കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ ടിക്കറ്റിൽ ക്രമക്കേട് വരുത്തിയതിൽ പിരിച്ചു വിട്ടു. കണ്ടക്ടർ എസ് ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എടുത്തത് . കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഈ മാസം 27,813 ബസ്സുകളിലാണ് പരിശോധന നടത്തിയത് . 131 ക്രമക്കേട് കണ്ടെത്തി. ജൂൺ മാസം 1 മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായാണ് വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. ജൂൺ 13 ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെഎസ് 153 കണിയാപുരം – കിഴക്കേക്കോട്ട എന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത 2 യാത്രക്കാക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിനാണ് കണ്ടക്ടർ എസ് ബിജുവിനെ പിരിച്ചുവിട്ടത്. ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പൊതുപണം അപഹരിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു.