വയനാട് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ചെതലത്ത് റെയ്ഞ്ചിലെ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന കോളറാട്ടുകുന്നിലെ പൈക്കമൂല കോളനിവാസികള്‍ക്ക് കന്നുകാലി വളര്‍ത്തല്‍

വയനാട്:   പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ചെതലത്ത് റെയ്ഞ്ചിലെ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന കോളറാട്ടുകുന്നിലെ പൈക്കമൂല കോളനിവാസികള്‍ക്ക് കന്നുകാലി വളര്‍ത്തല്‍ ദിനചര്യയുടെ ഭാഗം. കാടുകള്‍ കരിഞ്ഞുണങ്ങിയതോടെ പ്രതിസന്ധിയിലായ കന്നുകാലി വളര്‍ത്തല്‍, വനമേഖലകള്‍ പച്ചപ്പണിഞ്ഞതോടെ വീണ്ടും സജീവമായിരിക്കുകയാണ്.

ഇരുനൂറോളം പശുക്കളുള്ള കോളനിയില്‍ രാവിലെത്തെ പ്രധാനകാഴ്ച പുല്‍മേടുകള്‍ നിറഞ്ഞ ഇവിടുത്തെ വനപാതകള്‍ക്കിരുവശവും കന്നുകാലികള്‍ മേയുന്നതാണ്. അതേസമയം, കന്നുകാലി വളര്‍ത്തല്‍ കോളറാട്ടുകുന്നിലെ പൈക്കമൂല കോളനിവാസികള്‍ക്ക് വരുമാനമാര്‍ഗമൊന്നുമല്ല, മറിച്ച് പാരമ്പര്യമായി ലഭിച്ചവ അവര്‍ സംരക്ഷിച്ചുപോരുന്നുവെന്ന് മാത്രം.പശുക്കള്‍ക്കൊപ്പം തന്നെ നൂറിലേറെ ആടുകളും ഇവിടെയുണ്ട്. രാവിലെ പതിനൊന്ന് മണിയോടെ ആടുകളെയും പശുക്കളും തെളിച്ച് അവര്‍ വനത്തിലെത്തും. പുല്‍മേടുകളില്‍ മേയാന്‍ വിട്ടാല്‍ വൈകിട്ട് ആറ് മണി കഴിയുമ്പോഴാണ് തിരികെ കോളനിയിലേക്ക് മടക്കികൊണ്ടുവരാറുള്ളത്.രണ്ട് മാസം മുമ്പ് വരെ കന്നുകാലികളെ പരിപാലിക്കുക ഏറെ ദുഷ്‌ക്കരമായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. കാടുകള്‍ കരിഞ്ഞുണങ്ങിയതോടെ പച്ചപ്പുല്ല് കിട്ടാക്കനിയായി. എന്നാല്‍ ദിവസങ്ങളോളം മഴ ലഭിച്ചതോടെ സ്ഥിതി മാറി. വനമേഖലകള്‍ ഓരേ പോലെ പച്ചപ്പണിഞ്ഞതോടെ കന്നുകാലികളുടെ തീറ്റപ്രശ്നത്തിന് പരിഹാരമായെന്നും അവര്‍ വ്യക്തമാക്കുന്നു. വയനാട്ടില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിരവധി പേര്‍ ഫാമുകളടക്കം സ്ഥാപിച്ചുകൊണ്ട് പശുക്കളെ വളര്‍ത്താറുണ്ടെങ്കിലും യാതൊരു വരുമാനവും പ്രതീക്ഷിക്കാതെയാണ് ഇത്രയേറെ പശുക്കളെ പൈക്കമൂല കോളനിവാസികള്‍ വളര്‍ത്തിവരുന്നത്. ഏഴുപതോളം പശുക്കളുള്ള പൈക്കമൂലകോളനിയിലെ ദീപേഷ് എന്ന കര്‍ഷകര്‍ പാല്‍ വില്‍പ്പന നടത്താറില്ല. ചാണകം മാത്രമാണ് കാര്‍ഷികാവശ്യങ്ങള്‍ക്കായി നല്‍കിവരുന്നത്. കോളനിയിലെ നിര്‍മ്മലക്കും ലീലക്കും മുപ്പതിലേറെ പശുക്കളുണ്ട്. ഇവരുടെ അവസ്ഥയും സമാനമാണ്. അതേസമയം, ഇവിടുത്തെ കര്‍ഷകരെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം അതിരൂക്ഷമായ വന്യമൃഗശല്യമാണ്. മേയാന്‍ വിടുന്ന ആടുമാടുകളെ നഷ്ടപ്പെട്ട സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്.