പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ പനി ബാധിതരെകൊണ്ട് നിറയുന്നു. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ ദുരവസ്ഥയ്ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. എന്നാൽ സൗകര്യം പരിമിതമാണെങ്കിലും പനി ബാധിതരുടെ കിടത്തി ചികിത്സ തുടങ്ങിയെന്നാണ് മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. എന്നാൽ കോന്നി മെഡിക്കൽ കോളേജിൽ ആകെയുള്ളത് മുന്നൂറ് കിടക്കകളാണ്. വിവിധ ചികിത്സാ വിഭാഗങ്ങളും കുട്ടികളുടെ ഹോസ്റ്റലും മാറ്റിനിർത്തിയാൽ, 60 കിടക്കകൾ പനി ബാധിതർക്കായി മാറ്റിവെച്ചിട്ടുണ്ട്. ബ്ലഡ് ബാങ്ക് സൗകര്യം ഇല്ലാത്തതിനാൽ ഡെങ്കി ബാധിതരുടെ ചികിത്സ ഫലപ്രദമല്ല. പരിമിതികളിലും പരമാവധി ചികിത്സ പനി ബാധിതർക്ക് നൽകുന്നുണ്ടെന്നാണ് സൂപ്രണ്ടിന്‍റെ വിശദീകരണം. എന്നാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സൗകര്യം പോലും കോന്ന മെഡിക്കൽ കോളേജിൽ ഇല്ലെന്ന് കോൺഗ്രസ് പരിഹസിക്കുന്നു. രോഗികളുടെ കൂട്ടിരുപ്പുകാർ തന്നെ ചിത്രീകരിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. പനി ബാധിതർക്ക് ജനറൽ ആശുപത്രിയിൽ പരമാവധി ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം. കോന്നി മെഡിക്കൽ കോളേജിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പാണെന്നും ഡിഎംഒ പറഞ്ഞു. ഒരു മാസത്തിനിടെ പനി ബാധിച്ച് ആറ് പേരാണ് ജില്ലയിൽ മരിച്ചത്