികുതി കൊടുത്ത് ശീലിച്ചവരാ. അതുകൊണ്ട് വിലകുറഞ്ഞ പാലുമായി ഒരുത്തനും ഇവിടെ വരാൻ നിൽക്കരുത്. കഷ്ടം, കേരളത്തിലെ ജനങ്ങൾ ഇത്രക്ക് വലിയ പാപം എന്താണ് ചെയ്തത്,, കുറഞ്ഞ വിലയ്ക്ക് ഒരു സാധനവും ഇവിടുത്തെ ജനത്തിന് കിട്ടരുത് എന്നാണോ നമ്മുടെ സർക്കാരിൻ്റെ ചിന്ത എന്ന് തോന്നിപ്പോകും വിധമാണ് ഇപ്പോൾ നമ്മുടെ സർക്കാരിൻ്റെ ഓരോ പ്രവർത്തനങ്ങളും. കേരള സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചതോടെ കേരളത്തില്‍ വില്‍ക്കുന്ന നന്ദിനി പാലിന്റെ വില ഉയര്‍ത്തിയിരിക്കുകയാണ് കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍. കര്‍ണാടകയില്‍ 500 മില്ലിലീറ്റര്‍ നന്ദിനി പാലിന് 21 രൂപയാണു വില ഈടാക്കുന്നത്. ഈ വിലയിൽ തന്നെ കേരളത്തിലും പാൽ എത്തിക്കാനായിരുന്നു നീക്കം. ഈ പാല്‍ കേരളത്തില്‍ വില്‍ക്കുന്നതിനെ സര്‍ക്കാരും മില്‍മയും എതിര്‍പ്പ് അറിയിച്ചിരുന്നു. വില കുറച്ചു വിൽക്കുന്നത് കൊണ്ട് ആയിരുന്നു ഈ എതിർപ്പ്. തുടര്‍ന്ന് കര്‍ണാടകത്തില്‍ 21 രൂപയ്ക്ക് വില്‍ക്കുന്ന പാലിന് കേരളത്തില്‍ 29 രൂപ ഈടാക്കാൻ നന്ദിനി തീരുമാനിക്കുകയായിരുന്നു. പാല്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ക്ക് വില കുറവാണെന്നു നന്ദിനി അധികൃതര്‍ പറയുന്നു. പാല്‍, ഐസ്‌ക്രീം, പനീര്‍, ചീസ്, ചോക്കലേറ്റ്, കുക്കീസ് തുടങ്ങി 600 ലേറെ ഉല്‍പന്നങ്ങളാണു നന്ദിനി കേരളത്തില്‍ വില്‍ക്കുന്നത്. നന്ദിനി’ കേരളത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് കര്‍ണാടക അറിയിച്ചിരിക്കുന്നത്. പാലിന് വില കൂട്ടി നന്ദിനി കേരളത്തിൽ മുന്നോട്ട് പോകുന്നതിന് ഇവിടുത്തെ സർക്കാരിന് യാതൊരു എതിർപ്പുമില്ല. പക്ഷേ, പാലിന് വില കുറയ്ക്കരുതെന്ന് മാത്രം. അവനവൻ ഇരിക്കേണ്ട സ്ഥലത്തും സമയത്തും ഇരുന്നില്ലെങ്കിൽ അവിടെ മറ്റുള്ളവർ കേറി ഇരിക്കും. ഇടിച്ചു ഇടിച്ചു കേറുന്നവർക്കേ പിടിച്ചു പിടിച്ചു കേറാൻ വള്ളി കിട്ടുകയുള്ളൂ. മിൽമയും നന്ദിനിയും തമ്മിലുള്ള യുദ്ധം കാണുമ്പോൾ മിൽമയോട് പറയാൻ തോന്നുന്ന കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്. ക്ഷീരവികസന വകുപ്പിന്റെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു പാൽ സൊസൈറ്റി മാത്രമാണ് മിൽമ എന്നത് മനസിലാക്കാതെ ഭരണ വകുപ്പിനെക്കാൾ വലുതാണെന്നു വരുത്തിതീർക്കാനാണു മിൽമയുടെ ഭരണ സമിതി അധികാരത്തിൽ കേറിയ കാലം തൊട്ടു ശ്രമിച്ചു വരുന്നത്. ഈ ഭരണ സമിതി അംഗങ്ങളിൽ എത്ര പേർക്ക് യഥാർത്ഥത്തിൽ പശുവും പാലും ഉണ്ട് എന്നത് കണ്ടുതന്നെ അറിയണം.. സ്വന്തം മാർക്കറ്റ് നഷ്ടമാകതിരിക്കുവാനും, വിപുലപ്പെടുത്തുവാനും മിൽമയുടെ ഭരണ സമിതി ശ്രമിച്ചതേ ഇല്ല. അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രിയിലും കൂടപ്പിടിക്കും എന്ന അഹങ്കാരമായിരുന്നു. ഫലമോ,മിൽക്കി മിസ്റ്റ്, നന്ദിനി തുടങ്ങിയ ബ്രാന്റുകൾ മിൽമയുടെ മാർക്കറ്റ് പിടിച്ചെടുത്തു. കഴിഞ്ഞ 6 മാസത്തിനുള്ളിൽ നന്ദിനി 5 ഔട്ട്‌ലെറ്റുകളാണ് കേരളത്തിൽ തുടങ്ങിയത്. ഇതൊക്കെ നടക്കുമ്പോൾ മിൽമയുടെ ഭരണ സമിതി എവിടെ ആയിയിരുന്നു?. ഉറങ്ങുകയായിരുന്നോ?
നന്ദിനി പാൽ ഇവിടെ സുലഭമായാൽ ഉപഭോക്താക്കൾ നന്ദിനിയുടെ പിറകെ പോകുമെന്നും മിൽമ തകരുമെന്നുമാണ് മിൽമ പറയുന്നത്. എന്നുവെച്ചാൽ മിൽമ ഒരു നീർക്കുമിള പോലെ ബലഹീനമാണെന്ന് മിൽമ തന്നെ സമ്മതിക്കുന്നു. കഷ്ടം. വിശേഷ അവസരങ്ങളിലും, പാലിന് ക്ഷമമുള്ളപ്പോഴും കർണാടക മിൽക്ക് ഫെഡറേഷനിൽ നിന്നും പാൽ വാങ്ങുന്നതിനു മിൽമയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. കേരളത്തിലെ ക്ഷീരകർഷകന്റെ പാലിന് ക്വാട്ട ഏർപ്പെടുത്തുന്നത് മിൽമയ്ക്ക് പാൽ വിൽക്കാൻ മാർഗ്ഗമില്ല എന്ന് പറഞ്ഞിട്ടാണ്. അല്ലാതെ നന്ദിനിയോ മറ്റേതെങ്കിലും ബ്രാന്റോ ഇവിടെ ഉള്ളതുകൊണ്ടല്ല. പിന്നെ എന്തിന് നന്ദിനിയോട് ഗുസ്തിപിടിക്കാൻ പോകണം?.
മിൽമപ്പലാണ് ഇന്ത്യയിലെ ഏറ്റവും സൂപ്പർ പാൽ എന്ന് മിൽമ ചെയർമാൻ പറയുന്നു. അങ്ങനെ എങ്കിൽ കർണാടകയിൽ മിൽമയുടെ ഔട്ട്ലെറ്റ് തുടങ്ങി നന്ദിനിയേക്കാൾ വിലക്കുറവിൽ മിൽമ പാൽ അവിടെ വിറ്റുകൂടെ.
കേരളത്തിലെ പാൽ ഉപഭോക്താക്കളേക്കൊണ്ട്” ഞങ്ങൾക്ക് മിൽമപ്പാൽ മാത്രം മതി “എന്ന് പറയിപ്പി ക്കുവാൻ മിൽമയ്ക്ക് കഴിയാത്തത് എന്തുകൊണ്ട്?.നന്ദിനിയുടെ പുറകെ പോകുന്ന സമയംകൊണ്ട് ഇതു ചെയ്യൂ .
മിൽമ ക്ഷീരകർഷകന്റെ പ്രസ്ഥാനമാണെങ്കിൽ മിൽമ ഇന്ന് നടത്തിവരുന്ന ശാസ്ത്രീയ ചൂഷണങ്ങൾ മുഴുവനും വേണ്ടെന്നു വെച്ചുകൊണ്ട് ക്ഷീര സംഘങ്ങൾക്കും ക്ഷീര കർഷകർക്കും വിലകൂട്ടി കൊടുക്കണം. കേരളത്തിലെ ക്ഷീര കർഷകന്റെ പാൽ മാത്രമേ ഇവിടുത്തെ പാൽ ഉപഭോക്താക്കൾക്ക് കൊടുക്കുകയുള്ളൂ എന്ന് തീരുമാനിക്കണം.
കർണാടകയിലെ നന്ദിനി പാലുല്പന്നങ്ങൾ വിൽപനക്കായി കേരളത്തിൽ ഔട്ലെറ്റുകൾ തുടങ്ങിയതാണ് മിൽമയെ പ്രകോപിച്ചത്. കർണാടകയിലെ തിരഞ്ഞെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് നന്ദിനി പാലുല്പന്നങ്ങൾ കേരളത്തിൽ വിൽക്കുന്നത് വർധിപ്പിച്ചത്.കൊച്ചി, മഞ്ചേരി, തിരൂർ എന്നീ സ്ഥലങ്ങളിലെല്ലാം പുതിയ ഔട്ലെറ്റുകൾ തുറന്നിട്ടുണ്ട്. രാജ്യത്തെ പ്രധാന പാൽ ഭീമന്മാരായ അമുലും രണ്ടാം സ്ഥാനത്തുള്ള നന്ദിനിയും തമ്മിലുള്ള മത്സരം കർ ണാടകയ്ക്ക് പുറത്തേക്കും ഇപ്പോൾ വ്യാപിച്ചിരിക്കുകയാണ്. മത്സരം വരട്ടെ, എന്നാലേ സാധനങ്ങളിൽ മാറ്റവും നന്മയും ഉണ്ടാവുകയുള്ളൂ. നന്മയാണല്ലോ മിൽമയെ ഉദ്ദേശിക്കുന്നത്. കേരളത്തിൽ പാൽ ഉത്പാദനം കുറയുന്ന സമയങ്ങളിൽ കർണ്ണാടകയിലെ നന്ദിനിയിൽ നിന്നാണ് 2 ലക്ഷം ലിറ്റർ പാൽ കേരളം വാങ്ങാറുള്ളതെന്ന് ഓർക്കണം.
പ്രശ്‌നങ്ങള്‍ മില്‍മയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും ഓണമടക്കമുള്ള ഉത്സവ സീസണുകളില്‍ കേരളത്തിന് ആവശ്യമായ പാല്‍ നല്‍കുന്നത് തുടരുമെന്നും കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ കൂടുതല്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും നന്ദിനി ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ 6 ഔട്ലറ്റുകളാണ് നന്ദിനിക്ക് ഇപ്പോള്‍ ഉള്ളത്. മൂന്ന് ഔട്ലെറ്റുകള്‍ കൂടി ഉടന്‍ ആരംഭിക്കും. എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂര്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് ഇനി തുടങ്ങുക. കേരളത്തിലെ പാല്‍ വിപണി വാഴുന്ന ‘മില്‍മ’യുടെ ഉടമകളായ കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് കര്‍ണാടകയില്‍ നിന്നുള്ള ‘നന്ദിനി’ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നത്. എന്തായാലും കൊള്ളാം …ഇവിടെ പുതുതായി ഒന്നും തുടങ്ങാൻ അനുവധിക്കില്ല . ഉള്ളതിന് തീപിടിച്ച വിലയും. ഇനി വിലക്കുറഞ്ഞത് വാങ്ങാമെന്നു വച്ചാൽ അതും ഇവിടെ ആരും സമ്മതിക്കില്ല . അങ്ങനെ ഒരു നാടായി കേരളം മാറി. കേരളത്തിലെ ജനങ്ങൾക്ക്‌ ഒന്നിനും ഒരു കുറവും വരാതെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് വാക്ക് തരുന്നു. എന്തിനെങ്കിലും കുറവുണ്ടെങ്കിൽ പറഞ്ഞാൽ മാത്രം മതി കൂട്ടിക്കൊള്ളാം. എന്ത് നല്ല സർക്കാർ. നന്ദിനി പാലിന്റെ വില വർദ്ധിപ്പിക്കാൻ കർണ്ണാടകയിൽ സമ്മർദ്ധം ചെലുത്തിയ നമ്മുടെ സർക്കാരിന്…… നല്ല നടുവിരൽ നമസ്ക്കാരം