ശബരിമല വിമാന താവള പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിഘാത അന്തിമ റിപ്പോർട്ട് പ്രസദ്ധീകരിച്ചു.

പത്തനംതിട്ട : കോട്ടയം എരുമേലി ശബരിമല വിമാനത്താവളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യഘാത അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കുമ്പോൾ ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട 1,039.8 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. എരുമേലി മണിമല എന്നീ പ്രദേശങ്ങൾ കൂടാതെ ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് ചെറുവള്ളി എസ്റ്റേറ്റിൽ നിന്നാണ്. ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ഭൂരിഭാഗം സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നതുകൊണ്ടാണ് നഷ്ടപരിഹാരവും പുനരുധിവാസം ഉൾപ്പെടെ അവിടുത്തെ താമസക്കാർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നത്. ശബരിമല വിമാനത്താവള പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് താമസിക്കുന്ന 362 കുടുംബങ്ങളെയും ചെറുവള്ളി എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങൾ ഉൾപ്പെടെ മൊത്തം 579 കുടുംബങ്ങളെ പദ്ധതി ബാധിക്കും. പദ്ധതി പരോക്ഷമായി ബാധിക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നൽകണമെന്നും,
പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കുന്ന പ്രദേശത്തെ ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കാനും അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കാനും നടപടികള്‍ കൈക്കൊള്ളേണ്ടതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പദ്ധതി പ്രധാനമായി ബാധിക്കുന്നത് 149 വാര്‍ക്ക കെട്ടിടങ്ങളെയും, 74 ഷീറ്റിട്ട കെട്ടിടങ്ങളെയും 30 ഓടിട്ട കെട്ടിടങ്ങളെയും പൂര്‍ണ്ണമായും ബാധിക്കുമെന്നും. 6 വാര്‍ക്ക കെട്ടിടങ്ങളെയും, ഒരു ഷീറ്റിട്ട കെട്ടിടത്തെയും, ഒരു ഓടിട്ട കെട്ടിടത്തെയും ഭാഗികമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായിട്ടാണ് കേരള സർക്കാർ ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതി നിർദ്ദേശിച്ചിട്ടുള്ളത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഏഴംഗ സംഘം നടത്തിയ സാമൂഹ്യ ആഘാത പഠനത്തിൻ്റെ അന്തിമ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം, പദ്ധതി ബാധിക്കുന്ന ആളുകൾ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് സാമൂഹ്യ ആഘാത പഠനം നടത്തിയത്.