അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുത്, സുപ്രീം കോടതിയില്‍ ഹര്‍ജി

അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാൻ സര്‍ക്കാരുകള്‍ക്ക് നി‌ര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശമാണ്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്.അതുകൊണ്ട് ഇനിയും മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകൻ ദീപക് പ്രകാശ് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അരിക്കൊമ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ നിര്‍ദേശിക്കണമെന്നും നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ റിപ്പോര്‍ട്ട് സര്‍ക്കാരുകളോട് തേടണമെന്നും ഹര്‍ജിയില്‍ പറയുന്നു.